Connect with us

Articles

ജാമ്യ വിധിയല്ല; കേസ് തള്ളിയതാണ്

Published

|

Last Updated

അലന്‍ ശു ഹൈബ്, ത്വാഹാ ഫസല്‍ എന്നീ രണ്ട് യുവാക്കള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയിലെ ജഡ്ജി അനില്‍ കെ ഭാസ്‌ക്കര്‍ നടത്തിയ വിധിന്യായം അക്ഷരാര്‍ഥത്തില്‍ യു എ പി എ നിയമം ദുരുപയോഗം ചെയ്ത സംസ്ഥാന- കേന്ദ്ര സര്‍ക്കാറുകളുടെ മുഖത്തേറ്റ അടിയാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒന്നാണ് ഈ വിധി. നീതിന്യായ സംവിധാനത്തില്‍ സാധാരണ ജനങ്ങള്‍ക്ക് വിശ്വാസം സൃഷ്ടിക്കുന്നുമുണ്ട് ഈ വിധി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍ ഐ എയാണ് ഇവിടെ സര്‍ക്കാര്‍ ഭാഗത്തുവന്നത്. 2019 നവംബര്‍ ഒന്നിന് കേരള പോലീസാണ് ഇവര്‍ മാവോയിസ്റ്റുകളാണെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്ത് യു എ പി എ ചുമത്തുകയും ചെയ്തത്. പിന്നീട് കേസ് എന്‍ ഐ എക്ക് കൈമാറുകയും ചെയ്തു. നാട്ടില്‍ സി പി എം അനുഭാവികളായാണ് ഇവരും കുടുംബാംഗങ്ങളും അറിയപ്പെടുന്നത് എന്നതിനാല്‍ ഇത് കേരളത്തില്‍ പൊതുവെയും സി പി എമ്മുകാരില്‍ പ്രത്യേകിച്ചും വലിയ തോതില്‍ ആശയക്കുഴപ്പമുണ്ടാക്കി.

സി പി എം അടക്കമുള്ള ഇടതുപക്ഷത്തിന്റെ ദേശീയ നയം രാഷ്ട്രീയ എതിരാളികള്‍ക്ക് മേല്‍ യു എ പി എ ചുമത്തരുത് എന്നതായിരുന്നു. മാവോയിസ്റ്റ് ലേബലിട്ട് ഡോ. ബിനായക് സെന്നിനെ ജയിലിലടച്ചതിനെ ശക്തമായി എതിര്‍ത്തവരാണ് സി പി എം നേതാക്കള്‍. കേന്ദ്ര സര്‍ക്കാര്‍ സാമൂഹിക പ്രവര്‍ത്തകരെ അര്‍ബന്‍ നക്‌സലുകള്‍ എന്ന് വിളിച്ചതിനെയും പാര്‍ട്ടി എതിര്‍ത്തിരുന്നു. എന്നാല്‍ ഈ കേസില്‍ പോലീസ് നടപടിയെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പരസ്യമായി രംഗത്തുവന്നു. അവര്‍ ചായ കുടിക്കാന്‍ പോയതല്ല എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതോടെ പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വായടഞ്ഞു. ഏറ്റുമുട്ടല്‍ കൊലകളെ അപലപിച്ചിരുന്ന സി പി എം അവരുടെ ഭരണത്തില്‍ ഏഴ് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നപ്പോഴും ഇതായിരുന്നു അവസ്ഥ. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ സഹായിക്കാനെത്തിയത് സംഘ്പരിവാര്‍ സൈബര്‍ പോരാളികളായിരുന്നു. ഈ യുവാക്കള്‍ മുസ്‌ലിം നാമധാരികള്‍ ആയതിനാല്‍ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരെന്ന് സ്ഥാപിക്കാനാണ് അവര്‍ ശ്രമിച്ചത്. ആ കെണിയില്‍ സി പി എം വീണതാണോ, ഡി ജി പി ലോക്‌നാഥ് ബെഹ്‌റ തന്നെ ഒരു സംഘ്പരിവാര്‍ വക്താവാണോ തുടങ്ങിയ സംശയങ്ങള്‍ ഇപ്പോഴും തുടരുന്നു.

