ജോസിന്റെ മുന്നണി പ്രവേശനം: കോടിയേരി ഇന്ന് കാനവുമായി ചര്‍ച്ച നടത്തും

Posted on: October 16, 2020 7:52 am | Last updated: October 16, 2020 at 11:01 am

തിരുവനന്തപുരം |  ഇടതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ജോസ് കെ മാണി സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ സി പി എം, സി പി ഐ നേതാക്കള്‍ തമ്മില്‍ ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സി പി ഐ സെക്രട്ടറി കാനത്തെ കാണുകയാണ് ചെയ്യുക. ജോസിന്റെ വരവോട് എല്‍ ഡി എഫിനുണ്ടാകുന്ന രാഷ്ട്രീയ നേട്ടങ്ങളും മുന്നണി പ്രവേശനവും സീറ്റ് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. ഈ യോഗത്തിന് ശേഷം എല്‍ ഡി എഫ് യോഗം വിളിക്കാന്‍ ധാരണയുണ്ടാകും.

തദ്ദേശ തിരഞ്ഞെടുപ്പിനുമുമ്പ് ജോസ് പക്ഷത്തെ ഘടകകക്ഷിയാക്കാനാണ് സി പി എം നീക്കം. സി പി ഐയും ഇതിനോട് യോജിക്കുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി ഐയുടെ കാഞ്ഞിരപ്പള്ളി അടക്കമുള്ള ചില സീറ്റുകളില്‍ കേരള കോണ്‍ഗ്രസിന് കണ്ണുണ്ട്. ജോസ് പക്ഷം അവകാശവാദമുന്നയിക്കുന്ന ചാലക്കുടി, ഇരിങ്ങാലക്കുട, റാന്നി സീറ്റ് ഉള്‍പ്പെടെ 15 സീറ്റുകള്‍ പങ്കുവെക്കുന്നതിലേക്ക് ചര്‍ച്ച കടക്കില്ലെങ്കിലും ഘടകകക്ഷികള്‍ തുല്യമായി സഹകരിക്കണമെന്ന ആവശ്യം സി പി എം ഉന്നയിച്ചേക്കും.