കാർഷിക സംസ്‌കൃതി

Posted on: October 4, 2020 11:52 am | Last updated: October 4, 2020 at 11:52 am

കൃഷി മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന ശിലയും കൂടിയാണത്. പ്രാചീനകാലം മുതൽ മാനവസംസ്‌കൃതിയുടെ ഭാഗമാണ് കാർഷിക വൃത്തി. ലോകത്തെ ആദിമ നാഗരികതകളെല്ലാം കൃഷിക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു. എക്കാലത്തും വിശപ്പിനെ മറികടക്കാനുള്ള പോരാട്ടങ്ങൾ മനുഷ്യൻ നടത്തിയിട്ടുണ്ട്. അങ്ങനെയാണ് കാർഷിക വിപ്ലവങ്ങൾ പല കോണിലും രൂപപ്പെട്ടത്. ലോകത്ത് ക്ഷേമരാഷ്ട്രത്തെ സ്വപ്നം കണ്ട ഭരണാധികാരികളെല്ലാം കൃഷിയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പല ഭരണാധികാരികളും രാജ്യ സമൃദ്ധിയുടെയും പുരോഗതിയുടെയും അടയാളമായി കൃഷിയെ കണ്ടു. അതിനാൽ കൃഷിയേയും കർഷകരേയും പ്രോത്സാഹിപ്പിച്ചു. മനുഷ്യ ശരീരത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങളും കായ്കനികളും ഉത്പാദിപ്പിക്കുന്നതിലൂടെ സമൂഹത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനും കൃഷിയിലൂടെ സാധിക്കുന്നു. മനുഷ്യേതര ജീവികളും മനുഷ്യൻ ചെയ്യുന്ന കൃഷിയുടെ ഗുണഭോക്താക്കളാണ്. ഭൗമലോകം വാസയോഗ്യമാക്കിയ സ്രഷ്ടാവ് കൃഷി ചെയ്യാനുള്ള അനുകൂല ഘടകങ്ങളും വിഭവങ്ങളും ഇവിടെ സംവിധാനിച്ചിട്ടുണ്ട്. അവ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണ് മനുഷ്യൻ ചെയ്യേണ്ടത്.

സ്രഷ്ടാവ് മനുഷ്യന് നൽകിയ സമഗ്ര ജീവിത പദ്ധതിയാണ് ഇസ്്ലാം. അതിനാൽ പരലോകം മാത്രമല്ല ഈ ലോകവും അതിലെ വ്യവഹാരങ്ങളും അത് പ്രമേയമാക്കുന്നു. ആരാധനാമുറകൾ, ഇടപാടുകൾ, രാഷ്ട്രമീമാംസ, കുടുംബ ജീവിതം, കച്ചവടം, കൃഷി തുടങ്ങി മനുഷ്യ ജീവിതത്തിന്റെ സർവ തലങ്ങളിലേക്കും ഇസ്്ലാം വഴികാണിക്കുന്നു. കാർഷികവൃത്തിയിലേക്ക് വിരൽചൂണ്ടുന്ന നിരവധി ഖുർആൻ സൂക്തങ്ങൾ നമുക്ക് കാണാം. ഖുർആൻ പറയുന്നു. “നിർജീവമായിക്കിടന്ന ഭൂമിയെ നാം സജീവമാക്കി. അതിൽ നിന്നും അവർ ഭക്ഷിക്കുന്ന ധാന്യത്തെ നാം വിളയിച്ചു എന്നത് അവർക്ക് വ്യക്തമായ ഒരു ദൃഷ്ടാന്തമാണ്. അതിൽ ഈത്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങളുമുണ്ടാക്കി. അതിലെത്രയോ ഉറവകളൊഴുക്കുകയും ചെയ്തു. അതിൽ ഫലങ്ങളിൽ നിന്നും അവരുടെ സ്വന്തം കരങ്ങൾ പ്രവർത്തിച്ചതിൽ നിന്നും അവർ ഭക്ഷിക്കുന്നതിന് വേണ്ടിയാണിവയത്രയും. എന്നാൽ അവരിനിയും നന്ദി ചെയ്യുന്നില്ലല്ലോ’. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളേറെയാണ് കൃഷിയിൽ. തരിശ് ഭൂമിയിൽ സമൃദ്ധമായ മഴ പെയ്തിറങ്ങി ആ ഈർപ്പത്തിൽ വിത്തുകൾ മുളപൊട്ടുന്നു. അതിൽ ചിലതു പടർന്നു പന്തലിച്ച് വടവൃക്ഷമാകുന്നു. അവ സ്വാദിഷ്ഠമായ പഴങ്ങൾ നൽകുന്നു. ചിലത് ധാന്യക്കതിരുകൾ നൽകുന്നു. ചിലത് കിഴങ്ങുകൾ നൽകുന്നു. വിത്ത് മുള പൊട്ടുന്നത് മുതൽ ഫലം തരുന്നത് വരെ ഒരു സസ്യത്തിൽ നടക്കുന്ന ജൈവമാറ്റങ്ങൾ മനുഷ്യന് അചിന്തനീയമാണ്. അതെല്ലാം സ്രഷ്ടാവിന്റെ മഹത്തായ കഴിവുകളെയാണ് മനസ്സിലാക്കിത്തരുന്നത്.

