Connect with us

Kerala

ആള്‍ക്കൂട്ട സമരങ്ങള്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നു; മനുഷ്യ ജീവനെക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് തിരിച്ചറിയണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ട സമരങ്ങളെ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ആള്‍ക്കൂട്ടമുണ്ടാക്കിക്കൊണ്ട് കഴിഞ്ഞ കുറേ നാളുകളായി നടത്തി വരുന്ന സമരങ്ങള്‍ ഗുരുതരമായ സ്ഥിതിയാണ് സൃഷ്ടിക്കുന്നത്. നിരന്തരം ഈ പ്രശ്‌നം ചൂണ്ടിക്കാണിച്ചിട്ടും സമരം നടത്തുന്നവരും മാധ്യമങ്ങളും വേണ്ടത്ര ഗൗരവത്തോടെ ഇത് പരിഗണിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡിനൊപ്പം ജീവിക്കേണ്ട ഈ ഘട്ടത്തില്‍ നമ്മള്‍ മുമ്പുണ്ടായിരുന്ന രീതികളെ അടിമുടി മാറ്റിയിട്ടുണ്ട്. യോഗങ്ങള്‍ ചേരുന്നത്, വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നത്, വിവാഹങ്ങള്‍ നടത്തുന്നത്, കടകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തുടങ്ങി എല്ലാ കാര്യങ്ങളും കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ സഹായകമായ രീതിയിലാണ് ചെയ്യുന്നത്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ കരുതലുകള്‍ എല്ലാം സ്വീകരിച്ചിരിക്കുന്നത്. അതെല്ലാം അട്ടിമറിച്ചു കൊണ്ടാണ് പ്രതിപക്ഷ സംഘടനകള്‍ സമരങ്ങള്‍ എന്ന പേരില്‍ ആള്‍ക്കൂട്ടം സൃഷ്ടിക്കുന്നത്.

ലോകാരോഗ്യ സംഘടനയുള്‍പ്പെടെ കൊവിഡ് പ്രതിരോധത്തിന്റെ ഏറ്റവും അനിവാര്യമായ കാര്യമായി പറയുന്നത് ആള്‍ക്കൂട്ടം ഒഴിവാക്കുക എന്നതാണ്. അത് മുഖവിലക്കെടുക്കാതെയാണ് അക്രമാസക്തമായ ആള്‍ക്കൂട്ട സമരങ്ങള്‍ സംഘടിപ്പിക്കുന്നത്. വൈറസിന് ഏറ്റവും എളുപ്പം പടരാവുന്ന അവസരമാണ് ഇങ്ങനെ ഒരുക്കിക്കൊടുക്കുന്നത്. ഇതിന്റെ ഫലമായി സമരങ്ങള്‍ നേരിടുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ കൊവിഡ് ബാധിതരാകുന്നത് വളരെ നിര്‍ഭാഗ്യകരമാണ്. കഴിഞ്ഞ കുറേ ദിവസമായി നടക്കുന്ന സമരങ്ങള്‍ തടയാന്‍ സംസ്ഥാന വ്യാപകമായി നിയുക്തരായ പോലീസുകാരില്‍ 101 പേര്‍ക്കാണ് കൊവിഡ് സ്ഥീരികരിച്ചത്.
ഇവരില്‍ ഒരു ഡി വൈ എസ് പി, ഒരു ഇന്‍സ്‌പെക്ടര്‍, 12 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, എട്ട് എ എസ് ഐമാര്‍ എന്നിവരുള്‍പ്പെടുന്നു. കൂടാതെ 71 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കും എട്ട് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 164 പേര്‍ പ്രൈമറി കോണ്‍ടാക്ടാണ്. 171 പേര്‍ നിരീക്ഷണത്തിലാണ്.

സഹപ്രവര്‍ത്തകര്‍ക്ക് അസുഖം ബാധിക്കുന്നതു മൂലം നിരവധി പോലീസുകാര്‍ ക്വാറന്റൈനില്‍ ആകുന്ന അവസ്ഥയാണ്. കൊവിഡിനെതിരെ പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് ഇത് വിഘാതമാകുന്നു. സാമൂഹിക അകലം പാലിക്കല്‍ മുതലായ കൊവിഡ് പ്രോട്ടോക്കോള്‍ സമരക്കാര്‍ പാലിക്കുന്നില്ല. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അഭ്യര്‍ഥിക്കുന്നു.നമ്മുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അക്ഷീണം പ്രയത്‌നിക്കുന്ന സേനയാണ് പോലീസ്. അതിനുള്ള പ്രത്യുപകാരമായി അവര്‍ക്കിടയില്‍ രോഗം പടര്‍ത്തുകയാണോ വേണ്ടതെന്ന് എല്ലാവരും ചിന്തിക്കണം. അവരും മനുഷ്യരാണ്. മനുഷ്യ ജീവനുകളേക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ല എന്ന് എല്ലാവരും തിരിച്ചറിയണം.

ജനാധിപത്യ സമൂഹത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാന്‍ സാധിക്കില്ല. പക്ഷേ, പ്രതിഷേധിക്കുന്നവര്‍ അതു സമൂഹത്തെ ഒന്നടങ്കം അപകടപ്പെടുത്തിക്കൊണ്ട് ചെയ്യുന്നതില്‍ നിന്ന് പിന്‍മാറണം. മറ്റെന്തെല്ലാം പ്രതിഷേധ മാര്‍ഗങ്ങളുണ്ട്. അക്രമസമരം നടത്തിയാലേ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ ആകൂ എന്നൊരു ധാരണ മാറിക്കിട്ടിയാല്‍ ഈ പ്രശ്‌നത്തിന് വലിയൊരളവോളം പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest