എറണാകുളത്ത് പിടിയിലായ അല്‍ ഖ്വയ്ദ പ്രവര്‍ത്തകന്‍ മൊഷറഫ് ഹുസൈന്‍ പത്ത് വര്‍ഷമായി കേരളത്തില്‍

Posted on: September 19, 2020 10:59 am | Last updated: September 19, 2020 at 5:41 pm

കൊച്ചി | കൊച്ചിയില്‍ മൂന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി കേരള ഡിജിപി സ്ഥിരീകരിച്ചു.
അറസ്റ്റിലായ മൂന്ന് പേരില്‍ ഒരാളായ മൊഷറഫ് ഹുസൈന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പെരുമ്പാവൂരില്‍ ജോലി ചെയ്തു വരികയാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മറ്റു രണ്ട് പേരും അടുത്തിടെയാണ് കേരളത്തിലേക്ക് എത്തിയത് എന്നാണ് വിവരം. മൊഷറഫിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഏജന്‍സി ശേഖരിച്ചു വരികയാണ്.

കേരള പോലീസിനേയോ രഹസ്യാന്വേഷണ വിഭാഗത്തെയോ അറിയിക്കാതെയാണ് എന്‍ഐഎ സംഘം ഇന്നലെ മൂന്ന് പേരേയും കസ്റ്റഡിയിലെടുത്തത്. രാവിലെ മാധ്യമങ്ങള്‍ അറസ്റ്റ് വാര്‍ത്ത പുറത്തു വിട്ടപ്പോള്‍ മാത്രമാണ് ഇക്കാര്യം സംസ്ഥാന പൊലീസ് അറിഞ്ഞത്. ഇന്നലെ അര്‍ധരാത്രി രണ്ട് മണിയോടെയാണ് എന്‍ഐഎ മൂവരേയും പിടികൂടിയത്.

പെരുമ്പാവൂരില്‍ നിന്നാണ് മൊഷറഫ് ഹുസൈനെ പിടികൂടിയത്. മുര്‍ഷിദിനെ കളമശ്ശേരിക്ക് അടുത്ത പാതാളത്തെ വാടക കെട്ടിട്ടത്തില്‍ നിന്നുമാണ് പിടികൂടിയത്. ഇവര്‍ സ്ഥിരമായി ജോലിക്ക് പോകുന്നവരായിരുന്നില്ലെന്നും പകല്‍ മുഴുവന്‍ ഇന്റര്‍നെറ്റില്‍ സമയം ചിലവഴിക്കുന്നതായിരുന്നു ഇവരുടെ രീതി. പാതാളത്ത് നിന്നും പിടിയിലായ മുര്‍ഷിദില്‍ നിന്നും ലാപ്പ് ടോപ്പും രണ്ട് മൊബൈലുകളും എന്‍ഐഎ പിടികൂടിയിട്ടുണ്ട്.കളമശ്ശേരിക്ക് അടുത്ത പാതാളത്തെ എസ്ബിഐ ബ്രാഞ്ചിന് സമീപമുള്ള കെട്ടിട്ടത്തില്‍ നിന്നാണ് മുര്‍ഷിദിനെ എന്‍ഐഎ സംഘം കസ്റ്റഡിയില്‍ എടുത്തത്.