Connect with us

Articles

സമാധാന ദൂതൻ, സമ്മതനായ മധ്യസ്ഥൻ

Published

|

Last Updated

ഇന്നലെ വിട പറഞ്ഞ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്്മദ് അൽ സബാഹിനെ എങ്ങനെയാകും ചരിത്രം രേഖപ്പെടുത്തുക? അതിസങ്കീർണമായൊരു ലോക സാഹചര്യത്തിൽ മധ്യപൂർവ ദേശത്തെ സമാധാനദൂതനായും എവർക്കും സമ്മതനായ മധ്യസ്ഥനായി ലോകം അദ്ദേഹത്തെ വിലയിരുത്തിപ്പോന്നു. വിദേശ കാര്യ മന്ത്രി എന്ന നിലയിൽ ദീർഘകാലത്തെ അറിവും അനുഭവങ്ങളുമായി അമീർ പദവിയിൽ എത്തിയത് തന്റെ ഈ ദൗത്യങ്ങൾക്കെല്ലാം വലിയ സൗകര്യവുമായി. മാനവീകതക്ക് ഏറ്റവും മൂല്യം കല്പിച്ചിരുന്ന ഭരണാധികാരി ആയിരുന്നു ശൈഖ് സ്വബാഹ്.
ഏറ്റവും ഒടുവിൽ അമേരിക്കയുടെ പരമോന്നത സൈനിക ബഹുമതിയായ ലീജിയൻ ഓഫ് മെറിറ്റ് പുരസ്‌കാരത്തിനും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. മധ്യ പൗരസ്ത്യ ദേശത്തും ഗൾഫ് രാഷ്ട്രങ്ങൾക്കിടയിലും കാരണരുടെ സ്ഥാനമായിരുന്നു അദ്ദേഹത്തിന്. 2017 ജൂണിൽ ഖത്തറും സഊദി , യു എ ഇ, ബഹ്്റൈൻ മുതലായ ഗൾഫ് രാഷ്ട്രങ്ങൾ തമ്മിലുടലെടുത്ത ഭിന്നത പരിഹരിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ലോകത്തിന്റെ പ്രശംസക്ക് പാത്രമായിരുന്നു.
ജീവ കാരുണ്യ രംഗത്തെ സംഭാവനകൾ മുൻ നിർത്തി 2014 സെപ്തംബർ ഒമ്പതിനു ഐക്യരാഷ്ട്ര സഭ അദ്ദേഹത്തെ “ആഗോള മാനവികതയുടെ നേതാവ്” എന്ന പദവി നൽകിയാണ് ആദരിച്ചത്.

ഇന്ത്യയുമായും മികച്ച ബന്ധമാണു ഇദ്ദഹം കാത്തു സൂക്ഷിച്ചിരുന്നത്. 2006 ൽ അമീർ പദവി ഏറ്റെടുത്ത ശേഷം അദ്ദേഹം ആദ്യമായി സന്ദർശനം നടത്തിയ വിദേശ രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നു. 2006 ജൂലൈയിൽ ഇന്ത്യ സന്ദർശിച്ച അദ്ദേഹം ഇരു രാഷ്ട്രങ്ങൾ തമ്മിലുള്ള വിവിധ കരാറുകളിലാണു ഒപ്പു വെച്ചത്. ഈ കാലയളവിൽ ഇന്ത്യയുമായുള്ള വ്യാപര ബന്ധവും കുതിച്ചുയർന്നു. 2017 ജൂലൈ 25 നും അദ്ദേഹം സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയിരുന്നു. കേരളത്തിലേക്ക് ചികിത്സാർഥമായിരുന്നു ഏറ്റവും ഒടുവിലത്തെ ഇന്ത്യാ സന്ദർശനം. ഒടുവിൽ കാശ്മീർ വിഷയത്തിൽ പല രാജ്യങ്ങളും പാകിസ്ഥാനു പിന്തുണ പ്രഖ്യാപിച്ചപ്പോൾ പോലും ഇരു പക്ഷത്തും ചേരാതെ ചർച്ചകളിലൂടെ വിഷയം പരിഹരിക്കണമെന്ന നിലപാടാണു അദ്ദേഹം സ്വീകരിച്ചത്.

കുവൈത്തി ജനതക്കും കുവൈത്തിൽ അധിവസിക്കുന്ന വിദേശികൾക്കും എന്നും പ്രിയപ്പെട്ട നേതാവായിരുന്നു അമീർ ഷൈഖ് സബാഹ് അൽ അഹമ്മദ് സബാഹ്.കൊറോണ കാലത്ത് കുവൈത്ത് ടെലവിഷനിലൂടെ അദ്ദേഹം രാജ്യത്തോട് അഭിസംബോധന നടത്തവേ പറഞ്ഞത് ഇപ്രകാരമായിരുന്നു. “എന്റെ ജനത ദുരിതമനുഭവിക്കവെ എനിക്കെങ്ങിനെ സമാധാനമായി കിടന്നുറങ്ങാൻ കഴിയും.” ശൈഖ് സബാഹ് രാജ്യത്തോട് നടത്തിയ അവസാന പ്രസംഗമായിരുന്നു അത്. 2006ൽ അധികാരം ഏറ്റെടുത്ത ശേഷം വന്ന ആദ്യ ദേശീയ ദിനത്തിൽ ഓരോ കുവൈത്തി പൗരനും 1000 ദിനാർ വീതം സമ്മാനം പ്രഖ്യാപിച്ചു കൊണ്ടാണു കുവൈത്തി ജനതയുടെ മനസ്സിൽ അദ്ദേഹം ഇടം നേടിയത്.

ശൈഖ് ജാബിർ ക്രോസ്സ് വെ, സിൽക് സിറ്റി, ലക്ഷക്കണക്കിനു പേർക്കുള്ള വിവിധ പാർപ്പിട കേന്ദ്രങ്ങൾ, വിഷൻ 30 മുതലായ ജനകീയ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കാനും അദ്ദേഹത്തിന്റെ ഭരണകാലത്താണു മുൻ കൈയെടുത്തത്. രാജ്യത്ത് കഴിയുന്ന 34 ലക്ഷത്തോളം വിദേശികളോടും അദ്ദേഹം ഏറെ ഉദാരമായ സമീപനമാണു വെച്ചു പുലർത്തിയത്. ജനസംഖ്യാ പരമായ സന്തുലനം പാലിക്കുന്നതിന്റെ ഭാഗമായി വിദേശികളുടെ എണ്ണം കുറക്കുവാനും വിദേശികൾക്ക് നൽകുന്ന സേവനങ്ങളുടെ നിരക്ക് വർധിപ്പിക്കാനും പാർലിമെന്റിൽ മുറവിളി ഉയർന്നപ്പോഴും വിഷയത്തിൽ അമീർ വ്യക്തിപരമായി സ്വീകരിച്ച വിരുദ്ധ നിലപാട് കാരണമാണു അവ ഇതുവരെ നടപ്പാക്കാതെ നീണ്ടു പോയത്.
ചുരുക്കത്തിൽ കുവൈത്തി ജനതക്കും വിദേശികൾക്കും നികത്താനാവാത്ത നഷ്ടം നൽകിക്കൊണ്ടാണു അമീർ സബാഹ് അൽ അഹ്്മദ് സബാഹ് വിട വാങ്ങിയത്.

ഹനീഫ് വെള്ളച്ചാൽ, കുവൈത്ത്