Kerala
ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി | തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. സ്വപ്‌ന സുരേഷ്, സരിത്ത് അടക്കമുള്ള പ്രതികളില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍.
നേരത്തെ ഈന്തപ്പഴ വിതരണം സംബന്ധിച്ച് സാമൂഹിക ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ടി വി അനുപമയില്‍ നിന്ന് തിരുവനന്തപുരത്ത് വെച്ച് കസ്റ്റംസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ശിവശങ്കറുടെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് കോണ്‍സുലേറ്റ് നല്‍കിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തതെന്നാണ് അനുപമ മൊഴി നല്‍കിയത്. ഇത് സംബന്ധിച്ചും ശിവശങ്കറില്‍ നിന്നും കസ്റ്റംസ് വിശദീകരണം തേടും.
അതേസമയം, സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷ ഇന്ന് എറണാകുളം അഡീഷണല്‍ ജില്ലാ കോടതി പരിഗണിക്കും. ഹരജി പരിഗണനയിലിരിക്കെ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സരിത്ത്, സന്ദീപ്, സ്വപ്ന സുരേഷ് എന്നിവര്‍ക്കെതിരായാണ് പ്രാഥമിക കുറ്റപത്രം നല്‍കിയിരിക്കുന്നത്.