ദാരിദ്ര്യം

Posted on: September 27, 2020 4:49 pm | Last updated: October 8, 2020 at 4:55 pm

മനുഷ്യൻ മാന്യവും അനുവദനീയവുമായ മാർഗങ്ങളിലൂടെ ഉപജീവനം കണ്ടെത്തി ജീവിക്കണമെന്നതാണ് മതം അനുശാസിക്കുന്നത്. ജീവനോപാധികൾ തേടിയുള്ള അവന്റെ യാത്രയിൽ പല പരീക്ഷണങ്ങളും പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും. അത്തരം ഘട്ടങ്ങളെ പക്വതയോടെയും മനഃസാന്നിധ്യത്തോടെയുമാണ് സമീപിക്കേണ്ടത്. സാമ്പത്തികാഭിവൃദ്ധിയും പിന്നാക്കാവസ്ഥയും പടച്ചവന്റെ പരീക്ഷണങ്ങളാണ്. ഖുർആൻ പറയുന്നു: “അവൻ ഉദ്ദേശിച്ചവർക്ക് വിശാലത ചെയ്യുകയും മറ്റു ചിലർക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നത് അവർ കാണുന്നില്ലേ? വിശ്വസിക്കുന്ന ജനങ്ങൾക്ക് അതിൽ ദൃഷ്ടാന്തങ്ങളുണ്ട്; തീർച്ച. (സൂറതു റൂം :37).
ദാരിദ്ര്യത്തിന് വിശാലമായ ആശയതലങ്ങളുണ്ട്. ജീവിക്കാനാവശ്യമായ ആഹാരം, വസ്ത്രം, പാർപ്പിടം, ശുദ്ധജലം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ അനിവാര്യതകളുടെ ദൗർലഭ്യതയുളവാക്കുന്ന അവസ്ഥക്കാണ് ദാരിദ്ര്യമെന്ന് പറയുന്നത്. ദാരിദ്ര്യത്തെ പ്രാഥമിക ദാരിദ്ര്യമെന്നും (Primary Poverty), ആപേക്ഷിക ദാരിദ്ര്യമെന്നും (Relative Poverty) തരംതിരിക്കാം. പ്രാഥമിക ദാരിദ്ര്യമെന്നത് ചുരുങ്ങിയ ജീവിതാവശ്യങ്ങൾ നിർവഹിച്ച് ശാരീരിക കാര്യക്ഷമത നിലനിർത്തിക്കൊണ്ടുപോകാൻ വരുമാനം അപര്യാപ്തമായ അവസ്ഥയാണ്. ആപേക്ഷിക ദാരിദ്ര്യമാകട്ടെ ദുർവ്യയപരമായ ചെലവുകളില്ലെങ്കിൽ കിട്ടുന്ന വരുമാനം ശാരീരിക കാര്യക്ഷമത നിലനിർത്തിക്കൊണ്ടുപോകാൻ മതിയാകുമെന്ന അവസ്ഥയാണ്.

ജനസംഖ്യാ പെരുപ്പം ദാരിദ്ര്യത്തിന് കാരണമാകുന്നുവെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ വിലയിരുത്തൽ. അതിനെ ഏറ്റുപിടിച്ച് നമ്മുടെ നാടും നിയമനിർമാണം നടത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ, മാനവികതയുടെ മൂല്യങ്ങളുൾക്കൊള്ളുന്ന വിശുദ്ധ ഇസ്്ലാം പ്രസ്തുത ആശയത്തെ നിരാകരിക്കുന്നു. സാമൂഹിക സന്തുലിതാവസ്ഥ നിലനിൽക്കുന്നതിനും സാമ്പത്തിക ഉച്ചനീചത്വങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനും ഇസ്്ലാം കൃത്യമായ കാഴ്ചപ്പാടുകളവതരിപ്പിക്കുന്നുണ്ട്. പട്ടിണിക്കെതിരെയുള്ള പരിശ്രമങ്ങളിൽ മതമോ ജാതിയോ നോക്കേണ്ടതില്ലെന്നും മനുഷ്യർക്കപ്പുറം സർവ ജീവജാലങ്ങളേയും പരിഗണിക്കണമെന്നുമുള്ള സാമ്പത്തിക മാനിഫെസ്റ്റോയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. പട്ടിണിയെ ഭയന്ന് ഭ്രൂണഹത്യയിലൂടെയും അരുംകൊലയിലൂടെയും മനുഷ്യക്കുഞ്ഞുങ്ങളെ ഞെരുക്കിക്കൊല്ലുകയെന്നത് വളരെ ലാഘവത്തോടെയാണ് പരിഷ്‌കൃത സമൂഹം കാണുന്നത്. അവരറിയുന്നുണ്ടോ കൊലചെയ്യപ്പെടുന്ന കുഞ്ഞുങ്ങളുടെ ഭാവി? അല്ലാഹു പറയുന്നു: “പട്ടിണി പേടിച്ച് നിങ്ങൾ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്. അവർക്കും നിങ്ങൾക്കും അന്നം നൽകുന്നത് നാമാണ്. അങ്ങനെ കൊല്ലുന്നത് കൊടിയ കുറ്റം തന്നെ ‘ (അൽ ഇസ്‌റാഅ്: 31). പ്രപഞ്ചത്തിലെ സകല ജീവജാലകങ്ങൾക്കുള്ള ഉപജീവനമാർഗം ഒരുക്കുന്നത് അല്ലാഹു മാത്രമാണ്. “തീർച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നൽകുന്നവനും ശക്തനും പ്രബലനും’. (അദ്ദാരിയാത്: 58).

