Connect with us

Book Review

ചാതുർവർണ്യമൊഴിയാത്ത അടിത്തട്ട് ജീവിതം

Published

|

Last Updated

നൂറ് സിംഹാസനങ്ങൾ- ജയമോഹൻ

ദീർഘമായ നെടുവീർപ്പുകളോടെയാണ് ജയമോഹന്റെ നൂറ് സിംഹാസനങ്ങളുടെ ഓരോ പേജും വായിച്ചുതീർക്കാനാകുക. ജീവിതത്തിന്റെ തീവ്രമായ ആവിഷ്കാരങ്ങൾ അത്രമേൽ തീക്ഷ്ണമായി കോർത്തുവെക്കുന്നു. സാംസ്കാരിക മേന്മകളുടെയും വ്യവസ്ഥിതിയുടെ നെറികേടുകളുടെയും നെഞ്ചിൽ കാലെടുത്ത് വെച്ച് പ്രകമ്പനം കൊള്ളിച്ചാണ് നൂറ് സിംഹാസനങ്ങളിലെ ധർമപാലനും അവന്റെയമ്മയും കടന്നുപോകുന്നത്. ഉപരിപ്ലവമായി നാമെത്ര സാംസ്കാരിക സമ്പന്നരായാലും നമ്മുടെ സോഷ്യൽ സ്ട്രാറ്റിഫിക്കേഷന്റെ താഴെ തട്ടിലുള്ള വിഭാഗങ്ങൾ ഇന്നും അധഃസ്ഥിതരായി തന്നെ തുടരുകയാണെന്ന് നമുക്കിത് വായിക്കുമ്പോൾ കൂടുതൽ ബോധ്യമാകും.

സവർണ മേലാളന്മാർ കാണാതിരിക്കാൻ പകൽ മുഴുവൻ കാടുകളിലും പൊന്തകളിലും കുഴികളുണ്ടാക്കിയും ഇലകൾക്ക് പിന്നിൽ മറഞ്ഞിരുന്നും രാത്രികളിൽ മാത്രം പുറത്തുവന്ന് ചത്തതും ചീഞ്ഞതും മാത്രം തിന്ന് ജീവിക്കുന്ന നായാടികളുടെ കഥയാണ് തമിഴെഴുത്തുകാരനായ ജയമോഹൻ പറയുന്നത്. ആ വിഭാഗത്തിൽ നിന്നാണ് ധർമപാലൻ എന്നൊരാൾ നാരായണ ഗുരുവിന്റെ ശിഷ്യനായ സ്വാമി പ്രജാനന്ദന്റെ സഹായത്തോടെ ബ്യൂറോക്രസിയുടെ ഉന്നതങ്ങളിലെത്തുന്നത്. ഐ എ എസുകാരനായിട്ടും തന്റെ ജാതിയുടെ പേരിൽ അധികാര കസേരകളിൽ നിന്നും കീഴുദ്യോഗസ്ഥരിൽ നിന്നും സമൂഹത്തിൽ നിന്നും അസ്പൃശ്യത നേരിടേണ്ടി വന്ന ഒരുത്തന്റെ ദയനീയ ജീവിത കഥയാണ് നൂറ് സിംഹാസനങ്ങൾ. നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കാനാകാതെ തങ്ങളുടെ ജീവിതം തെരുവുകളിലും അഴുക്കുചാലുകളിലുമാണെന്ന അധമ ബോധം ഒരിക്കലും മാറാത്ത ധർമപാലന്റെ അമ്മ ഒരു നീറ്റലായി നമുക്കുള്ളിൽ കയറിയിരിപ്പുണ്ടാകും.

