മൈനോരിറ്റി കോച്ചിംഗ് സെന്ററുകള്‍ അട്ടിമറിക്കരുത്

Posted on: October 14, 2020 6:18 am | Last updated: October 14, 2020 at 6:18 am

മുസ്‌ലിംകള്‍ എന്നും വെള്ളം കോരികളും വിറകുവെട്ടുകാരുമായി കഴിയണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ കേരളത്തിലുമുണ്ട്. മുസ്‌ലിം സമൂഹം വിദ്യാഭ്യാസപരമായി മുന്നേറുന്നതും സര്‍ക്കാര്‍ സര്‍വീസില്‍ കടന്നുവരുന്നതും സാമ്പത്തികമായി ഉന്നതി പ്രാപിക്കുന്നതും അവര്‍ക്ക് അസഹനീയമാണ്. സര്‍ക്കാര്‍ ജോലികളും ഉന്നത വിദ്യാഭ്യാസവും തങ്ങളുടെ കുത്തകയാണെന്ന മനോഭാവമാണ് ഇതര സമുദായങ്ങളിലെ വര്‍ഗീയാന്ധത ബാധിച്ച ചിലര്‍ക്ക്. മുസ്‌ലിംകളുടെ മുന്നേറ്റങ്ങള്‍ക്ക് തടയിടാന്‍ അവര്‍ എന്ത് മാര്‍ഗവും സ്വീകരിക്കും. സ്‌കൂളുകളില്‍ അറബിഭാഷാ പഠനം അനുവദിക്കുകയും അതുവഴി നിരവധി മുസ്‌ലിം ചെറുപ്പക്കാര്‍ അധ്യാപക പദവിയിലെത്തുകയും ചെയ്തപ്പോള്‍ “മലബാറില്‍ കുട നന്നാക്കുന്നവരെ കിട്ടാനില്ല, അവരൊക്കെ അറബി മുന്‍ഷിമാരായി’ എന്നൊരു കാര്‍ട്ടൂണ്‍ മുമ്പ് ഇറങ്ങിയിരുന്നു. ഇതിന്റെ ആശയം വ്യക്തമാണല്ലോ.

1969ല്‍ മലപ്പുറം ജില്ല രൂപവത്കരിക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്തൊരു പുകിലായിരുന്നു. അതൊരു മിനി പാക്കിസ്ഥാനായി മാറുമെന്നും രാജ്യത്തിന്റെ സുരക്ഷക്ക് തന്നെ ഭീഷണിയായിത്തീരുമെന്നുമുള്ള മട്ടില്‍ കുപ്രചാരണങ്ങള്‍ അരങ്ങേറി. ഭരണ സൗകര്യാര്‍ഥം അന്നത്തെ ഇ എം എസ് സര്‍ക്കാര്‍ കൈക്കൊണ്ട ഈ നടപടി മുസ്‌ലിംപ്രീണനമായി വ്യാഖ്യാനിക്കപ്പെട്ടു. വര്‍ഷങ്ങള്‍ അമ്പത് കടന്നു പോയിട്ടും ജില്ലക്കെതിരായ പ്രചാരണം ഇപ്പോഴും അവസാനിച്ചിട്ടില്ല. മലപ്പുറത്തെ കുട്ടികള്‍ എസ് എസ് എല്‍ സിയില്‍ മികച്ച വിജയം നേടിയാല്‍ അത് കോപ്പിയടിയായി ആരോപിക്കുന്നതും സമീപ ജില്ലയില്‍ പടക്കം തിന്ന് ആന ചരിഞ്ഞപ്പോള്‍ അത് മലപ്പുറത്തുകാരുടെ ക്രൂരതയായി ചിത്രീകരിക്കുന്നതുമെല്ലാം ജില്ലയെ താറടിച്ചു കാണിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണല്ലോ. ഇത്തരം മുസ്‌ലിം വിരുദ്ധതയുടെ തുടര്‍ച്ച തന്നെയാണ് മുസ്‌ലിം കോച്ചിംഗ് സെന്ററുകള്‍ തകര്‍ക്കാനുള്ള നീക്കവും. രാജ്യത്തെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള സച്ചാര്‍ കമ്മിറ്റിയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മുസ്‌ലിം കേരളത്തിന്റെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിതമായ പാലോളി കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിച്ചാണ് സംസ്ഥാനത്ത് അച്യുതാനന്ദന്‍ സര്‍ക്കാര്‍ “കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത്’ സ്ഥാപിച്ചത്. പി എസ് സി, യു പി എസ് സി, ബേങ്ക്, റെയില്‍വേ തുടങ്ങിയ മത്സര പരീക്ഷകള്‍ക്കായി മുസ്‌ലിം ഉദ്യോഗാര്‍ഥികളെ സജ്ജമാക്കുകയാണ് ലക്ഷ്യം.

