മാന്നാറില്‍ മോഷണ ശ്രമത്തിനിടെ മൂന്നംഗ സംഘം പിടിയില്‍

Posted on: September 8, 2020 8:52 pm | Last updated: September 8, 2020 at 8:52 pm

മാന്നാര്‍ | മോഷണ ശ്രമത്തിനിടെ കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി ആര്‍ച്ച വീട്ടില്‍ അഭിരാം വിജയന്‍ (27), ആലയില്‍ സാഭവനില്‍ സോനു എന്നു വിളിക്കുന്ന ഇഹു ബര്‍ (29), ക്ലായിക്കാട് കൊച്ചുപറമ്പില്‍ വീട്ടില്‍ അലന്‍ ജയിംസ് (21) എന്നിവരാണ് പിടിയിലായത്.

തിരുവല്ല- മാവേലിക്കര സംസ്ഥാന പാതയില്‍ ചെന്നിത്തല ഒരിപ്രംപുത്തു വിളപ്പടി ജവഹര്‍ നവോദയ വിദ്യാലയത്തിനു എതിര്‍വശത്തു നിന്നും പുലര്‍ച്ചെ നൈറ്റ്‌പെട്രോളിങ് നടത്തിയ പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. മാവേലിക്കര ഉമ്പര്‍നാട് ലക്ഷ്മി നിവാസില്‍ ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള നേന്ത്രകുല മൊത്തവ്യാപാര കടയുടെ താഴുകള്‍ അറുത്തുമാറ്റിക്കൊണ്ടിരിക്കുകയായിരുന്നു സംഘം.

മോഷണ വസ്തുക്കള്‍ കടത്തി കൊണ്ടു പോകാനായി പെട്ടിവണ്ടികളും കൊണ്ടു വന്നിരുന്നു. കോട്ടയത്തും മറ്റും പച്ചക്കറി കച്ചവടം നടത്തി നഷ്ടത്തിലായതിനെ തുടര്‍ന്നാണ് മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് സംഘം പോലീസിനോട് വെളിപ്പെടുത്തി.എന്നാല്‍, ഇതു ശരിയല്ലെന്നും മറ്റു കേസുകളില്‍ ഉള്‍പ്പെട്ട ഇവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിച്ചു വരുകയാണെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് മാവേലിക്കര സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു.