പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശം പരമമല്ല: സുപ്രീം കോടതി

Posted on: September 21, 2020 3:57 pm | Last updated: September 21, 2020 at 9:22 pm

ന്യൂഡല്‍ഹി |  പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള അവകാശ വിഷയത്തില്‍ ശ്രദ്ധേയ പരാമര്‍ശവുമായി സുപ്രീം കോടതി. പ്രതിഷേധിക്കാന്‍ പൗരന് അവകാശമുണ്ടെങ്കിലും ഇത് പരമമല്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. പ്രതിഷേധ സമരങ്ങള്‍ സഞ്ചാര സ്വാതന്ത്യവുമായി ഒത്തുപോകണമെന്ന് കോടതി നിര്‍ദേശിച്ചു.

പ്രതിഷേധ സമരം നടത്തുന്നതിന് ഒരു പൊതുനയം പ്രായോഗികമല്ല. പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടാന്‍ അവസരമുണ്ട് . എന്നാല്‍ എപ്പോള്‍ എങ്ങനെ സംവാദം നടക്കണം എന്നതിലാണ് വിഷയമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഉത്തരവ് ഇറക്കുമെന്നും കോടതി അറിയിച്ചു.
ഡല്‍ഹി ഷഹീന്‍ ബാഗിലെ പ്രതിഷേധ സമരക്കാരെ നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മാര്‍ച്ച് മാസം നല്‍കിയ ഹരജിയിലെ ആവശ്യം ഇപ്പോള്‍ അപ്രസക്തമാണെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന സമരങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം പഞ്ചാബിലും ഹരിയാണയിലും നടന്ന കര്‍ഷക സമരങ്ങള്‍ ഇതിന് ഉദാഹരണം ആണെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്നാണ് പ്രതിഷേധ സമരങ്ങള്‍ക്കുള്ള പൗരന്റെ അവകാശം പരമമല്ലെന്ന് കോടതി പറഞ്ഞത് .

 

 

ALSO READ  പ്രശാന്ത് ഭൂഷണിനെതിരായ കേസില്‍ സുപ്രീം കോടതി വിധി തിങ്കളാഴ്ച