ഈ കോച്ചിംഗ് സെന്ററുകള്‍ സ്ഥാപിതമായതോടെ തുടങ്ങി അതിനെതിരായ കുപ്രചാരണങ്ങളും അട്ടിമറിക്കാനുള്ള നീക്കവും. സര്‍ക്കാര്‍ ചെലവില്‍ ന്യൂനപക്ഷ വകുപ്പിന് കീഴില്‍ നടത്തുന്ന സെന്ററുകളില്‍ ഒരു മതവിഭാഗത്തിന് മാത്രം പരിശീലനം നല്‍കുന്നത് സാമൂഹിക നീതിക്ക് നിരക്കുന്നതല്ലെന്നായിരുന്നു ആസൂത്രിത പ്രചാരണം. ചില ഉദ്യോഗസ്ഥ മേധാവികള്‍ കൂടി ഉള്‍പ്പെട്ട ഈ മുസ്‌ലിം വിരുദ്ധ ലോബിയുടെ സമ്മര്‍ദ തന്ത്രത്തില്‍ സര്‍ക്കാറും വീണു. “കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത്’ എന്ന പേര് മാറ്റി “കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്’ എന്നാക്കിയതും സെന്ററിലെ മുസ്‌ലിം ഉദ്യോഗാര്‍ഥികളുടെ സീറ്റുകള്‍ ഇരുപത് ശതമാനം വെട്ടിക്കുറച്ചതും ഇതിന്റെ ഫലമായിരുന്നു. ഈ സെന്ററുകള്‍ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ നികത്താന്‍ ലക്ഷ്യം വെച്ചാണെന്ന കാര്യം ഇവിടെ സര്‍ക്കാര്‍ സൗകര്യ പൂര്‍വം വിസ്മരിക്കുകയായിരുന്നു.

ALSO READ  പ്രവാചക നിന്ദയും ബെംഗളൂരു സംഘര്‍ഷവും

സെന്ററിന്റെ പേര് മാറ്റവും മുസ്‌ലിംകളുടെ പ്രാതിനിധ്യം കുറച്ച നടപടിയും പുനഃപരിശോധിക്കണമെന്നും പഴയ പേര് പുനഃസ്ഥാപിച്ച് സെന്ററുകളെ മുസ്‌ലിം അഭ്യസ്തവിദ്യരെ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് പ്രാപ്തരാക്കാന്‍ മാത്രമായി ഉപയോഗപ്പെടുത്തണമെന്നും മുസ്‌ലിം സമൂഹം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ന്യായമായ ആവശ്യം പരിഹരിക്കുന്നതിനു പകരം യൂത്ത് കോച്ചിംഗ് സെന്ററുകളിലെ മുസ്‌ലിം സമുദായത്തിന്റെ സീറ്റ് അമ്പത് ശതമാനത്തോളം വെട്ടിക്കുറക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം. വിവിധ ക്രിസ്ത്യന്‍ സഭകളുടെയും കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള നീക്കത്തെ തുരങ്കം വെച്ച ഉദ്യോഗസ്ഥ ലോബിയുടെയും സമ്മര്‍ദമാണ് ഇതിന് പിന്നിലെന്നാണറിയുന്നത്. മേല്‍ സെന്ററുകളുടെ സ്ഥാപിത ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണ് ഈ നീക്കം. വിവിധ ജില്ലകളിലായി 23 മൈനോരിറ്റി കോച്ചിംഗ് സെന്ററുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഈ സെന്ററുകളിലൂടെ കോച്ചിംഗ് പൂര്‍ത്തിയാക്കിയ നൂറുകണക്കിന് മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടുണ്ട്. പിണറായി സര്‍ക്കാറിന്റെ കാലത്ത് 15 സെന്ററുകള്‍ കൂടി പ്രഖ്യാപിക്കുകയും എട്ടെണ്ണം പ്രവര്‍ത്തനമാരംഭിക്കുകയും ഏഴെണ്ണം ഉടന്‍ പ്രവര്‍ത്തന സജ്ജമാകാനിരിക്കുകയുമാണ്. ഈ അവസരം ഉപയോഗപ്പെടുത്തിയാണ് സെന്ററുകളുടെ നിലവിലുള്ള വ്യവസ്ഥകളിലും ചട്ടങ്ങളിലും മാറ്റം വരുത്താനുള്ള അണിയറ നീക്കങ്ങള്‍ നടക്കുന്നത്.