കാർഷികവൃത്തി ജീവിതോപാധി മാത്രമല്ല. അതൊരു പുണ്യകർമമാണ്. മനുഷ്യൻ മാത്രമല്ല മനുഷ്യേതര ജീവികൾ ഭക്ഷിച്ചാലും അതിന്റെ പുണ്യം കർഷകന് ലഭിക്കുമെന്നാണ് തിരുവചനങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. നബി (സ) പറഞ്ഞു. “ഏതൊരു മുസ്്ലിമും ഒരു വൃക്ഷം നട്ടുപിടിപ്പിക്കുകയും അതിൽ നിന്ന് എന്തെങ്കിലും (ആരെങ്കിലും ) ഭക്ഷിക്കുകയും ചെയ്താൽ അത് അവനൊരു സ്വദഖ ആകാതിരിക്കില്ല. അതിൽ നിന്നെന്തെങ്കിലും മോഷ്ടിക്കപ്പെട്ടാലും മൃഗങ്ങൾ ഭക്ഷിച്ചാലും പക്ഷികൾ ഭക്ഷിച്ചാലും അത് അവന് സ്വദഖയാണ് ‘.
കൃഷിയെ സാമൂഹികബാധ്യതയായിട്ടാണ് ഇസ്്ലാം കാണുന്നത്. ഇമാം ഖുർതുബി(റ) പറയുന്നു: “കൃഷി സാമൂഹിക ബാധ്യതയാണ്. ജനങ്ങളെ കൃഷിചെയ്യാൻ നിർബന്ധിക്കൽ ഭരണാധികാരിയുടെ ബാധ്യതയാണ് ‘. കൃഷി ചെയ്യാൻ ഭൂമിയുള്ളവന് ഒരു പക്ഷേ കൃഷി ചെയ്യാനുള്ള അറിവും ശേഷിയും താത്പര്യവും ഉണ്ടാകണമെന്നില്ല. അതിനാൽ ഭൂമി നിഷ്‌ക്രിയമായിക്കിടക്കുന്നു. അത് തൊഴിലില്ലായ്മയിലേക്കും ഭക്ഷ്യ പ്രതിസന്ധിയിലേക്കും നയിക്കും.’ നബി(സ) പറഞ്ഞു : “ഒരാൾക്ക് കൃഷിഭൂമിയുണ്ടെങ്കിൽ അയാൾ കൃഷി ചെയ്യട്ടെ അല്ലെങ്കിൽ അവന്റെ സഹോദരന് കൃഷി ചെയ്യാൻ നൽകട്ടെ ‘.
കൃഷി കർഷകന് മാനസിക സന്തോഷവും ഉല്ലാസവും നൽകുന്നു. പൂത്തുലഞ്ഞ് നിൽക്കുന്ന കൃഷിത്തോട്ടങ്ങൾ അവന് നൽകുന്ന ആനന്ദം ചെറുതല്ല. നിറഞ്ഞ് നിൽക്കുന്ന പുഷ്പങ്ങളും കായ്കനികളും സ്രഷ്ടാവിന്റെ ആസ്തിക്യത്തെ വീണ്ടും വീണ്ടും അവന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നു.അവൻ നട്ടുവളർത്തിയ സസ്യലതാദികളും വടവൃക്ഷങ്ങളും തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കുന്നു. ആ തസ്ബീഹിന്റെ പ്രതിഫലവും കർഷകന് ലഭിച്ചുകൊണ്ടിരിക്കും. മാത്രമല്ല , അന്ത്യനാൾ വരെ അവൻ കൃഷി ചെയ്തതിൽ നിന്നുണ്ടായ സസ്യങ്ങളെയും വൃക്ഷങ്ങളേയും ആരെല്ലാം ഉപയോഗപ്പെടുത്തിയോ അതിന്റെയെല്ലാം പ്രതിഫലം അവന് ലഭിച്ചു കൊണ്ടിരിക്കും.

