Connect with us

Editorial

രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം വിപത്ത്

Published

|

Last Updated

ഉത്തര്‍പ്രദേശിലെ ദിയോറയില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ജില്ലാതല യോഗത്തില്‍ പാര്‍ട്ടിയുടെ പ്രാദേശിക വനിതാ നേതാവിന് പൊതിരെ തല്ലുകിട്ടി. ദിയോറ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ സ്ത്രീ പീഡനക്കേസ് പ്രതിക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയതിനെ ചോദ്യം ചെയ്തതിനാണ് താരാദേവി യാദവ് എന്ന മഹിളാ കോൺഗ്രസ് പ്രവര്‍ത്തകയെ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടിച്ചു പരുവത്തിലാക്കിയത്. പാര്‍ട്ടി നേതൃത്വം ഹാഥ്‌റസിലെ കൂട്ടബലാത്സംഗത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമ്പോള്‍ പീഡനക്കേസ് പ്രതിയെ സ്ഥാനാര്‍ഥിയാക്കുന്നതിന്റെ സാംഗത്യം മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നു. ഇത്തരം നടപടികള്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും വന്നിട്ടുണ്ട്.

രാഷ്ട്രീയത്തില്‍ ക്രിമിനലുകളുടെ സ്വാധീനത്തിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. കുറ്റവാളികളെ സ്ഥാനാര്‍ഥികളാക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ പോലും അനുവദിക്കാത്ത വിധം ശക്തിപ്രാപിച്ചിരിക്കുന്നു ക്രിമിനല്‍ രാഷ്ട്രീയം. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ ജീവിത വിശുദ്ധിയും സ്വഭാവ ഗുണവും ഒരു പാര്‍ട്ടിയും പരിഗണിക്കുന്നില്ല. സ്വാധീനങ്ങള്‍ക്ക് വഴങ്ങിയും സാമ്പത്തിക താത്പര്യങ്ങള്‍ക്കടിപ്പെട്ടും എത്ര കൊടിയ ക്രിമിനലിനെയും സ്ഥാനാര്‍ഥിയാക്കാനും ഭരണത്തിന്റെ ഉന്നത ശ്രേണികളില്‍ നിയോഗിക്കാനും പാര്‍ട്ടി നേതൃത്വങ്ങള്‍ തയ്യാറാകുന്നു. രാജ്യത്തെ എം പിമാരിലും എം എല്‍ എമാരിലും ഗണ്യമായൊരു വിഭാഗവും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) നടത്തിയ പഠനമനുസരിച്ച് കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട 539 ലോക്‌സഭാ എം പിമാരില്‍ 233 പേരും (43.22 ശതമാനം) ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. 2004ലെ തിരഞ്ഞെടുപ്പില്‍ ഇത് 34 ശതമാനവും (185 പേര്‍) 2009ല്‍ 30 ശതമാനവും (162 പേര്‍) ആയിരുന്നു. ഓരോ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിത്വം നേടുകയും വിജയിച്ചു കയറുകയും ചെയ്യുന്ന ക്രിമിനലുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയാണെന്നാണ് ഇത് കാണിക്കുന്നത്. 2009നെ അപേക്ഷിച്ച് 2019ല്‍ എം പിമാരിലെ ക്രിമിനലുകളുടെ വര്‍ധന 44 ശതമാനമാണ്.

രാജ്യത്ത് അധികാരത്തിലിരിക്കുന്നവരും അല്ലാത്തവരുമായ എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കുമെതിരെ വിവിധ കോടതികളില്‍ 4,442 ക്രിമിനല്‍ കേസുകള്‍ വിചാരണക്കായി കാത്തുകിടപ്പുണ്ടെന്ന് അടുത്തിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന 413 കേസുകള്‍ വരെയുണ്ട് കൂട്ടത്തില്‍. ഇതില്‍ 2,556 കേസുകളില്‍ നിലവിലെ ജനപ്രതിനിധികളാണ് പ്രതികള്‍. കേരളത്തിലെ എം പിമാരും എം എല്‍ എമാരും പ്രതികളായ കേസുകളുടെ എണ്ണം 333 ആണ്. 310 കേസുകളില്‍ സിറ്റിംഗ് എം പിമാരും എം എല്‍ എമാരുമാണ് പ്രതികള്‍. ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് ആറ് വര്‍ഷത്തെ വിലക്കെന്ന നിലവിലെ ശിക്ഷാവിധി മാറ്റി ആജീവാനന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ കണക്കുകള്‍ പുറത്തു വിട്ടത്.