ഇതര സമുദായങ്ങളില്‍ തൊഴില്‍പരമായ പിന്നാക്കാവസ്ഥയുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടതു തന്നെയാണ്. ഇക്കാര്യം സര്‍ക്കാറിനെ ബോധ്യപ്പെടുത്തി ന്യൂനപക്ഷ വകുപ്പിന് കീഴില്‍ തന്നെ അവര്‍ക്കായി വേറെ സംവിധാനം ഏര്‍പ്പെടുത്താകുന്നതേയുള്ളൂ. അതിനെന്തിന് മുസ്‌ലിം സമുദായം നിരന്തരമായ ശ്രമങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങളെ തുരങ്കം വെക്കണം? സര്‍ക്കാര്‍ സര്‍വീസില്‍ മുസ്‌ലിംകളുടെ ശതമാനം വളരെ പരിമിതമാണ്. 2004ലെ കണക്ക് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യയില്‍ 26.9 ശതമാനം വരുന്ന മുസ്‌ലിംകള്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യം കേവലം 11.4 ശതമാനം മാത്രം. യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകളെഴുതി ജോലി നേടുന്ന മുസ്‌ലിംകള്‍ നാല് ശതമാനമാണ്. റെയില്‍വേയില്‍ ജോലിചെയ്യുന്ന 14 ലക്ഷം പേരില്‍ 4.5 ശതമാനമാണ് മുസ്‌ലിം പ്രാതിനിധ്യം.

റെയില്‍വേയില്‍ തന്നെ എ, ബി ക്ലാസുകളില്‍ ജോലിചെയ്യുന്ന മുസ്‌ലിംകള്‍ 1.3 ശതമാനമേ വരൂ. മൈനോരിറ്റി യൂത്ത് കോച്ചിംഗ് സെന്ററുകളുടെ പ്രവര്‍ത്തന ഫലമായി കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ നേരിയ പുരോഗതിയുണ്ടായിട്ടുണ്ട്. എന്നാല്‍ സെന്ററുകളിലെ മുസ്‌ലിംകളുടെ സീറ്റ് ഇനിയും വെട്ടിക്കുറച്ചാല്‍ സമുദായത്തിന്റെ തൊഴില്‍പരമായ അവസ്ഥ കൂടുതല്‍ പരിമിതമാകും. ആരുടെയും സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ മുസ്‌ലിംകള്‍ക്ക് ലഭ്യമായതും അര്‍ഹമായതുമായ ആനുകൂല്യങ്ങള്‍ തുടര്‍ന്നും നല്‍കാനും കോച്ചിംഗ് സെന്ററുകളുടെ പഴയ അവസ്ഥ പുനഃസ്ഥാപിക്കാനും സര്‍ക്കാര്‍ സന്നദ്ധമാകണം.