ഉംറ തീര്‍ഥാടനം പുനഃരാരംഭിക്കുന്നു; ആദ്യഘട്ടത്തില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രം പ്രവേശനം

Posted on: September 15, 2020 9:17 pm | Last updated: September 15, 2020 at 9:17 pm

മക്ക |കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നിര്‍ത്തിവെച്ച ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സെപ്റ്റംബര്‍ 15 മുതല്‍ കര -നാവിക-വ്യോമപാതയിലൂടെയുള്ള യാത്രാ നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കിയതോടെയാണ് പുതിയ തീരുമാനം

കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് ഹജ്ജ് കര്‍മ്മങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഉംറ തീര്‍ത്ഥാടനം ഘട്ടം ഘട്ടമായി ആരംഭിക്കുമെന്ന വാര്‍ത്ത അധികൃതര്‍ പുറത്തുവിട്ടത് . ആദ്യ ഘട്ടത്തില്‍ സുരക്ഷാ മുന്‍കരുതല്‍ പാലിച്ച് ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കായിരിക്കും തീര്‍ത്ഥാടനത്തിന് അനുമതി നല്‍കുക. ഉംറക്കായി മക്കയിലേക്ക് പ്രവേശിക്കുന്നവര്‍ കൊവിഡ്-19 രോഗ മുക്തരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതുസംബന്ധിച്ച നിബന്ധനകളും വ്യവസ്ഥകളും ഹജ്ജ് മന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു

ആഗോള വ്യാപകമായി കൊവിഡ് 19 മഹാമാരി പടര്‍ന്ന് പിടിച്ചതോടെ ശക്തമായ മുന്‍ കരുതലുകള്‍ നടപടികളുടെ ഭാഗമായാണ് സഊദി ഭരണകൂടം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉംറ തീര്‍ഥാടനത്തിനും പ്രവാചക നഗരിയായ മദീനയിലേക്കും തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് 2020 ഫെബ്രുവരിയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.അതേസമയം നിയന്ത്രണങ്ങളോടെ മെയ് 31 മുതല്‍ പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവി ഭാഗികമായി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നു