Connect with us

Editorial

സി ബി ഐ പല്ലു കൊഴിഞ്ഞ സിംഹം

Published

|

Last Updated

കാര്യക്ഷമമായ അന്വേഷണ ഏജന്‍സി, തെളിയാത്ത കേസുകളുടെ ചുരുളഴിക്കുന്ന വിദഗ്ധ അന്വേഷണ സംഘം എന്നൊക്കെയായിരുന്നു കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി ബി ഐ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇതുപക്ഷേ പഴയ കഥ. ഇന്ന് ഈ അന്വേഷണ ഏജന്‍സിയുടെ സ്ഥിതി കുഞ്ചന്‍ നമ്പ്യാര്‍ കവിതയിലെ “പല്ലിന്‍ ശൗര്യം പണ്ടേ പോലെ ഫലിക്കാത്ത പാണ്ടന്‍ നായ”യുടേതിനു സമാനമാണെന്നാണ് ദേശീയ വിജിലന്‍സ് കമ്മീഷന്‍ പറയുന്നത്. സി ബി ഐയുടെ കാര്യക്ഷമത വന്‍തോതില്‍ കുറയുകയും ഏറ്റെടുക്കുന്ന കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഏറെ കാലതാമസം വരികയും ചെയ്യുന്നു. ഇത് സി ബി ഐയുടെ സ്ഥാപിത ലക്ഷ്യത്തെ ബാധിക്കുന്നുവെന്നാണ് വിജിലന്‍സ് കമ്മീഷന്റെ വിലയിരുത്തല്‍. പല പ്രമുഖ കേസുകളിലും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ സി ബി ഐ ദയനീയമായി പരാജയപ്പെടുന്നു. 2ജി അഴിമതി, കര്‍ണാടകയിലെ അനധികൃത ഖനന കുംഭകോണം, ആരുഷി തല്‍വാര്‍ കൊലപാതകം, ബാബരി മസ്ജിദ് ധ്വംസനം തുടങ്ങിയവ ഇവയില്‍ ചിലതുമാത്രം.

2019 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് അന്വേഷണം പൂര്‍ത്തിയായിട്ടില്ലാത്ത 1,239 കേസുകള്‍ സി ബി ഐ വശമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനകം ഏജന്‍സി ഏറ്റെടുത്ത 744 കേസുകളിലേറെയും അന്വേഷണം പാതിവഴിയിലും മന്ദഗതിയിലുമാണ്. അഴിമതി കേസുകളാണ് ഇതില്‍ 678ഉം. ഗുരുതരമായ 25 കേസുകളിലെ അന്വേഷണം അഞ്ച് വര്‍ഷം പിന്നിട്ടു. 608 എണ്ണത്തില്‍ എഫ് ഐ ആറുകളും 102 പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകളും തയ്യാറാക്കിയതാണ് ഇക്കാലയളവിലെ ഏജന്‍സിയുടെ ആകെ പ്രവര്‍ത്തനം. അന്വേഷണം പൂര്‍ത്തിയാക്കിയ കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതില്‍ കോടതികളും കാലതാമസം വരുത്തുന്നു. ഡിസംബര്‍ വരെയായി രാജ്യത്തെ വിവിധ കോടതികളിലായി 6,226 സി ബി ഐ കേസുകള്‍ വിചാരണ കാത്തുകിടക്കുന്നു. ഇവയില്‍ ഇരുപതിലേറെ വര്‍ഷം പഴക്കമുള്ള കേസുകള്‍ വരെയുണ്ട്. സുപ്രീം കോടതിയിലും ഹൈക്കോടതികളിലുമായി തീര്‍പ്പിനു കാത്തുകിടക്കുന്ന അപ്പീലുകളുടെ എണ്ണം 11,330 വരും.

