Connect with us

Gulf

അറും കൊലകള്‍ക്ക് അറുതി വേണം: ഐ സി എഫ്

Published

|

Last Updated

കാല്‍നൂറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഐ സി എഫ് നാഷണല്‍ ദഅ്‌വ പ്രസിഡന്റ് അബ്ദുലത്വീഫ് അഹ്‌സനിക്ക് മെമന്റോ കൈമാറുന്നു

ദമാം | മഹാമാരിയില്‍ കേരളം വിറങ്ങലിച്ച് നില്‍ക്കുമ്പോഴും നാടിന്റെ പ്രബുദ്ധതയെ കളങ്കപ്പെടുത്തുന്ന രീതിയില്‍ നടക്കുന്ന കൊലപാതക രാഷ്ട്രീയത്തില്‍ ഐ സി എഫ് ഈസ്റ്റേണ്‍ പ്രോവിന്‍സ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മഹാമാരിയെ അതിജയിക്കാനും ജനങ്ങളെ ദുരിതക്കയത്തില്‍ നിന്ന് മോചിപ്പിക്കാനും രംഗത്തിറങ്ങേണ്ട രാഷ്ടീയ നേതൃത്വങ്ങള്‍ കൊലപാതകത്തെ തുടര്‍ന്ന് അനാഥമായ കുടുംബങ്ങളുടെ കണ്ണീരിന് മറുപടി പറയേണ്ടതുണ്ട്. വിദ്വേഷങ്ങള്‍ക്കപ്പുറത്ത് മാനവികതയുടെ സന്ദേശങ്ങള്‍ അണികള്‍ക്ക് പഠിപ്പിച്ച് കൊടുക്കാന്‍ ശ്രമിക്കണം. കൊവിഡ് രോഗികള്‍ പോലും ബലാത്ക്കാരത്തിന് ഇരയാകുന്ന വിധത്തിലുള്ള ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ സാക്ഷര കേരളത്തിന് അപമാനമാണെന്നും യോഗം വിലയിരുത്തി.

കാല്‍ നൂറ്റാണ്ടുകാലത്തെ പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് മടങ്ങുന്ന ഐ സി എഫ് നാഷനല്‍ ദഅ്‌വ പ്രസിഡന്റും ഈസ്റ്റേണ്‍ പ്രോവിന്‍സ് മുന്‍ പ്രസിഡന്റുമായ അബ്ദുലത്വീഫ് അഹ്‌സനി വയനാടിന് യോഗം യാത്രയപ്പ് നല്‍കി. പ്രൊവിന്‍സ് പ്രസിഡന്റ് സൈനുദ്ദീന്‍ മുസ്‌ലിയാര്‍ വാഴവറ്റ അധ്യക്ഷത വഹിച്ചു. നാഷണല്‍ ദഅ്‌വ പ്രസിഡന്റ് സുബൈര്‍ സഖാഫി കോട്ടയം ഉദ്ഘാടനം ചെയ്തു. ബഷീര്‍ ഉള്ളണം, കോയ സഖാഫി, ശൗഖത്ത് സഖാഫി, ജലീല്‍ മാസ്റ്റര്‍, അന്‍വര്‍ കളറോഡ്, ഹാരിസ് ജൗഹരി, റഹീം മള്ഹരി, ശരീഫ് മണ്ണൂര്‍ പ്രസംഗിച്ചു. അബ്ദുലത്വീഫ് അഹ്‌സനി പ്രാര്‍ഥന നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് കരുവന്‍ പൊയില്‍ സ്വാഗതവും അഡ്മിന്‍ സെക്രട്ടറി നാസര്‍ മസ്താന്‍ മുക്ക് നന്ദിയും പറഞ്ഞു.

Latest