Connect with us

Editorial

ജനശ്രദ്ധ തിരിക്കാന്‍ അസത്യങ്ങളും അര്‍ധ സത്യങ്ങളും

Published

|

Last Updated

സമീപ കാലത്ത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ സംഭവമാണ് ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണം. ജൂണ്‍ 14നാണ് സുശാന്തിനെ സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. വീട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചെങ്കിലും ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ധ സംഘം ആത്മഹത്യയാണെന്ന് തറപ്പിച്ചു പറഞ്ഞു. സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ കൂപ്പര്‍ ആശുപത്രി അധികൃതരുടെ അഭിപ്രായവും വ്യത്യസ്തമായിരുന്നില്ല. കേസ് ഏറ്റെടുത്ത് മൂന്ന് മാസമായിട്ടും അതിനപ്പുറം എന്തെങ്കിലും തുമ്പ് കണ്ടെത്താന്‍ സി ബി ഐക്കും കഴിഞ്ഞിട്ടില്ല.

എന്നിട്ടും അതൊരു കൊലപാതകമാണെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വന്‍തോതില്‍ പ്രചരിച്ചു. ആഴ്ചകളോളം ട്വിറ്ററില്‍ മറ്റേതു വിഷയത്തേക്കാളും സുശാന്തിന്റെ മരണത്തെക്കുറിച്ച്, അത് കൊലപാതകമാണെന്നു സ്ഥാപിക്കുന്ന തരത്തിലുള്ള ട്വീറ്റുകളാണ് കൂടുതല്‍ പ്രത്യക്ഷപ്പെട്ടത്. സുശാന്തിന്റെ മരണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്നും ദാവൂദ് ഇബ്‌റാഹീമും ബോളിവുഡ് താരങ്ങളും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും വരെ റിപ്പോര്‍ട്ടുകള്‍ വന്നു. അതിനിടെ “എയിംസ്” സംഘത്തിന്റേതെന്ന വ്യാജേന സുശാന്തിനെ ആരോ ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന തരത്തിലുള്ള ഓഡിയോ ടാപ്പും പ്രത്യക്ഷപ്പെട്ടു. ടൈംസ് നൗ ചാനലാണ് ഇത് പുറത്തുവിട്ടത്. എയിംസ് സംഘത്തലവന്‍ ഡോ. സുധീര്‍ ഗുപ്ത ഇത് ശക്തമായി നിഷേധിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് സുശാന്തിന്റേത് കൊലപാതകമാണെന്ന വാദത്തിന് ഇത്രയും പ്രചാരണം ലഭിച്ചത്? തീര്‍ത്തും ആസൂത്രിതമായൊരു രാഷ്ട്രീയ നീക്കമായിരുന്നു ഈ പ്രചാരണമെന്നും കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ബി ജെ പി കേന്ദ്രങ്ങളാണ് ഈ പ്രചാരണ ക്യാമ്പയിനിന് ചുക്കാന്‍ പിടിച്ചതെന്നുമാണ് മിഷിഗന്‍ യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. കൊലപാതകമാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പ്രചരിപ്പിച്ചതിലും വിവാദങ്ങളുയര്‍ത്തിയതിലും പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ സജീവമായിരുന്നു ബി ജെ പി നേതാക്കളെന്നും പഠനം കണ്ടെത്തി. ജൂണ്‍ 14 മുതല്‍ സെപ്തംബര്‍ 12 വരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഇതുസംബന്ധമായ പോസ്റ്റുകള്‍ പരിശോധിച്ചാണ് പഠന സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സുശാന്തിന്റെ മരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാറിനെയും മുംബൈ പോലീസിനെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് ഒമ്പത് രാജ്യങ്ങളിലായി ഏകദേശം 80,000 വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടതായി മുംബൈ പോലീസിന്റെ സൈബര്‍ യൂനിറ്റും കണ്ടെത്തിയിട്ടുണ്ട്.

