ആമസോണില്‍ ഇനി ട്രെയിന്‍ ടിക്കറ്റും ബുക്ക് ചെയ്യാം

Posted on: October 7, 2020 2:20 pm | Last updated: October 7, 2020 at 2:22 pm

ന്യൂഡല്‍ഹി | ഐ ആര്‍ സി ടി സിയുമായി ചേര്‍ന്ന് ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സേവനവുമായി ആമസോണ്‍ ഇന്ത്യ. ആമസോണിന്റെ മൊബൈല്‍ വെബ്‌സൈറ്റിലും ആന്‍ഡ്രോയ്ഡ് ആപ്പിലും മാത്രമാണ് നിലവില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. അധിക സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് കമ്പനി അറിയിച്ചു.

വണ്‍ ക്ലിക്ക് പെയ്‌മെന്റ്, കാഷ്ബാക്ക് ഓഫറുകള്‍ അടക്കമുള്ള സൗകര്യങ്ങളും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. ആദ്യമായി ഉപയോഗിക്കുന്നവര്‍ക്ക് ബുക്കിംഗില്‍ 120 രൂപ വരെ കാഷ്ബാക്ക് ഓഫറുണ്ട്. പുതിയ പദ്ധതിയുടെ പ്രമോഷന് വേണ്ടി വെബ്‌സൈറ്റില്‍ പ്രത്യേക പേജ് തന്നെ ആമസോണ്‍ ആരംഭിച്ചിട്ടുണ്ട്.

ഈ പേജിലുള്ള ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ടിക്കറ്റ് ബുക്കിംഗ് പോര്‍ട്ടലിലേക്ക് വേഗമെത്താന്‍ സാധിക്കും. ഐ ഒ എസിലും ഉടനെ ഈ സൗകര്യം പ്രതീക്ഷിക്കാം. ആമസോണ്‍ പേ ടാബില്‍ പോയി ട്രെയിന്‍, യാത്ര തുടങ്ങിയ വിവരങ്ങള്‍ തിരഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. യുവര്‍ ഓര്‍ഡേഴ്‌സ് എന്ന സെക്ഷനില്‍ ടിക്കറ്റ് റദ്ദാക്കാനുമാകും.

ALSO READ  വാട്ട്‌സാപ്പ് പേ ഇന്ത്യയില്‍ ആരംഭിച്ചു; മെസ്സേജ് പോലെ ഇനി പണവും അയക്കാം