Connect with us

National

അതിര്‍ത്തിയിലെ സംഘര്‍ഷം: ചൈനീസ് ഭാഗത്ത് ഇന്ത്യന്‍ സേന കനത്ത നാശമുണ്ടാക്കിയെന്ന് രാജ്‌നാഥ് സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി | അതിര്‍ത്തിയില്‍ സംഘര്‍ഷത്തിനിടെ ചൈനീസ് സേനക്ക് കനത്ത നാശമുണ്ടാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞതായി പ്രതിരോധ വകുപ്പു മന്ത്രി രാജ്‌നാഥ് സിംഗ്. സംഘര്‍ഷം ഉഭയകക്ഷി ബന്ധങ്ങളെ സാരമായി ബാധിക്കുമെന്നും ലോക്‌സഭയില്‍ പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. ഏപ്രില്‍ മാസം മുതല്‍ ലഡാക്ക് അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചു വരികയാണ്. അതിര്‍ത്തിയില്‍ എന്തിനും തയാറായാണ് ഇന്ത്യന്‍ സേന നിലകൊള്ളുന്നത്. എന്നാല്‍, പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്നാണ് രാജ്യത്തിന്റെ താത്പര്യം. ഇതിനായുള്ള ചര്‍ച്ചകള്‍ തുടരും.

അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിനുള്ള നിശ്ചയദാര്‍ഢ്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും ഈ ഘട്ടത്തില്‍ പാര്‍ലിമെന്റ് സൈന്യത്തോടൊപ്പം ഉറച്ചു നില്‍ക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഏപ്രില്‍ മുതല്‍ അതിര്‍ത്തിയില്‍ തങ്ങളുടെ സൈനിക സാന്നിധ്യം ചൈന വര്‍ധിപ്പിച്ചു വരികയാണ്. മേയില്‍ പാങ്‌ഗോംഗ്, ഗല്‍വാന്‍, ഗോഗ്ര എന്നിവിടങ്ങളില്‍ നിയന്ത്രണരേഖ കടക്കാന്‍ ചൈനീസ് സൈന്യം ശ്രമിച്ചു. ജൂണ്‍ ആറിന് കമാന്‍ഡര്‍മാരുടെ യോഗത്തിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ജൂണ്‍ പതിനഞ്ചിന് ചൈനീസ് സേന അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. ഇന്ത്യന്‍ സൈന്യം ഇതിനെ ശക്തമായി പ്രതിരോധിക്കുകയും ചൈനീസ് ഭാഗത്ത് കാര്യമായ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ലഡാക്ക് അതിര്‍ത്തി സന്ദര്‍ശിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദി എല്ലാ സൈനികര്‍ക്കും രാജ്യത്തിന്റെ പിന്തുണ അറിയിച്ചതായും രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ ബഹളം വച്ചെങ്കിലും അനുവദിക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള തയാറായില്ല.

Latest