Kerala
ദേവസ്വം ജീവനക്കാർക്ക് ബോണ്ട് സർവീസുമായി കെ എസ് ആർ ടി സി
		
      																					
              
              
            
പത്തനംതിട്ട | ദേവസ്വം ബോർഡ് ജീവനക്കാർക്ക് ബസ് ഓൺ ഡിമാന്റ് (bond) പദ്ധതി പ്രകാരം കെ എസ് ആർ ടി സി സർവീസ് നടത്തും. ശബരിമലയിൽ ഡ്യൂട്ടിയിൽ ഉള്ള ജീവനക്കാർക്കായി ബസ് ഓൺ ഡിമാൻഡ് പദ്ധതി പ്രകാരം പ്രത്യേക നിരക്കിൽ പമ്പയിലേക്ക് സർവീസുകൾ നടത്തുമെന്ന് കെ എസ് ആർ ടി സി അറിയിച്ചു. ശബരിമലയിലേക്ക് പോകുന്ന ഭക്തർക്കും ജീവനക്കാർക്കും 40 പേരിൽ കുറയാത്ത യാത്രാക്കാരുള്ള സമയങ്ങളിൽ ആവശ്യമുള്ള സർവീസുകൾ നടത്താൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന്  കെ എസ് ആർ ടി സി. സി എം ഡി ബിജുപ്രഭാകർ ഐ എ എസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പത്തനംതിട്ട കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും 17 ദേവസ്വം ജീവനക്കാർക്ക് പമ്പയിലേക്ക് ബസ് വിടണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
അതിനാൽ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ നഷ്ടത്തിലോടുന്ന കെ എസ് ആർ ടി സിക്ക് 40 യാത്രക്കാരില്ലാതെ സർവീസ് നടത്താനാകില്ല.
ദേവസ്വം ജീവനക്കാർ സർക്കാർ ജീവനക്കാർക്ക് തുല്യം ആണ്. അവർ ഒരുമിച്ചു 35 പേരായി വന്നാലും ബോണ്ട് സർവീസ് നടത്താൻ തയ്യാറാണ്. ഈ വാഹനം തിരികെ വരുമ്പോൾ യാത്രക്കാർ ഉണ്ടാകില്ല. ശരാശരി കെ എസ് ആർ ടി സി യുടെ ഒരു ബസ് ഓടിക്കുമ്പോൾ ഒരു കിലോ മീറ്ററിന് സ്പെയർ പാർട്സും ഇന്ധന ചിലവുമായി 25 രൂപയോളം വരും. ഈ സാഹചര്യത്തിൽ 17 ദേവസ്വം ജീവനക്കാരെ മാത്രം കൊണ്ട് പോകാനാകില്ലെന്ന് ദേവസ്വം കമ്മീഷണരെയും കെ എസ് ആർ ടി സി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിപ്പോയിൽ ദേവസ്വം ജീവനക്കാർ കാണിച്ച നടപടി വാർത്ത സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