ഈ ആരോപണത്തിന്റെ സത്യാവസ്ഥ എന്താകട്ടെ, സര്‍ക്കാറുകള്‍ നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും രാഷ്ട്രീയ നേട്ടങ്ങള്‍ക്കും ഭരണവൃത്തങ്ങളും പാര്‍ട്ടി കേന്ദ്രങ്ങളും ഉദ്വേഗജനകമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പതിവ് രാജ്യത്ത് ഇതാദ്യമല്ല. 2001 ഡിസംബര്‍ 13ലെ പാര്‍ലിമെന്റ് ആക്രമണം, കാര്‍ഗില്‍ ശവപ്പെട്ടി കുംഭകോണത്തെച്ചൊല്ലി അന്നത്തെ വാജ്‌പെയ് സര്‍ക്കാര്‍ അഭിമുഖീകരിച്ച കടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനായി സൃഷ്ടിച്ച സര്‍ക്കാര്‍ സ്‌പോണ്‍സേർഡ് പദ്ധതിയായിരുന്നുവെന്ന് ആരോപിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഡി എസ് പി രവീന്ദര്‍ സിംഗ്, ലശ്കറെ ത്വയ്ബ, ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പിടിയിലായതോടെ ഈ സന്ദേഹത്തിന് ബലമേറുകയും ചെയ്തു. പാര്‍ലിമെന്റ് ആക്രമണക്കേസിലെ പ്രതികളിലൊരാളായ മുഹമ്മദിനെ ഡല്‍ഹിയിലെത്തിച്ചത് രവീന്ദര്‍ സിംഗായിരുന്നുവെന്ന് ഈ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു മൊഴി നല്‍കിയതാണ്. 2019 ഫെബ്രുവരി 26ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ അരങ്ങേറിയ ബാലക്കോട്ട് വ്യോമസേനാ ആക്രമണവും സംശയത്തിന്റെ നിഴലിലാണ്. പുല്‍വാമയില്‍ 40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടാനിടയായ തീവ്രവാദി ആക്രമണത്തിന് പ്രതികാരമെന്നോണം നടത്തിയ ബാലക്കോട്ട് ആക്രമണത്തില്‍ തീവ്രവാദികള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയതായും നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടതായും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, ഒഴിഞ്ഞ പ്രദേശത്താണ് ഇന്ത്യന്‍ സേന ബോംബുകള്‍ വര്‍ഷിച്ചതെന്നും ഈ ആക്രമണത്തില്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും പാക്കിസ്ഥാന്‍ പറയുന്നു. റോയിട്ടേഴ്‌സ്, ബി ബി സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദത്തെ നിരാകരിക്കുന്നു. റാഫേല്‍ ആയുധ ഇടപാടിലെ ക്രമക്കേടുകളെച്ചൊല്ലി പ്രതിരോധത്തിലായ മോദി സര്‍ക്കാര്‍ അതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും നടത്തിയ ഒരു നാടകമായിരുന്നു ബാലക്കോട്ട് ആക്രമണമെന്ന് വിശ്വസിക്കുന്നവരാണ് നല്ലൊരു വിഭാഗവും.

ഒരു രാഷ്ട്രം സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയും ഇതേച്ചൊല്ലി ജനങ്ങളില്‍ അസംതൃപ്തി ഉടലെടുക്കുകയും ചെയ്യുമ്പോള്‍, രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്ന തരത്തിലുള്ള ഏതെങ്കിലും അന്താരാഷ്ട്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തുവരികയും അത് ഉയര്‍ത്തിക്കാണിച്ച് തങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശങ്ങളെ സര്‍ക്കാര്‍ പ്രതിരോധിക്കുകയും ചെയ്യാറുണ്ട്. മിക്കപ്പോഴും സ്വാധീനത്തിലൂടെ നേടിയെടുക്കുന്നതാണ് ഇത്തരം റിപ്പോര്‍ട്ടുകളെന്നും പണം കൊടുത്താല്‍ ഏതുതരം റിപ്പോര്‍ട്ടും പടച്ചുണ്ടാക്കുന്ന ഏജന്‍സികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് സുബ്രഹ്മണ്യ സ്വാമി ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രി മോദിയെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ചാനലിലെ സീനിയേഴ്‌സ് തന്നെ നിരന്തരം നിര്‍ബന്ധിക്കുന്നതായി ഇന്ത്യാ ടി വി റിപ്പോര്‍ട്ടറായിരുന്ന ഇംറാന്‍ ശൈഖ് പരാതിപ്പെട്ടിരുന്നു. ചാനല്‍ നടത്തിപ്പുകാരുടെ രാഷ്ട്രീയ, സാമ്പത്തിക താത്പര്യങ്ങളാണ് ഇതിനു പിന്നില്‍. ഏതൊരു വാര്‍ത്ത പുറത്തുവരുമ്പോഴും സംശയ ദൃഷ്ടിയോടെ സമീപിക്കേണ്ട സ്ഥിതിവിശേഷത്തിലേക്ക് സമൂഹത്തെ എത്തിച്ചിരിക്കുകയാണ് ആളും തരവും സന്ദര്‍ഭവുമനുസരിച്ച് വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്ന ഈ പ്രവണത. ഇത് മാധ്യമ ലോകത്തിന്റെ വിശ്വാസ്യതയെ തന്നെ ഇല്ലാതാക്കുന്നു.

Latest