സൃഷ്ടികളുടെ മൊത്തം ഉപജീവനം ഏറ്റെടുത്ത അല്ലാഹു കരയിലെയും കടലിലെയും ആകാശങ്ങളിലെയും സർവ സൃഷ്ടികൾക്കും സമയാസമയം ഉപജീവനത്തിനുള്ള വകകൾ എത്തിച്ചുകൊണ്ടിരിക്കുന്നു. അതെത്ര ചെറിയതും നിസാരവുമായ ജീവികളായിരുന്നാൽ പോലും. അതൊരിക്കലും അവൻ തെറ്റിക്കുകയില്ല. ഇരുട്ടറകളിൽ വസിക്കുന്ന ജീവികൾക്കും ആഴിയിൽ ഊളിയിടുന്ന മത്സ്യങ്ങൾക്കും ഗർഭസ്ഥ ശിശുക്കൾക്കും ആവശ്യമായ അന്നവും ഔഷധവും അവൻ നൽകുന്നു. ഭൂലോക സൃഷ്ടികൾ ഒന്നിച്ച് തീരുമാനിച്ചാലും അല്ലാഹുവിന്റെ ഖജനാവിൽ നിന്ന് ഒരൽപ്പം പോലും കുറക്കാനോ കൂട്ടാനോ സാധിക്കുകയില്ല!
ഭൗതിക ജീവിതത്തിൽ ഇടക്കിടെ പരീക്ഷണങ്ങളുണ്ടായിക്കൊണ്ടിരിക്കും. അത്തരം ഘട്ടങ്ങളിൽ അസ്വസ്ഥരാകാതെ അനുസരണ കാണിക്കുകയാണ് വേണ്ടത്. “കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവർക്ക് താങ്കൾ സന്തോഷവാർത്ത അറിയിക്കുക. തങ്ങളെ വല്ല വിപത്തും ബാധിച്ചാൽ അവർ (ആ ക്ഷമാശീലർ) പറയും, ഞങ്ങൾ അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും’. (അൽബഖറ:155,156)
സാമ്പത്തികമായും ശാരീരികമായും മാനസി കമായും ആത്മീയമായും അപചയങ്ങൾ സംഭവിച്ച്് ദാരിദ്ര്യത്തിലേക്ക് ആപതിക്കുന്നതിന് നിതാനമാകുന്ന ചില കാര്യങ്ങൾ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

ALSO READ  കാർഷിക സംസ്‌കൃതി

വസ്ത്രത്തിലെ കീറിയ ഭാഗം ധരിച്ചു കൊണ്ട് തുന്നുക, വെയ്സ്റ്റുകൾ വീടിനുള്ളിൽ ശേഖരിച്ചു വെക്കുക, രാത്രി വീട് അടിച്ചുവാരുക, ഭക്ഷണാവശിഷ്ടങ്ങൾ അവഗണിക്കുക, ഉപയോഗിച്ച പാത്രങ്ങൾ കഴുകാതെ വെക്കുക, സുബ്ഹിക്ക് ശേഷം ഉറങ്ങുക, ആവശ്യക്കാർക്ക് വെള്ളം മുടക്കുക, കെട്ടിനിൽക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കുക, മാതാപിതാക്കൾക്ക് വേണ്ടി പ്രാർഥിക്കാതിരിക്കുക തുടങ്ങിയവ ദാരിദ്ര്യത്തെ അനന്തരമാക്കുമെന്ന് അലി (റ) പറഞ്ഞിട്ടുണ്ട്.

എത്ര ദാരിദ്ര്യമുണ്ടായാലും സ്രഷ്ടാവിന്റെ വിശാലമായ കാരുണ്യത്തെ തൊട്ട് സൃഷ്ടികൾ പ്രതീക്ഷ കൈവിടരുത്. കാരണം മുഴുവൻ സൃഷ്ടികൾക്കുമുള്ള ഭക്ഷണം അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. പത്ത് സെന്റ് ഭൂമിയിൽ വീട് വെച്ച് താമസിക്കുന്ന മനുഷ്യന്റെ ചുറ്റും അതേ മണ്ണിൽ ആയിരക്കണക്കിനു വിവിധയിനം ജീവികൾ സന്തോഷകരമായി ജീവിക്കുന്നു. ഓരോ ജീവിയും അതിനാവശ്യമായ അന്നം തേടി രാവിലെ പുറപ്പെടുകയും വയറ് നിറച്ച് വൈകുന്നേരം മടങ്ങുകയും ചെയ്യുന്നു. സ്രഷ്ടാവിൽ ഭരമേൽപ്പിച്ച് ജീവിതോപാധി തേടുമ്പോൾ അല്ലാഹു അവക്ക് അതറിയിച്ച് കൊടുക്കുന്നു. എന്നപോലെ മനുഷ്യനാവശ്യമുളള ഭക്ഷണവും മറ്റു പദാർഥങ്ങളും ഭൂമിയിലുണ്ട്. അതാർജിക്കാനുള്ള മാർഗങ്ങൾ അവൻ കണ്ടെത്തണമെന്നു മാത്രം.

ഡോ. അബൂബക്കർ നിസാമി കളരാന്തിരി
[email protected]