ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Posted on: October 15, 2020 6:34 am | Last updated: October 15, 2020 at 9:47 am

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജന്‍സികള്‍ പലവട്ടം ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍, എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും ശിവശങ്കര്‍ ഹരജിയില്‍ പറയുന്നു.

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ്, സരിത് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി വീണ്ടും പരിഗണിക്കും. പ്രതികളുടെ തീവ്രവാദ ബന്ധം എന്താണെന്ന് സ്ഥാപിക്കാന്‍ കോടതി പലവട്ടം എന്‍ഐഎയോട് ആവശ്യപ്പെട്ടിരുന്നു. റമീസ് അടക്കമുളള ചില പ്രതികള്‍ക്ക് ദാവൂദ് സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു അന്വേഷണസംഘം ഇന്നലെ കോടതിയെ അറിയിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ നാലാം പ്രതിയായ സന്ദീപ് നായര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പറയും.