ഉദ്യോസ്ഥനായതിന് ശേഷം ആദ്യമായി അമ്മ മകനെ വസ്ത്രമൊക്കെ ധരിച്ച് കാണുമ്പോൾ കളസമൊക്കെ വലിച്ച് കീറി അധികാര കസേരയൊക്കെ ഒഴിവാക്കി തന്നോടൊപ്പം തെരുവിലേക്കും അഴുക്ക് ചലിലേക്കും പോരണമെന്നാണ് ആ അമ്മ വാശി പിടിക്കുന്നത്. “കാപ്പാ മക്കളെ, കശേര വേണ്ട! കളസം വേണ്ടാ!” എന്ന അമ്മയുടെ നിലവിളി കാതുകളിൽ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കും. എത്ര വലിയ ഉദ്യോഗമുണ്ടായാലും അറിവുണ്ടായാലും അതിനൊക്കെ മുകളിലാണ് ജാതിയുടെ നീരാളിപ്പിടിത്തമെന്ന് നാം തിരിച്ചറിയും. സിവിൽ സർവീസ് ഇന്റർവ്യൂവിന് ചെന്നപ്പോൾ ധർമപാലനോട് ചോദിച്ച ഒരു ചോദ്യത്തെക്കുറിച്ച് ജയമോഹൻ പറയുന്നുണ്ട്. “നിങ്ങൾ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങൾ വിധി പറയേണ്ട ഒരു കേസിൽ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ എന്ത് തീരുമാനമാണെടുക്കുക?” ഇതായിരുന്നു ചോദ്യം. “അവൻ എന്ത് ചെയ്തിട്ടുണ്ടെങ്കിലും നിരപരാധിയാണ്, അതിനി കൊലക്കേസ് ആണെങ്കിൽ കൂടി” എന്നായിരുന്നു ധർമപാലന്റെ മറുപടി. കാലങ്ങളായി അനുഭവിക്കുന്ന ബഹിഷ്കരണത്തിന്റെയും വിവേചനത്തന്റെയും അമർഷം ആ മറുപടിയിലുണ്ടായിരുന്നു. സമത്വം എന്ന വാക്ക് ചിന്തിക്കാൻ പോലും ആകാത്ത ഒരു വിഭാഗത്തിന്റെ പ്രതിനിധിക്ക് മറുപടി പറയാൻ അവിടെ എത്തിക്കൽ ഡിലേമയുടെ പ്രശ്നങ്ങളില്ലായിരുന്നു.

മാതൃത്വത്തിന്റെ തീവ്രമായ രംഗങ്ങൾ പറയുന്ന നോവൽ കൂടിയാണിത്. അമ്മ മരിക്കാൻ കിടക്കുന്ന സന്ദർഭത്തിൽ നിന്നാണ് നോവലാരംഭിക്കുന്നത്. അവിടെ നിന്ന് ജാതീയമായ അടിച്ചമർത്തലുകൾക്ക് വിധേയരായ നായാടി എന്ന വിഭാഗത്തിന്റെ കരളലിയിപ്പിക്കുന്ന കഥ പറയുകയാണ്. വായന പുരോഗമിക്കുമ്പോൾ ഇങ്ങനെയും ഒരു വിഭാഗമുണ്ടോ എന്ന് നാം അതിശയിച്ച് പോകും. തമിഴ്നാട്ടിലെയും കർണാടകയിലെയുമൊക്കെ ഗ്രാമാന്തരങ്ങളിൽ ജാതീയതയുടെ ഉഗ്രരൂപങ്ങൾ ഫണം വിടർത്തിയാടുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

