കനത്ത മഴ തുടരും; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Posted on: September 15, 2020 7:27 am | Last updated: September 15, 2020 at 12:31 pm

തിരുവനന്തപുരം | സംസ്ഥാനത്ത് കഴിഞ്ഞ ഒരു ആഴ്ചയായി തുടരുന്ന കനത്ത മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിലും നാളെ ഒമ്പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്.

വ്യാഴാഴ്ച്ച 12 ജില്ലകളിലും വെള്ളിയാഴ്ച്ച 13 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയാണ്. ഈ മാസം 19ന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇങ്ങനെ സംഭവിച്ചാല്‍ സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. കടലേറ്റ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.