ഡല്‍ഹി വംശഹത്യ: 15 പേർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു

Posted on: September 16, 2020 5:44 pm | Last updated: September 16, 2020 at 11:51 pm

ന്യൂഡല്‍ഹി| ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന വംശഹത്യയുമായി ബന്ധപ്പെട്ട കേസില്‍ 15 പേര്‍ക്കെതിരേ ഡല്‍ഹി പോലീസ് വിപുലമായ കുറ്റപത്രം സമര്‍പ്പിച്ചു. വംശഹത്യയില്‍ 5 പേര്‍ കൊല്ലപ്പെടുകയും കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

17,500 പേജുള്ള കുറ്റപത്രത്തില്‍ 2600 പേജിലും ആയിരകണക്കിന് പ്രതികള്‍ക്കെതിരേയുള്ള വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്. ഭീകരവിരുദ്ധ നിയമവിരുദ്ധ പ്രതിരോധ പ്രവര്‍ത്തന നിയമം അനുസരിച്ചാണ് പ്രതികള്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

കിഴക്കന്‍ ഡല്‍ഹിയിലെ കര്‍ക്കാര്‍ഡൂമ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 25 വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ആക്രമണത്തിന് ഗൂഡാലോചന നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ആക്രമണത്തിന് വേണ്ടി മാത്രം രൂപീകരിച്ചതാണ് ഈ ഗ്രൂപ്പുകള്‍ എന്നും പോലീസ് പറയുന്നു.

വംശഹത്യയുമായി ബന്ധപ്പെട്ട് ഫബ്രുവരി 24നുള്ള വാട്‌സാപ്പ് സന്ദേശങ്ങളും പോലീസ് കോടതിയില്‍ ഹാജരാക്കി. കുറ്റപത്രം സമര്‍പ്പിക്കാന്‍ കേന്ദ്രത്തില്‍ നിന്നും ഡല്‍ഹി സര്‍ക്കാറില്‍ നിന്നും അനുമതി ലഭിച്ചതായും പോലീസ് അറിയിച്ചു. അതേസമയം, കുറ്റപത്രത്തില്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അടുത്തിടെ അറസ്റ്റിലായതിനാല്‍ ഇവരുടെ പേരുകള്‍ അനുബന്ധ കുറ്റപത്രത്തിലുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.

അതേസമയം, ഇതുവരെ പേര് വെളിപ്പെടുത്താത്ത പ്രതികള്‍ക്കെതിരേ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സൂചന. ഡല്‍ഹി വംശഹത്യയില്‍ പങ്കെടുത്തവര്‍ ഗൂഡാലോചനക്കാരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു.

സീലംപൂരിലും ജഫ്രബാദിലും അരങ്ങേറിയ വംശഹത്യക്ക് ഗൂഡാലോചന നടത്തിയത് രണ്ട് വാട്‌സാപ്പ് ഗ്രൂപ്പുകളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗൂഡാലോചനക്കാര്‍ ആക്രമണത്തിന് ആസൂത്രണം ചെയ്തപ്പോള്‍ നേതാക്കള്‍ വഴി അണികള്‍ അത് പ്രാവര്‍ത്തികമാക്കുയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.