കാഞ്ചൻ ഐലയ്യ പറഞ്ഞ പോലെ ജാതീയമായ വിവേചനങ്ങൾ നേരിടുന്നവർക്കുള്ളിൽ ഉണ്ടാകുന്ന ഒരു തരം ഐഡിയൽ ക്രൈസിസിന്റെ മൂർത്തീകരണമായി ധർമപാലന്റെ അമ്മയെ കാണാവുന്നതാണ്. കാരണം, തങ്ങളിങ്ങനെ തന്നെ ജീവിച്ച് പുഴുക്കളെപ്പോലെ ചാകേണ്ടവരാണെന്ന ഒരധമ ബോധം അവർക്കുള്ളിൽ എപ്പോഴും നിറഞ്ഞ് നിൽക്കുന്നുണ്ട്. മകൻ നായാടികളുടെ പതിവു രീതികളെ വിട്ട് പഠിക്കാൻ പോയപ്പോഴും സ്വാമിയോടൊപ്പം കൂടിയെപ്പോഴും ഐ എ എസ് നേടി അധികാരക്കസേരയിലിരുന്നപ്പോഴുമെല്ലാം ആ അമ്മ പഴയ ജീവിതത്തിലേക്ക് തന്നെ ധർമപാലനെ വിളിച്ച് കൊണ്ടുപോകാനുള്ള വ്യഗ്രത കാട്ടുന്നത് അതുകൊണ്ടാണ്. അദ്ദേഹത്തിന്റെ മകനെ ആരും കാണാതെ വീട്ടിൽ നിന്നും കൊണ്ടു പോയി തെരുവിൽ പട്ടികൾക്കൊപ്പം മാലിന്യങ്ങൾ വാരിവലിച്ച് തീറ്റിക്കുന്ന കാഴ്ച കാണുമ്പോൾ തലമുറകളെത്ര പിന്നിട്ടാലും അസ്പൃശ്യതയുടെ പിടിയിൽ നിന്നും നമുക്ക് മോചനമില്ല എന്ന് തിരിച്ചറിയും.

വിവേചനത്തിന്റെയും വേർതിരിവിന്റെയും തീവ്രമായ ഉദാഹരണങ്ങൾ നോവലിലുടനീളം നമുക്ക് കാണാൻ കഴിയും. പ്രൊഫ. കുമുഥ് പവാഡയുടെ വാക്കുകളാണോർമ വരുന്നത്, “മരണത്തിന് പോലും ജാതിയെ മറക്കാൻ കഴിയുകയില്ല. കാരണം, മരിച്ച്, മൃതദേഹം കൊണ്ടു പോകുമ്പോൾ ആളുകൾ പറയും, ഒരു ശൂദ്രന്റെ, ദളിതന്റെ, നായാടിയുടെ മൃതദേഹമാണ് കൊണ്ടുപോകുന്നത്”. മരിച്ചാൽ പോലും മനുഷ്യനെന്ന പരിഗണന ലഭിക്കുന്നില്ല എന്നർഥം. കാസ്റ്റ് ഹൈറാർക്കിയുടെ കരാളഹസ്തങ്ങൾക്കിടയിൽ പിടഞ്ഞു തീരാൻ മാത്രമെ ഈ അസ്പൃശ്യ വിഭാഗത്തിന് കഴിയൂ എന്ന് സമാധാനിക്കേണ്ടി വരും. നീറി നീറി, വ്രണങ്ങളും പുഴുക്കളുമരിച്ച്, തെരുവുകളിൽ, അഴുക്കുചാലുകളിൽ തോട്ടികളായി ഇവർ മരിച്ച് ജീവിക്കുന്നുണ്ടാകും. എം എൻ ശ്രീനിവാസന്റെയും ജി എസ് ഖുരെയുടെയും ടെക്സ്റ്റുകളിലൂടെ ക്ലാസ് മുറിയുടെ ഇടുങ്ങിയ ചുവരുകൾക്കുള്ളിൽ ഇരുന്ന് ഇന്ത്യയിലെ ജാതീയതയെ കീറിമുറിച്ച് പഠിച്ച് അവരുടെ നെഞ്ചിൽ ചവിട്ടി നമ്മൾ ഡോക്ടറേറ്റും ഡിഗ്രികളും വാങ്ങിക്കൂട്ടുന്നു. എന്തൊരസംബന്ധം!! തീർച്ചയായും ഇന്ത്യയിലെ ഓരോ പൗരനും വായിച്ചിരിക്കേണ്ട കനപ്പെട്ട പുസ്തകമാണിത്. നൂറോളം പേജുകളുള്ള പുസ്തകം ലോഗോസ് ബുക്സാണ് പുറത്തിറക്കിയത്. എഴുപത് രൂപയാണ് വില.

---- facebook comment plugin here -----

Latest