‘കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല’: എസ് വൈ എസ് ഓണ്‍ലൈന്‍ സമര സംഗമം നടത്തി

Posted on: September 20, 2020 8:50 pm | Last updated: September 20, 2020 at 8:50 pm
കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സമര സംഗമം പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം | കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റിക്കു കീഴില്‍ ഓണ്‍ലൈന്‍ സമര സംഗമം സംഘടിപ്പിച്ചു. പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. മലബാറിന്റെ വികസന മുഖമായ കരിപ്പൂര്‍ എയര്‍പോര്‍ട്ട് തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളെ ചെറുത്ത് തോല്‍പിക്കണമെന്നും രാജ്യത്തിനു തന്നെ നല്ല ലാഭം നല്‍കുന്ന പ്രസ്തുത വിമാനത്താവളം സംരക്ഷിക്കുന്നതിന് എല്ലാവരും കൈ കോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിസാര കാര്യങ്ങള്‍ പറഞ്ഞ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ നിരന്തരം അവഗണിക്കുന്ന സമീപനമാണ് ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്നുണ്ടാകുന്നത്. ഇതിനെതിരെ സമര മുഖത്തുള്ള എസ് വൈ എസിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോണ്‍ പ്രസിഡന്റ് നജ്മുദ്ദീന്‍ സഖാഫി പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് മുഖ്യപ്രഭാഷണം നടത്തി. എസ് വൈ എസ് മലപ്പുറം ജില്ലാ സെക്രട്ടറി കരുവള്ളി അബ്ദുറഹീം, ജില്ലാ കമ്മിറ്റി അംഗം മുജീബുറഹ്മാൻ വടക്കേമണ്ണ, സിദ്ദീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ്, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ എന്നിവര്‍ പ്രസംഗിച്ചു.

എയര്‍പോര്‍ട്ട് അവഗണനക്കെതിരെ എസ് വൈ എസിനു കീഴില്‍ കുടുംബ സമരം, സര്‍ക്കിള്‍ തലങ്ങളില്‍ നില്‍പ് സമരം എന്നിവ സംഘടിപ്പിച്ചിരുന്നു. അടുത്ത ശനിയാഴ്ച വൈകുന്നേരം നാലിന് മലപ്പുറം കുന്നുമ്മല്‍ മുതല്‍ കോഴിക്കോട് മുതലക്കുളം വരെ പാതയോര സമരവും നടക്കും.

ALSO READ  മലപ്പുറത്ത് അടുത്ത ഞായാറാഴ്ചത്തെ ലോക്ക്ഡൗണ്‍ ഒഴിവാക്കി