വായ്നാറ്റം അകറ്റാം

Posted on: September 27, 2020 6:37 pm | Last updated: September 27, 2020 at 6:42 pm

ഇന്ന് വളരെയധികം ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വായ്നാറ്റം അഥവാ Bad breath. ജോലി സ്ഥലങ്ങളിൽ, സ്കൂളിൽ അല്ലെങ്കിൽ ആളുകളുമായി അടുത്തിടപഴകേണ്ടി വരുന്ന ഏതൊരവസരത്തിലും നമ്മുടെ ആത്മവിശ്വാസത്തെ കാര്യമായി ബാധിക്കുന്ന ഒന്നാണ് വായ്നാറ്റം. അതുകൊണ്ട് തന്നെയാണല്ലോ എല്ലാ ടൂത്ത്പേസ്റ്റുകളുടെ പരസ്യങ്ങളിലും “ഉന്മേഷകരമായ ശ്വാസം’ എന്ന വാചകം കൂടി കൊടുക്കുന്നത്. സൾഫൈഡ് വാതകങ്ങളാണ് വായ നാറ്റത്തിന് കാരണമാകുന്നത്. ഇവ എങ്ങനെയെല്ലാം എന്ന് നോക്കാം.

നാവിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്ക്
50-60 ശതമാനം വരെയുള്ള വായനാറ്റത്തിന്റെ കാരണം നാവിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കാണ്. വെളുത്ത പാട പോലെ നമുക്ക് കാണാൻ സാധിക്കുന്ന ഇതിൽ ഭക്ഷണ പദാർഥങ്ങളും സൂക്ഷ്മ ജീവികളും വളരെ വലിയ തോതിൽ കാണപ്പെടുന്നു.

മോണ രോഗങ്ങൾ
പല്ലിൽ അടിഞ്ഞുകൂടുന്ന പ്ലാക്ക് മോണ രോഗത്തിനും പെരിയോഡോന്റസിനും കാരണമാകുന്നു.

ആഴത്തിലുള്ള പല്ലിലെ കേട്
പല്ലുകൾക്ക് ആഴത്തിലുള്ള കേടുകളുണ്ടാകുന്പോൾ അവയിൽ ഭക്ഷണ പദാർഥങ്ങൾ അടിഞ്ഞുകൂടുന്നതും വായ്നാറ്റത്തിന് കാരണമാകുന്നു.

ഉമിനീരിന്റെ അളവിലെ വ്യത്യാസം
ഉമിനീരിന്റെ അളവ് കുറയുന്നതും വായ്നാറ്റത്തിന് കാരണമാകാറുണ്ട്.

അൾസറുകൾ, tonsillitis
ഇടക്കിടെ വായയിൽ വരാറുള്ള അൾസറുകൾ, tonsillitis എന്നിവ കാരണവും വായ്നാറ്റമുണ്ടാകാം.

ഇങ്ങനെ വായയിലുണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമല്ല വില്ലന്മാർ. ഉദര രോഗങ്ങൾ, വൃക്ക, കരൾ സംബന്ധമായ അസുഖങ്ങൾ എന്നിവയെല്ലാം വായ്നാറ്റത്തിന്റെ കാരണങ്ങളാണ്.

പ്രതിവിധികൾ
പ്രധാന കാരണം കണ്ടുപിടിച്ച് ചികിത്സ തേടുക എന്നതാണ് ഏത് അസുഖത്തിനുമുള്ള പ്രതിവിധി. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ വായ്നാറ്റത്തെ അകറ്റിനിർത്താം.

നാക്കിലെ അഴുക്കാണ് പ്രശ്നമെങ്കിൽ, നാക്ക് വടിക്കുന്നത് ഒരു ശീലമാക്കുക ( മൃദുവായ രീതിയിൽ മാത്രം).

മോണരോഗമോ, പല്ലിലെ കേടുകളോ ആണെങ്കിൽ ദന്തഡോക്ടറുടെ സഹായം തേടുക.

ഉമിനീരിന്റെ അളവ് കൂടുന്ന ഉത്പന്നങ്ങൾ ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കി ഉപയോഗിക്കുക.

ഇടക്കിടെ വരുന്ന അൾസറുകൾക്ക് ഡോക്ടറുടെ നിർദേശം തേടി വിറ്റാമിൻ ഗുളിക കഴിക്കാവുന്നതാണ്.

Tonsillitis, ഉദരസംബന്ധമായ രോഗങ്ങൾ, വൃക്ക, കരൾ രോഗങ്ങൾക്ക് ഡോക്ടറുടെ നിർദേശം തേടുക.

മൂലകാരണം കണ്ടുപിടിച്ച് ദന്ത ഡോക്ടറുടെ സഹായത്തോടെ പൂർണമായും മാറ്റാവുന്ന ഒന്നാണ് വായ്നാറ്റം. ഇനി ആളുകൾ കൂടുന്നിടത്ത് നിന്ന് മാറ്റിനിർത്തപ്പെടാതിരിക്കാൻ, ആത്മവിശ്വാസം ചോർന്നുപോകാതിരിക്കാൻ നമ്മുടെ വായയുടെ ആരോഗ്യത്തിനായി അൽപ്പ സമയം നമുക്ക് മാറ്റിവെക്കാം.

ALSO READ  ചുമക്കുമ്പോള്‍ ചങ്ക് പറിച്ചെടുക്കുന്ന വേദന; കൊവിഡ് കാലത്തെ തീവ്രാനുഭവങ്ങള്‍ പങ്കുവെച്ച് എം എ ബേബി