കാര്യക്ഷമതാ കുറവ്, സര്‍ക്കാറുകളില്‍ നിന്ന് ലഭിക്കേണ്ട രേഖകള്‍ ലഭിക്കുന്നതിലുള്ള കാലതാമസം, ലബോറട്ടറികളില്‍ നിന്ന് യഥാസമയം ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിക്കായ്ക, വിവരങ്ങള്‍ തേടി വിവിധ രാജ്യങ്ങളിലേക്കയച്ച കത്തുകള്‍ക്ക് മറുപടി ലഭിക്കുന്നതില്‍ വരുന്ന കാലതാമസം, അമിത ജോലിഭാരം തുടങ്ങിയവയാണ് കേസന്വേഷണങ്ങള്‍ അനന്തമായി നീളുന്നതിന് ദേശീയ വിജിലന്‍സ് കമ്മീഷന്‍ കണ്ടെത്തിയ കാരണങ്ങള്‍. സി ബി ഐ കേന്ദ്ര സര്‍ക്കാറിന്റെ ചട്ടുകമായി മാറിയതും പ്രവര്‍ത്തന സ്വാതന്ത്ര്യത്തിലുള്ള പരിമിതിയും അന്വേഷണം സുഗമമായും നിഷ്പക്ഷമായും മുന്നോട്ടു കൊണ്ടുപോകുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നു. കേന്ദ്ര ഭരണത്തിലുള്ളവര്‍ക്കോ ബന്ധപ്പെട്ടവര്‍ക്കോ എതിരെ വരുന്ന കേസുകളില്‍ അന്വേഷണം മന്ദഗതിയിലാക്കാനും അട്ടിമറിക്കാനും സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇടപെടലുണ്ടാകാറുണ്ട്. കല്‍ക്കരിപ്പാടം അഴിമതി കേസില്‍ കേസ് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയ സി ബി ഐ നടപടി ഏറെ വിവാദം സൃഷ്ടിച്ചത് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശത്തിനു വിധേയമായതാണ്. സി ബി ഐ ആദ്യം തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ സുപ്രധാന ഭാഗങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥ മേധാവികള്‍ നിര്‍ദേശിച്ച തരത്തില്‍ പിന്നീട് മാറ്റങ്ങള്‍ വരുത്തിയത.് കേസ് അട്ടിമറിക്കുന്നതിന് ഒരു പ്രമുഖ സി ബി ഐ ഓഫീസര്‍ വന്‍തുക കൈപറ്റിയതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യജമാനന്റെ ശബ്ദത്തില്‍ സംസാരിക്കുന്ന കൂട്ടിലടക്കപ്പെട്ട തത്തയെന്നാണ് ഈ കേസില്‍ സുപ്രീംകോടതി സി ബി ഐയെ വിശേഷിപ്പിച്ചത്. ബൊഫേഴ്‌സ് കേസിലും നടന്നിട്ടുണ്ട് അട്ടിമറി ശ്രമം. ഈ കേസ് ഒതുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും സര്‍ക്കാറിന്റെ ഉന്നത കേന്ദ്രങ്ങളില്‍ നിന്നും സമ്മര്‍ദമുണ്ടായിരുന്നതായി കേസന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന അന്നത്തെ സി ബി ഐ മുന്‍ ജോയിന്റ് ഡയറക്ടര്‍ ബി ആര്‍ ലാല്‍ വെളിപ്പെടുത്തിയിരുന്നു.
യു പി എ ഭരണ കാലത്തേതാണ് ഈ രണ്ട് സംഭവങ്ങളും. ബി ജെ പി സര്‍ക്കാര്‍ ഭരണത്തില്‍ ഇത്തരം ഇടപെടലുകള്‍ പൂര്‍വോപരി വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറുകളെയും രാഷ്ട്രീയ ശത്രുക്കളെയും കൈകാര്യം ചെയ്യാനുള്ള ഒരു രാഷ്ട്രീയ ആയുധമായി മാറ്റിയിരിക്കുകയാണ് നിലവിലെ കേന്ദ്ര ഭരണകൂടം ഈ അന്വേഷണ ഏജന്‍സിയെ. ബി ജെ പി ഇതര ഭരണത്തിന്‍ കീഴിലുള്ള സംസ്ഥാന സര്‍ക്കാറുകളെ സി ബി ഐയെ ഉപയോഗിച്ച് വേട്ടയാടുന്നത് കേന്ദ്രത്തിന്റെ ഒരു ക്രൂര വിനോദമായി മാറിയിട്ടുണ്ട്. ആന്ധ്ര, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ സര്‍ക്കാറുകള്‍ സി ബി ഐക്ക് വിലക്കേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലമിതാണ്. സംസ്ഥാന സര്‍ക്കാറിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങാതെ സി ബി ഐക്ക് കടന്നു വരാന്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലും അനുമതിയില്ല. ലൈഫ് മിഷന്‍ കേസില്‍ സി ബി ഐയുടെ കേരളത്തിലേക്കുള്ള വരവിന്റെ ഉദ്ദേശ്യശുദ്ധിയും സംശയാസ്പദമാണ്. ഇതടിസ്ഥാനത്തില്‍ കേരളത്തിലും സി ബി ഐക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ അത് തെറ്റിദ്ധാരണക്കിടയാക്കുമെന്നും രാഷ്ട്രീയ ശത്രുക്കള്‍ക്ക് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിനൊരു പുതിയ ആയുധമായിത്തീരുമെന്നും കണ്ട് വേണ്ടെന്ന് വെക്കുകയായിരുന്നു.

ഇന്ത്യ കണ്ട ഏറ്റവും മികച്ച പോലീസ് മേധാവികളില്‍ ഒരാളായിരുന്ന പഞ്ചാബിലെ കെ പി എസ് ഗില്‍ പോലീസ് രംഗത്തെ തന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യന്‍ പോലീസ് സംവിധാനത്തെ വിലയിരുത്തിക്കൊണ്ട് ഇങ്ങനെ എഴുതി; “വര്‍ധിച്ചു വരുന്ന രാഷ്ട്രീയവത്കരണം രാജ്യത്തെ പോലീസിന്റെ വിശ്വാസ്യത ചോര്‍ത്തുകയാണ്. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് രാഷ്ട്രീയ സംവിധാനത്തിന്റെ ആശ്രിത അനുബന്ധ ഘടകമായി മാറിയിരിക്കുന്നു പോലീസ്”. സി ബി ഐയുടെ കാര്യത്തില്‍ തീര്‍ത്തും അനുയോജ്യമാണ് ഗില്ലിന്റെ ഈ വിലയിരുത്തല്‍. സര്‍ക്കാറിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി പ്രവര്‍ത്തിക്കേണ്ട ദുരവസ്ഥ തുടരുന്ന കാലത്തോളം സി ബി ഐയുടെ കാര്യക്ഷമതാ കുറവും വിശ്വാസ്യതയിലെ ചോര്‍ച്ചയും പരിഹരിക്കാനാകില്ല. ബാഹ്യ സമ്മര്‍ദങ്ങളില്‍ നിന്ന് സി ബി ഐയെ സ്വതന്ത്രമാക്കണമെന്നും നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ അവരെ അനുവദിക്കുന്നില്ലെങ്കില്‍ തങ്ങള്‍ക്ക് ഇടപെടേണ്ടി വരുമെന്നും 2013 മെയില്‍ കല്‍ക്കരി ഇടപാട് കേസില്‍ സുപ്രീം കോടതി കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോടതിയുടെ അത്തരമൊരു ഇടപെടലിന്റെ സമയം അതിക്രമിച്ചിട്ടുണ്ട്.