National
ഹത്രാസില്‍ കൈകഴുകി യുപി പോലീസ്; മൃതദേഹം സംസ്‌കരിച്ചത് പ്രാദേശിക ഭരണകൂടിത്തിന്റെ തീരുമാനപ്രകാരമെന്ന്

ഹത്രാസ് | ദളിത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് ഡിജിപി. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളെ അറിയിക്കാതെ തിടുക്കത്തില്‍ സംസ്‌കരിച്ച സംഭവത്തില്‍ കൈകഴുകുന്ന നിലപാടാണ് ഡിജിപി സ്വീകരിച്ചത്. മൃതദേഹം സംസ്‌കരിച്ചതുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും പറയാനില്ലെന്നും പ്രാദേശിക ഭരണതലത്തിലാണ് അത്തരമൊരു നിലപാടെന്നും ഉത്തര്‍പ്രദേശ് പൊലീസ് മേധാവി എച്ച് സി അവാസ്തി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ഇതാദ്യമായാണ് പോലീസ് നേതൃത്വം പ്രതികരിക്കുന്നത്.
ഹത്രാസ് ഇരയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഡിജിപിയുടെ പ്രതികരണം. സംഭവത്തില്‍ കുടുംബാംഗങ്ങളുടെ ദുഖത്തിന്റെ ശരിയായ കാരണം കണ്ടെത്താനായിരുന്നു തന്റെ സന്ദര്‍ശനം. എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉയര്‍ന്നുവന്നതെന്നും അവരുടെ പരാതിക്ക് ശരിയായ പരിഹാരം എന്തുകൊണ്ട് ഉണ്ടായില്ലെന്നും മനസ്സിലാക്കേണ്ടതുണ്ടെന്നും ഡിജിപി മാധ്യമങ്ങളോട് വ്യക്തമാക്കി.
കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം സംബന്ധിച്ച ചോദ്യത്തിന്, അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെന്നും യുപി പോലീസിനെ വിശ്വാസത്തിലെടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ഡിജിപി മറുപടി നല്‍കി.
അതിനിടെ, ഡി.ജി.പി അവാസ്തിയും യു.പി ആഭ്യന്തര സെക്രട്ടറി അവിനാശ് അവാസ്ഥിയും ഇരയുടെ കുടുംബവുമായി വിശദമായ കൂടിക്കാഴ്ച നടത്തിയതായി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ഇരയുടെ കുടുംബം ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും ഇരുവരും പറഞ്ഞു. പെണ്‍കുട്ടിയുടെ ഗ്രാമത്തിന്റെ സുരക്ഷ ശക്തമാക്കുമെന്നും അവര്‍ അറിയിച്ചു.