Ongoing News
ഇന്‍സ്റ്റഗ്രാം ക്യാമറ വഴി രഹസ്യങ്ങള്‍ ചോര്‍ത്തുന്നതായി ഫേസ്ബുക്കിനെതിരെ പരാതി

ന്യൂജെഴ്‌സി | ഫേസ്ബുക്ക് അവരുടെ ഇന്‍സ്റ്റഗ്രാം ഫോട്ടോ ഷെയറിംഗ് ആപ്പ് വഴി ഉപഭോക്താക്കളുടെ ക്യാമറ വിവരങ്ങള്‍ ചോര്‍ത്തുന്നതായി പരാതി. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാത്ത സമയത്തും ക്യാമറ ഉപയോഗിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് ആരോപണം. ന്യൂജഴ്‌സിയിലെ ഇന്‍സ്റ്റഗ്രാം യൂസറായ ബ്രിട്ടനി കോണ്ടിറ്റാണ് കോടതിയെ സമീപിച്ചത്. ഇന്‍സ്റ്റഗ്രാം ഐഫോണ്‍ ക്യാമറ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ജൂലൈയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
ഉപയോക്താക്കളുടെ മൂല്യമേറിയ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്ക് മനപൂര്‍വം ചോര്‍ത്തുകയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ വീടുകളിലെ സ്വകാര്യത പോലും നഷ്ടപ്പെടുത്തുന്നതാണ് ഈ നടപടിയെന്നും ഹര്‍ജിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതികരിക്കാന്‍ ഫേസ്ബുക്ക് തയ്യാറായിട്ടില്ല.
അതേസമയം, ക്യാമറ വിവരങ്ങള്‍ ചോര്‍ത്തുന്നതനായി ജൂലൈയില്‍ വന്ന വാര്‍ത്ത ഫേസ്ബുക്ക് നിഷേധിച്ചിരുന്നു. ആപ്പിലെ ഒരു ബഗ് മൂലം ക്യാമറ ഉപയോഗിക്കുന്നതായി തെറ്റായ നോട്ടിഫിക്കേഷന്‍ നല്‍കുകയാണെന്നും ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്നുമാണ് അന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയത്.
നേരത്തെ ഇന്‍സ്റ്റഗ്രാമിലെ മുഖം തിരിച്ചറിയില്‍ സങ്കേതം വഴി ഉപയോക്താക്കളുടെ ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ത്തുന്നതായും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ മുഖം തിരിച്ചറിയല്‍ സങ്കേതം ഉപയോഗിക്കുന്നില്ലെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് ഇത് തള്ളുകയായിരുന്നു.