ചതി കേരള കോൺഗ്രസിന്റെ സംസ്കാരമല്ല; മുന്നണി പ്രവേശനത്തിൽ തീരുമാനം ഉടനെയെന്നും ജോസ് കെ മാണി

Posted on: September 8, 2020 8:36 pm | Last updated: September 8, 2020 at 8:40 pm

കോട്ടയം | മുന്നണിയിലെ എല്ലാ രാഷ്ട്രീയ ധാരണകളും പാലിച്ചെങ്കിലും കേരള കോണ്‍ഗ്രസിനെ യു ഡി എഫ് പടിയടച്ച് പുറത്താക്കുകയായിരുന്നെന്ന് ജോസ് കെ മാണി. ഒരിക്കലും യു ഡി എഫിനെ ചതിച്ചിട്ടില്ല. ചതി കേരള കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. പുതിയ മുന്നണി പ്രവേശനത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

കേരള കോണ്‍ഗ്രസിന്റെ അന്ത്യമായിരുന്നു ചിലരുടെ ലക്ഷ്യം. കെ എം മാണിയുടെ മരണത്തോടെ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നു. മാണിയുടെ ആത്മാവിനെ അപമാനിച്ചു. മാണിയുടെ രോഗവിവരം അറിഞ്ഞത് മുതല്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ പി ജെ ജോസഫ് ശ്രമിക്കുകയാണ്. പാലായില്‍ പി ജെ ജോസഫും കോണ്‍ഗ്രസും വിശ്വാസവഞ്ചന കാണിക്കുകയായിരുന്നു. രാഷ്ട്രീയ വഞ്ചന കാട്ടിയത് പി ജെ ജോസഫാണ്. പാലായിലുണ്ടായത് വെറുമൊരു വഞ്ചനയല്ല. എന്നാല്‍ ഇതേക്കുറിച്ച് പരാതി നല്‍കിയിട്ട് യു ഡി എഫ് പരിഗണിച്ചില്ല.

കേരള കോണ്‍ഗ്രസ് മുന്നണിയില്‍ നിന്ന് പുറത്തുപോയതല്ല, യുഡിഎഫ് പുറത്താക്കിയതാണ്. ഇല്ലാത്ത ധാരണയുടെ പേരിലാണ് മുന്നണിയില്‍ നിന്ന് പുറത്താക്കിയത്. കേരള കോണ്‍ഗ്രസിന്റെ യു ഡി എഫ് ബന്ധം അവസാനിച്ചോയെന്ന് യു ഡി എഫ് തന്നെ പറയട്ടെയെന്നും ജോസ് കെ മാണി വ്യക്തമാക്കി.

യു ഡി എഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജോസ് പക്ഷത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് യു ഡി എഫിനെ പരസ്യമായി തള്ളിപ്പറഞ്ഞ് ജോസ് കെ മാണി രംഗത്തെത്തിയത്.