അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റലിന്റെ കടബാധ്യത ഇരുപതിനായിരം കോടിയിലേക്ക്

Posted on: September 19, 2020 6:59 pm | Last updated: September 19, 2020 at 6:59 pm

മുംബൈ | അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ക്യാപിറ്റലിന്റെ കടബാധ്യത 19,805 കോടിയായി ഉയര്‍ന്നു. ഇതില്‍ എച്ച് ഡി എഫ് സിക്ക് 523.98 കോടിയും ആക്‌സിസ് ബേങ്കിന് 100.63 കോടിയും നൽകാനുണ്ട്. ബേങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവക്ക് നല്‍കാനുള്ളത് മൊത്തം 679.23 കോടിയാണ്.

ആഗസ്റ്റ് വരെയുള്ള പലിശ അടക്കമാണ് ഈ കടബാധ്യത. ഹ്രസ്വ- ദീര്‍ഘ കാല കടവും ഇതില്‍ പെടും. കമ്പനിയുടെ സ്വത്തുക്കള്‍ മാറ്റുന്നതിനും മറ്റും ഡല്‍ഹി ഹൈക്കോടതിയും ഡെബ്റ്റ്‌സ് റിക്കവറി ട്രൈബ്യൂണലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനാല്‍ കടം കൊടുത്തുവീട്ടുന്നതില്‍ കാലതാമസം നേരിടേണ്ടി വരുന്നു.

വെള്ളിയാഴ്ച റിലയന്‍സ് ക്യാപിറ്റലിന്റെ ഓഹരി 8.64 രൂപ ആയാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ക്ലോസ് ചെയ്തത്. 1.03 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

ALSO READ  ഇന്ത്യയില്‍ ആപ്പിള്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ അടുത്ത മാസം