ക്രിമിനലുകളെ മാറ്റിനിര്‍ത്തി രാഷ്ട്രീയരംഗം ശുദ്ധീകരിക്കേണ്ടതിന്റെ അനിവാര്യതയെപ്പറ്റി എല്ലാ പാര്‍ട്ടി നേതൃത്വങ്ങളും വാചാലരാണ്. പ്രകടന പത്രികയില്‍ അഴിമതി രഹിത, സംശുദ്ധ രാഷ്ട്രീയം മുഖ്യ അജന്‍ഡയുമായിരിക്കും. എന്നാല്‍ സ്ഥാനാര്‍ഥി പട്ടിക വരുമ്പോള്‍ ഏറെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും. ഇവരെ മാറ്റിനിര്‍ത്തി സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കാന്‍ തീരുമാനിച്ചാല്‍ നിലവിലുള്ള പാര്‍ട്ടി നേതാക്കളില്‍ ബഹുഭൂരിഭാഗവും പുറത്തു നില്‍ക്കേണ്ടി വരുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സംശുദ്ധ രാഷ്ട്രീയത്തെക്കുറിച്ചുള്ള വാഗ്ദാനം മനഃപൂര്‍വം വിസ്മരിക്കാന്‍ നേതൃത്വം നിര്‍ബന്ധിതരാകുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ചില പൊതുപ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍, ന്യായാധിപന്മാരും കൈമലര്‍ത്തി. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തിരഞ്ഞെടുപ്പില്‍ വിലക്കാന്‍ കോടതികള്‍ക്കും പരിമിതികളുണ്ട്. ഇതിന് പാര്‍ലിമെന്റ് നിയമ നിര്‍മാണം മാത്രമാണ് വഴിയെന്നാണ് 2018 സെപ്തംബറില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അംഗമായ അഞ്ചംഗ ഭരണഘടനാ ബഞ്ച് പറഞ്ഞത്. പ്രതിയാക്കപ്പെട്ടാലും ശിക്ഷിക്കപ്പെടുന്നതുവരെ നിരപരാധിയായി അനുമാനിക്കണമെന്ന തത്വത്തിന്റെ ചുവടുപിടിച്ച് ക്രിമിനലുകളെ മത്സരിക്കാന്‍ അനുവദിക്കുന്നത് ഉചിതമല്ലെന്നും അത്തരക്കാര്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതും നിയമ നിര്‍മാണങ്ങളില്‍ പങ്കാളിയാകുന്നതും തടയേണ്ടത് പാര്‍ലിമെന്റിന്റെ കടമയാണെന്നും കോടതി ഉണര്‍ത്തി.

രാഷ്ട്രീയത്തിലെയും നിയമ നിര്‍മാണ സഭകളിലെയും ക്രിമിനലുകളുടെ സാന്നിധ്യം ഇല്ലാതാക്കാന്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീം കോടതി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു. ക്രിമിനല്‍ സ്വഭാവമുള്ള സ്ഥാനാര്‍ഥികളുടെ കേസ് വിവരങ്ങള്‍, സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് 24 മണിക്കൂറിനകം മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പാര്‍ട്ടികളുടെ വെബ്‌സൈറ്റുകളിലും പ്രസിദ്ധപ്പെടുത്തണം. എന്തുകൊണ്ടാണ് അവരെ മത്സരിപ്പിക്കുന്നതെന്നും, അവര്‍ക്കെതിരെ എന്ത് കേസാണ് ചുമത്തിയതെന്നും, അത് സംബന്ധിച്ചുള്ള അന്വേഷണമോ വിചാരണയോ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കണം. ഇക്കാര്യങ്ങള്‍ പാര്‍ട്ടികള്‍ പാലിക്കുന്നുണ്ടോ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിക്കുകയും ഉറപ്പ് വരുത്തുകയും വേണം തുടങ്ങിയവയാണ് ജസ്റ്റിസുമാരായ നരിമാന്‍, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവുകള്‍.

സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലവും സാംസ്‌കാരിക ജീര്‍ണതയും വോട്ടര്‍മാര്‍ മനസ്സിലാക്കി സമ്മതിദാന വേളയില്‍ അതിനെതിരെ പ്രതികരിക്കട്ടെയെന്ന ലക്ഷ്യത്തിലാണ് കോടതി ഇത് പറഞ്ഞത്. എന്നാല്‍ ഇന്ന് രാജ്യത്തെ വോട്ടര്‍മാരില്‍ ബഹുഭൂരിഭാഗവും കക്ഷിരാഷ്ട്രീയാന്ധത ബാധിച്ചവരാണ്. പാര്‍ട്ടി നേതാക്കളുടെ വാക്കുകള്‍ വേദ വാക്യങ്ങളാണ് അവര്‍ക്ക്. പണം വാരിയെറിഞ്ഞുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ബുദ്ധിപൂര്‍വമായ ഒരു തീരുമാനമെടുക്കുന്നതില്‍ നിന്ന് വോട്ടര്‍മാരെ പിന്തിരിപ്പിക്കുകയും ചെയ്യുന്നു. ക്രിമിനലുകളെ വിലക്കിക്കൊണ്ടുള്ള നിയമ നിര്‍മാണമോ കോടതി ഉത്തരവോ മാത്രമാണ് രാഷ്ട്രീയം നേരിടുന്ന ഈ മാരക വിപത്തിന് പരിഹാരം.

Latest