Connect with us

National

കര്‍ണാടക ആരോഗ്യമന്ത്രിക്ക് സ്ഥാനചലനം; കേരളം മാതൃകയെന്ന് പുതിയ മന്ത്രി

Published

|

Last Updated

ബെംഗളൂരു |  കൊവിഡ് രോഗബാധ വ്യാപകമായിരിക്കെ കര്‍ണാടക ആരോഗ്യമന്ത്രിക്ക് സ്ഥാനചലനം. ആരോഗ്യമന്ത്രിയായിരുന്ന ബി ശ്രീരാമലുവിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ സുധാകറിനാണ് പകരം ചുമതല.
കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തിയ നേതാവാണ് സുധാകര്‍. സാമൂഹ്യക്ഷേമ വകുപ്പാണ് തിങ്കളാഴ്ച നടത്തിയ മന്ത്രിസഭാ പുനഃസംഘടനയില്‍ ശ്രീരാമലുവിന് നല്‍കിയിട്ടുള്ളത്.

ആരോഗ്യ മന്ത്രിയെ മാറ്റിയ നടപടി സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം പാളിയതിന്റെ തെളിവാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം തുടങ്ങിയ കാലം മുതല്‍ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയായിരുന്നു എന്നതിന്റെ തെളിവാണിതെന്ന് പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ട്വീറ്റ് ചെയ്തു.

കൊവിഡ് മരണ നിരക്ക് കുറച്ചുകൊണ്ടുവരിക എന്നതിനാവും താന്‍ പ്രഥമ പരിഗണന നല്‍കുകയെന്ന് നിയുക്ത ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ വ്യക്തമാക്കി. കേരളത്തെ മാതൃകയാക്കി ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തും. അയല്‍ സംസ്ഥാനമായ കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ പരിപാലന സംവിധാനം പ്രശസ്തിയാര്‍ജിച്ചതാണ്. കേരളത്തെ മാതൃകയാക്കി മുന്നോട്ടുപോകും. സംസ്ഥാനത്തെ ആരോഗ്യ പരിപാലന സംവിധാനം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest