കൊവിഡ് പ്രോട്ടോകോൾ: മയ്യിത്ത് പരിപാലനത്തിന് ഇളവ് അനുവദിക്കണമെന്ന് മുസ്‌ലിം സംഘടനാനേതാക്കൾ

Posted on: October 14, 2020 7:09 am | Last updated: October 14, 2020 at 7:09 am


കോഴിക്കോട് | കൊവിഡ് മരണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ മയ്യിത്തുകൾ മതാചാരപ്രകാരം സംസ്‌കരിക്കുന്നതിന് നടപടി വേണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനാ നേതാക്കൾ രംഗത്ത്. പ്രോട്ടോകോൾ പാലിച്ച് സമൂഹത്തിലെ എല്ലാ മേഖലകളിലും കാര്യമായ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ മൃതദേഹത്തോട് അനാദരവ് പുലർത്തുന്ന വിധത്തിൽ സംസ്‌കരിക്കേണ്ടി വരുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. മൃതദേഹത്തോട് മാന്യത പുലർത്തണമെന്ന് ഭരണഘടന 21ാം വകുപ്പ് അനുശാസിക്കുന്നുണ്ട്.

ലോകാരോഗ്യ സംഘടന ഇക്കാര്യം പ്രത്യേകം എടുത്തു പറയുന്നുണ്ടെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളിൽ പോലുമില്ലാത്ത വ്യവസ്ഥകളാണ് ഈ വിഷയത്തിൽ അടിച്ചേൽപ്പിച്ചിട്ടുള്ളതെന്ന കാര്യം വേദനാജനകമാണ്. വിദഗ്‌ധ പരിശീലനം ലഭിച്ച സേവന സന്നദ്ധരായ വളണ്ടിയർമാരെ ഉപയോഗിച്ച് മതപരമായി മൃതദേഹം കുളിപ്പിക്കാനും മറവ് ചെയ്യാനുമുള്ള ഇളവ് ഭരണകൂടം അനുവദിക്കണം. മൃതദേഹത്തോട് ഇപ്പോൾ സ്വീകരിക്കുന്ന സമീപനത്തിൽ അടിയന്തരമായ മാറ്റങ്ങൾ ആവശ്യമാണെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

പ്രസ്താവനയിൽ വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, എ നജീബ് മൗലവി, ടി പി അബ്ദുല്ലക്കോയ മദനി, എം ഐ അബ്ദുൽ അസീസ് , ടി കെ അശ്റഫ്, സി പി ഉമർ സുല്ലമി, അബുൽ ഖൈർ മൗലവി, ഹാഫിള് അബ്ദുൽ ഷുക്കൂർ അൽ ഖാസിമി വിഎച്ച് അലിയാർ, കെ ഖാസിമി എന്നിവർ ഒപ്പുവെച്ചു.