മുക്കം സ്വദേശി ജിദ്ദയിൽ മരിച്ചു

Posted on: September 7, 2020 11:22 pm | Last updated: September 7, 2020 at 11:23 pm

ജിദ്ദ |  ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മുക്കം സ്വദേശി ജിദ്ദയിൽ മരിച്ചു. മണാശ്ശേരി വെസ്റ്റ് സ്വദേശി മുത്തേടത്ത് മണിയാണ് തിങ്കളാഴ്ച വൈകിട്ട് ജിദ്ദ ഷറഫിയയിൽ അന്തരിച്ചത്. നേരത്തേ കൊവിഡ് പോസിറ്റീവായിരുന്നു. പിന്നീട് ഭേദമായി.

ശ്വാസകോശ സംബന്ധമായ അസുഖത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. 25 വർഷത്തിലേറെയായി ജിദ്ദയിൽ പ്രവാസിയായിരുന്ന മണി മലയാളികളുടെ കേന്ദ്രമായ ഷറഫിയയിൽ എല്ലാർക്കും സുപരിചിതനായിരുന്നു. 20 വർഷക്കാലം ഒരു റസ്റ്റോറന്റിൽ ജീവനക്കാരനായിരുന്ന മണി അടുത്ത കാലത്ത് സ്വന്തമായി റസ്‌റ്റോറന്റ് നടത്തി വരികയായിരുന്നു.

പരേതനായ അപ്പുവിന്റെയും ഭാർഗ്ഗവിയുടേയും മകനാണ്. ഭാര്യ ജ്യോതി. മക്കളായ മയൂമിയും മയൂനും ജിദ്ദ ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികളാണ്. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുകയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.