Connect with us

Covid19

തിരുവല്ലയില്‍ മരിച്ച യാചകന് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ 24 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തുനിന്നും വന്നതും, 23 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ കഴിഞ്ഞ ദിവസം മരിച്ച തിരുവല്ല, പരുമല പ്രദേശത്ത് ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിരുന്ന പേര് വ്യക്തമല്ലാത്ത 60 വയസിന് മുകളില്‍ പ്രായമുളള വ്യക്തിക്കും കൊവിഡ് സ്ഥിരീകരിച്ചു. പ്രാഥമിക സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇയാളുടേതടക്കം ഏഴു പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

പന്തളം കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും നാലു പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥീരീകരിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക(25) നും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്19 ബാധിതരായ 19 ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 4024 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

86 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3157 ആണ്. 834 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 810 പേര്‍ ജില്ലയിലും, 24 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ആകെ 876 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. പുതിയതായി 35 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ആകെ 13281 പേര്‍ നിരീക്ഷണത്തിലാണ്. 1397 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ്19 മൂലമുളള മരണനിരക്ക് 0.75 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 4.8 ശതമാനമാണ്.