Connect with us

Covid19

പത്ത് കോടി കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ കൂടുതലായി ഉത്പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

Published

|

Last Updated

ബെംഗളൂരു | ഇന്ത്യയടക്കമുള്ള ദരിദ്ര രാജ്യങ്ങള്‍ക്ക് വേണ്ടി കൊവിഡ്- 19 വാക്‌സിന്റെ 10 കോടി ഡോസുകള്‍ അധികം ഉത്പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇതോടെ കമ്പനി നിര്‍മിക്കുന്ന മൊത്തം ഡോസുകളുടെ എണ്ണം 20 കോടിയാകും. ബില്‍- മെളിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷനും ഗവി വാക്‌സിന്‍സും ഫണ്ട് ഇരട്ടിയാക്കിയതിനാലാണ് ഈ തീരുമാനമെന്നും കമ്പനി അറിയിച്ചു.

ആസ്ട്രസെനിക്ക, നൊവവാക്‌സ് എന്നിവയുടെ വാക്‌സിനാണ് സിറം ഉത്പാദിപ്പിക്കുന്നത്. കൊവാക്‌സ് എന്നാണ് വാക്‌സിന്‍ നിര്‍മാണ പദ്ധതിയുടെ പേര്. അടുത്ത വര്‍ഷം ആദ്യ പകുതിയോടെ കൊവാക്‌സ് ലഭ്യമാക്കാനാണ് കമ്പനിയുടെ പദ്ധതി.

ഓരോന്നിനും പരമാവധി മൂന്ന് ഡോളര്‍ വിലയില്‍ പത്ത് കോടി ഡോസുകള്‍ അധികം ഉത്പാദിപ്പിക്കാനാണ് കഴിഞ്ഞ മാസം സിറം, ഗവി, ഗേറ്റ്‌സ് ഫൗണ്ടേഷന്‍ എന്നിവ പ്രാഥമിക കരാര്‍ ഒപ്പുവെച്ചത്. ഇതോടെ വാക്‌സിന്‍ നിര്‍മാണത്തിന് സിറത്തിന് ലഭിക്കുന്ന ധനസഹായം 30 കോടി ഡോളറായി ഉയര്‍ന്നു. ലോകാരോഗ്യ സംഘടനയും ഗവിയും നേതൃത്വം നല്‍കുന്ന കൊവാക്‌സ് പദ്ധതി പ്രകാരം അടുത്ത വര്‍ഷം അവസാനത്തോടെ ലോകമെമ്പാടും 200 കോടി വാക്‌സിന്‍ ഡോസ് വിതരണം ചെയ്യാനാണ് പദ്ധതിയിടുന്നത്.