സര്‍ക്കാറില്‍ നിന്ന് മതത്തെ മാറ്റിനിര്‍ത്താത്തിടത്തോളം മതേതരത്വം സംരക്ഷിക്കാനാകില്ല: യെച്ചൂരി

Posted on: October 18, 2020 9:37 am | Last updated: October 18, 2020 at 2:00 pm

തിരുവനന്തപുരം |  രാജ്യത്തിന്റെ മതനിരപേക്ഷ ശരിയായ രീതിയില്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്നും സര്‍ക്കാറില്‍ നിന്നും മതത്തെ മാറ്റിനിര്‍ത്തണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഒരു രാജ്യത്തിനും സര്‍ക്കാറിനും പ്രത്യേകിച്ച് ഒരു മതവുമില്ല. പൗരാവകാശമാണ് ആ സര്‍ക്കാറിന്റെ മതം. ഓരോ പൗരന്റെയും മതത്തെ സംബന്ധിച്ച അവരുടെ അവകാശങ്ങള്‍, വിശ്വാസങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവയും സംരക്ഷിക്കപ്പെണമെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തില്‍ നടത്തിയ പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂകി.

ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റുന്നതിന് ആര്‍ എസ് എസ് പോലുള്ള സംഘടനകള്‍ ശ്രമിക്കുകയാണ്. ഇതിനായി രാജ്യത്തിന്റെ ചരിത്രം, സംസ്‌കാരം, വിദ്യാഭ്യാസ നയം എന്നിവയെല്ലാം തിരുത്തി നമ്മളെ അന്ധകാരത്തിലേക്ക് നയിക്കുകയാണവര്‍.

ബി ജെ പിയെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. അവരെ ക്ഷീണിപ്പിക്കാന്‍ രാജ്യത്ത് എവിടേയും ഏത് മതേതര പാര്‍ട്ടിയുമായും സഖ്യത്തിന് തയ്യാറാണ്. രാജ്യത്തിന്റെ പൗരാവകാശങ്ങള്‍ സംരക്ഷിക്കേണ്ട നിയമങ്ങളെ സംരക്ഷിക്കുന്നതിനായി കമ്മ്യൂണിസ്റ്റുകള്‍ എപ്പോഴും നിലകൊള്ളുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.