ALSO READ  മണൽക്കാട്ടിലെ പച്ചത്തുരുത്ത്

കൂടാതെ സമൂഹത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിൽ ഭാഗഭാക്കാകാനും അവന് സാധിക്കുന്നു. നാം ചെയ്യുന്ന കൃഷിയുടെ ഗുണഭോക്താക്കൾ നമ്മളാകണമെന്നില്ല. അത് അടുത്ത തലമുറയാകാം. നമ്മുടെ പൂർവികർ ചെയ്ത കൃഷിയുടെ ഗുണഭോക്താക്കൾ നമ്മളാണ്. നമുക്ക് അനുഭവിക്കാൻ കഴിഞ്ഞില്ലെങ്കിലും നാളേക്ക് വേണ്ടിയുള്ള ഒരു കരുതൽ നാം നടത്തണം. നബി (സ) പറഞ്ഞു: “ലോകാവസാനം സംഭവിക്കുമ്പോൾ നിങ്ങളുടെ കൈയിൽ ഒരു ഈത്തപ്പന തൈയുണ്ടെങ്കിൽ അത് കൃഷി ചെയ്യാൻ സാധിക്കുമെങ്കിൽ അവനത് ചെയ്യട്ടെ ‘.
ഇസ്്ലാമിക നാഗരികതയിൽ കൃഷിക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു. ഈത്തപ്പനത്തോട്ടങ്ങൾ പരിപാലിച്ചിരുന്ന നിരവധി സ്വഹാബികളെ ചരിത്രത്തിൽ കാണാം. അതിൽ അബ്ദുർറഹ്്മാൻ ബ്‌നു ഔഫ്(റ) പോലെയുള്ള ധനികരുമുണ്ടായിരുന്നു.

രണ്ട് വലിയ തോട്ടങ്ങളുണ്ടായിരുന്ന അബുദഹ്ദാഹ് (റ) അതിൽ ഏറ്റവും ലാഭകരമായ തോട്ടം അല്ലാഹുവിന് “കടം നൽകിയ’ ചരിത്രമെല്ലാം പ്രസിദ്ധമാണ്. അബ്ബാസീ ഭരണകാലത്ത് ദീവാനുൽ മാഅ എന്ന പേരിൽ കൃഷി ജലസേചന പദ്ധതികൾക്ക് രൂപം നൽകിയിരുന്നു. ചുരുക്കത്തിൽ കൃഷി നാടിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ശിലയാണെന്ന് തിരിച്ചറിഞ്ഞ ഭരണാധികാരികളെല്ലാം കൃഷിക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷയൊരുക്കുന്ന കർഷക സമൂഹത്തെ ചേർത്തു പിടിക്കാനും കൃഷിയെ പ്രോത്സാഹിപ്പിക്കാനുമാണ് ഭരണാധികാരികൾ ശ്രമിക്കേണ്ടത്. കർഷകർക്കു നേരെയുള്ള ഒളിയമ്പുകൾ ഒരു സംസ്‌കാരത്തെ മാത്രമല്ല തകർക്കുന്നത് ഒരു ജനതയെക്കൂടിയാണ്.