എന്തായാലും ശുഹൈബ് അലനും ത്വാഹാ ഫസലും താത്കാലികമായെങ്കിലും സ്വതന്ത്രരായതില്‍ ആശ്വസിക്കാം. പത്ത് മാസത്തിലേറെയായി ഇവരെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സമാധാനിക്കാം. ഇവരുടെ മോചനത്തിനായി കക്ഷി രാഷ്ട്രീയത്തിനപ്പുറം യോജിച്ചു നിന്ന് പ്രവര്‍ത്തിച്ച പൊതു പ്രവര്‍ത്തകര്‍ക്ക് സന്തോഷിക്കാം.

ഇതൊരു ചെറിയ വിജയമല്ല. കാരണം യു എ പി എ അനുസരിച്ച് എന്‍ ഐ എ എടുത്ത മിക്കവാറും എല്ലാ കേസുകളിലും വിചാരണ തീരാതെ ജാമ്യം കിട്ടാറില്ല. മറ്റു ക്രിമിനല്‍ കേസുകളില്‍ നിന്ന് വ്യത്യസ്തമായി മറിച്ചു തെളിയിക്കപ്പെടുന്നതു വരെ ഒരാള്‍ കുറ്റവാളിയാണെന്നാണ് ഇതിലെ വീക്ഷണം. അതുകൊണ്ടുതന്നെ ഒരു കേസില്‍ ജാമ്യം ലഭിക്കണമെങ്കില്‍ പ്രാഥമികമായി തന്നെ കേസ് നിലനില്‍ക്കുന്നതല്ല എന്ന് കോടതിക്ക് ബോധ്യപ്പെടണം. ഈ കേസില്‍ അത് ബോധ്യപ്പെടുത്താന്‍ പ്രതിഭാഗത്തിന് സാധിച്ചിരിക്കുന്നു. അഥവാ ഇത് പൂര്‍ണമായും കെട്ടിച്ചമച്ച, അടിസ്ഥാനമില്ലാത്ത ഒരു കേസായി മാറിയിരിക്കുന്നു. പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ കുറ്റങ്ങളെയും തെളിവുകളെയും വളരെ വിശദമായി പരിശോധിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്‍ വാദങ്ങളെ 12 ഇനങ്ങളായി തിരിച്ച് അവയോരോന്നും വിശദമായി പരിശോധിച്ചതിനാല്‍ തന്നെ ഇത് 60 പേജിലധികം വരുന്ന ഒരു വിധിന്യായമായി. കേവലം ഒരു ജാമ്യ ഹരജിയല്ല തീര്‍പ്പാക്കിയത് എന്നര്‍ഥം. വിധിയിലെ ചില പ്രധാന വസ്തുതകള്‍ പരിശോധിക്കാം.

യു എ പി എ നിയമത്തിന്റെ 20ാം വകുപ്പ് പറയുന്നത് നിരോധിക്കപ്പെട്ട സംഘടനയിലെ അംഗത്വം എന്നതാണ്. ഇരുവരും സി പി ഐ (മാവോയിസ്റ്റ്) എന്ന നിരോധിത സംഘടനയിലെ അംഗങ്ങളാണ് എന്നായിരുന്നു യു എ പി എ ചുമത്തുന്നതിനുള്ള പ്രധാന കാരണമായി കേരള പോലീസും എന്‍ ഐ എയും ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കുറ്റപത്രം വന്നപ്പോള്‍ ഇത് ഉപേക്ഷിക്കപ്പെട്ടു. അതായത് എന്‍ ഐ എക്ക് തന്നെ അറിയാം ഇവര്‍ മാവോയിസ്റ്റുകള്‍ അല്ലായെന്ന്. എന്നാല്‍ എന്‍ ഐ എ പലയിടത്തായി ആവര്‍ത്തിക്കുന്നത് ഇവരുടെ ആശയങ്ങള്‍ മാവോയിസ്റ്റുകളുടേതുമായി അടുപ്പമുണ്ട്, സാമ്യമുണ്ട് എന്നാണ്. എന്നാല്‍ സുപ്രീം കോടതിയും നിരവധി ഹൈക്കോടതികളും നടത്തിയ വിധികളില്‍ വളരെ വ്യക്തമായി തന്നെ പറയുന്നു, ഒരാള്‍ മാവോയിസ്റ്റ് ആശയഗതിക്കാരനാണ് എന്നതോ അവ സംബന്ധിച്ചുള്ള പുസ്തകങ്ങളോ ലഘുലേഖകളോ കൈവശം വെക്കുന്നു എന്നതോ ഒരാളെ കുറ്റവാളിയാക്കുന്നില്ല എന്ന്. ആ വിധികള്‍ ഉദ്ധരിച്ചു കൊണ്ടാണ് ഇവര്‍ക്ക് ജാമ്യം നല്‍കുന്നത്.
ഇവരില്‍ ഒരാള്‍ മാവോയിസ്റ്റ് മുദ്രാവാക്യം വിളിച്ചു, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെടുന്ന ലഘുലേഖ പ്രചരിപ്പിച്ചു, കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധം അറിയിച്ചു തുടങ്ങിയ ആരോപണങ്ങളെ തള്ളുകയാണ് കോടതി. സാമൂഹിക ബോധമുള്ള യുവാക്കള്‍ ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ പ്രയോഗിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയുടെ 370 വകുപ്പ് റദ്ദാക്കപ്പെട്ടപ്പോള്‍ രാജ്യത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നതാണ്. അതേ അഭിപ്രായം മാവോയിസ്റ്റ് സംഘടനക്കുമുണ്ട് എന്നത് ഒരാളെ കുറ്റക്കാരനാക്കുന്നില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് മാവോയിസ്റ്റുകള്‍ ആവശ്യപ്പെടുന്നു എന്നു കരുതി ആ ആവശ്യം ഉന്നയിക്കുന്നവരെല്ലാം മാവോയിസ്റ്റുകളാകുമോ? സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി എടുക്കുന്നതിന്റെ പ്രശ്‌നമാണിത് എന്ന് കോടതി പറയുന്നു.

എന്‍ ഐ എയുടെ ഏറ്റവും പരിഹാസ്യമായ ഒരു വാദം അലനും ത്വാഹയും തമ്മില്‍ ഫോണില്‍ സംസാരിക്കാറില്ല എന്നത് അവര്‍ മാവോയിസ്റ്റുകളാണെന്നതിന് തെളിവാണത്രെ. സാധാരണയായി ഫോണില്‍ ബന്ധപ്പെട്ടു എന്നതാണ് തെളിവായി കാണിക്കുക. മാവോയിസ്റ്റുകളുടെ രീതി ഇവര്‍ രണ്ട് പേരും സ്വീകരിക്കുന്നതായുള്ള ആരോപണം പരിഹാസ്യമല്ലേ?

വീട്ടില്‍ നിന്ന് നിരവധി രഹസ്യ പുസ്തകങ്ങളും ലഘുലേഖകളും കണ്ടെടുത്തു എന്ന പ്രസ്താവനയുടെ മുനയൊടിക്കുകയാണ് കോടതി. ആര്‍ക്കും എടുക്കാവുന്ന രീതിയില്‍ വീട്ടില്‍ വെച്ചിരിക്കുന്ന ഗ്രന്ഥം എങ്ങനെ രഹസ്യ ഗ്രന്ഥമാകും! ഇവയൊന്നും തന്നെ നിരോധിച്ചവയല്ല താനും.

ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കാന്‍ ഏത് പൗരനും അവകാശമുണ്ട്. ഭരണകൂടത്തെ നിഷേധിക്കുമ്പോള്‍ മാത്രമേ നിയമലംഘനം ആകുന്നുള്ളൂ. അലന്റെ ഡയറിക്കുറിപ്പുകള്‍ ഒരു കാരണവശാലും അയാള്‍ക്കെതിരായ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന് മുംബൈ ഹൈക്കോടതിയുടെ നിര്‍ണായകമായ ഒരു വിധി ഉദ്ധരിച്ചു കൊണ്ട് കോടതി പറഞ്ഞു. ഒരു മനുഷ്യന്‍ തന്റെ മാനസിക സംഘര്‍ഷങ്ങള്‍ രേഖപ്പെടുത്തുന്നതാണ് ഡയറിക്കുറിപ്പുകള്‍. അതില്‍ എഴുതിയ കാര്യങ്ങള്‍ കൊണ്ട് ഒരാള്‍ കുറ്റവാളിയാകില്ല. അത് ഒരു കുറ്റകൃത്യത്തിന് ആസൂത്രണം ചെയ്യുന്നതോ പ്രേരിപ്പിക്കുന്നതോ ആണെങ്കില്‍ മാത്രമേ കുറ്റമാകൂ. ഇവര്‍ രണ്ട് പേരും വിദ്യാര്‍ഥികളാണ്. സ്വയം തൊഴില്‍ ചെയ്താണ് ത്വാഹ പഠിക്കുന്നത്. അതിനു ശേഷമുള്ള സമയത്താണ് പൊതുപ്രവര്‍ത്തനം നടത്തുന്നത്. അലന്‍ റഗുലര്‍ നിയമ വിദ്യാര്‍ഥിയാണ്. ഡിപ്രഷന് മരുന്ന് കഴിക്കുന്നുമുണ്ട്. അത്തരമൊരാളുടെ ഡയറി നോക്കി ശിക്ഷിക്കുന്നത് ശരിയല്ല.

നിലവിലുള്ള വ്യവസ്ഥിതിയിലെ ചൂഷണങ്ങളും പീഡനങ്ങളും നിയമ ലംഘനങ്ങളും കാണുന്ന ആര്‍ക്കും ധാര്‍മികരോഷം ഉണ്ടാകാം. പ്രത്യേകിച്ചും സാമൂഹിക പ്രവര്‍ത്തകരായ യുവാക്കള്‍ക്ക്. അവരെ തടവിലിട്ടു കൊണ്ടല്ല അതിനെ നേരിടേണ്ടത്. മറിച്ച് ആ അവസ്ഥ മാറ്റിക്കൊണ്ടാണ്. ഇവര്‍ തീര്‍ത്തും പ്രായം കുറഞ്ഞ യുവാക്കളാണ്. നിയമപരമായ മാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് അവരെ ബോധ്യപ്പെടുത്താന്‍ രക്ഷകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം. എങ്ങനെ മാവോയിസ്റ്റുകളും തീവ്രവാദികളും ഉണ്ടാകുന്നു എന്ന് പഠിക്കണം. ശ്യാം ബാലകൃഷ്ണന്‍, പി യു സി എല്‍ തുടങ്ങി നിരവധി കേസുകള്‍ ഉദ്ധരിച്ചു കൊണ്ട് ഈ കേസ് നിലനില്‍ക്കില്ലെന്ന് തന്നെയാണ് കോടതി കണ്ടെത്തുന്നത്. മൂന്നാമതൊരാള്‍ ഉണ്ടായിരുന്നു, ഓടിപ്പോയി എന്ന വാദവും കോടതി തള്ളി.

യു എ പി എ എന്നത് വര്‍ഷങ്ങള്‍ ആളുകളെ തടവിലിടാനുള്ള കരിനിയമം മാത്രമാണെന്ന ആരോപണത്തിന് ബലം നല്‍കുന്നതാണ് ഈ വിധി. ജനാധിപത്യ പുരോഗമന സര്‍ക്കാറുകളെങ്കിലും ഇവ പ്രയോഗിക്കാന്‍ തയ്യാറാകരുത്. ആ യുവാക്കള്‍ക്ക് നഷ്ടപ്പെട്ട കാലവും അവസരങ്ങളും തിരിച്ചു നല്‍കാന്‍ ആര്‍ക്കും കഴിയില്ല. പക്ഷേ, ഇതാവര്‍ത്തിക്കാതിരിക്കാന്‍ കഴിയും.