ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

Posted on: September 25, 2020 1:10 pm | Last updated: September 26, 2020 at 7:38 am

ചെന്നൈ | ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈയിലെ എം ജി എം ആശുപത്രിയിൽ 1.04 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് മകൻ ഛരണാണ് അറിയിച്ചത്. നേരിയ കൊവിഡ് ലക്ഷണങ്ങളോടെ കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് എസ് പി ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെപ്തംബർ ഏഴിന് കൊവിഡ് ഭേദമായിരുന്നുവെങ്കിലും ആന്തരികാവയവങ്ങളുടെ പ്രവർത്തനം താറുമാറാകുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങലിൽ ആരോഗ്യ നില കൂടുതൽ വഷളായതിനെ തുടർന്ന് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

ആഗസ്റ്റ് 13ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും വിധേയനാക്കി. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് സെപ്തംബര്‍ 19ന് അദ്ദേഹത്തിന്റെ മകന്‍ അവകാശപ്പെട്ടിരുന്നു. അദ്ദേഹം വായിലൂടെ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ALSO READ  VIDEO | 'ഒരുമിച്ച് നിൽക്കേണ്ട സമയം'; ഓർമകളിൽ എസ് പി ബിയുടെ കൊവിഡ് ബോധവത്കരണ ഗാനം

എസ് പി ബിയുടെ സഹോദരി എസ് പി ഷൈലജ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തിയിട്ടുണ്ട്. എസ് പി ബി ചികിത്സയില്‍ കഴിയുന്ന ചെന്നൈയിലെ എം ജി എം ഹെല്‍ത്ത് കെയര്‍ ആശുപത്രി പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആന്ധ്രായിലെ നെല്ലൂരിനടുത്തുള്ള കൊനോട്ടം പേട്ടയെന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1949 ജൂലൈ നാലിനാണ് എസ് പി ബി എന്ന എസ് പി ബാലസുബ്രഹ്മണ്യം ജനിച്ചത്. പ്രമുഖ ഹരികഥാ കലാകാരനായിരുന്ന പിതാവ് എസ് പി സമ്പാമൂര്‍ത്തിയായിരുന്നു ബാലുവിന്റെ ആദ്യഗുരു. ഹാര്‍മോണിയവും ഓടക്കുഴലും വായിക്കാന്‍ പഠിപ്പിച്ചതും പിതാവ് തന്നെ.

ALSO READ  എസ് പി ബി പകരം വെക്കാന്‍ ആളില്ലാത്ത സംഗീത വ്യക്തിത്വം: മുഖ്യമന്ത്രി

മദ്രാസ് കേന്ദ്രമാക്കി ഒരു തെലുങ്ക് സാംസ്കാരിക സംഘടന നടത്തിയ സംഗീത മത്സരത്തിലെ മികച്ച ഗായകനായി എസ് പി ബി തിരഞ്ഞെടുക്കപ്പെട്ടതോടെ ചലച്ചിത്രരംഗത്ത് അവസരങ്ങള്‍ തേടിയെത്തി.

1966 ല്‍ റിലീസ് ചെയ്ത ശ്രീശ്രീശ്രീ മര്യാദരാമണ്ണയാണ് എസ് പി ബി പാടിയ ആദ്യ ചിത്രം. പിന്നീട് ഇതുവരെയുള്ള സംഗീത ജീവിതത്തില്‍ 40,000 നടുത്ത് ഗാനങ്ങള്‍ ആലപിച്ചു. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം തുടങ്ങി ഇന്ത്യയിലെ അഞ്ച് പ്രമുഖ ഭാഷകളിലും പാടി. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ പിന്നണി ഗായകനെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡിലും അദ്ദേഹത്തിന്റെ പേരെത്തി.