സ്മാരകശിലകളുടെ പാഠശാല

Posted on: September 7, 2020 2:01 pm | Last updated: September 7, 2020 at 2:01 pm

ഇക്കഴിഞ്ഞതിന്റെ തൊട്ടുമുമ്പത്തെ റമസാന്‍ 28നോ 29നോ ആയിരിക്കും. നോമ്പുതുറക്കാനായിട്ടുണ്ട്. കണ്ണൂര്‍ സിറ്റിയിലെ വലിയ ജുമുഅത്ത് പള്ളിയിലാണ് ഞാനുള്ളത്. പുറത്ത് നോമ്പുതുറ ഒരുക്കുന്നതിന്റെ കെങ്കേമമായ തകൃതി. തൊട്ടപ്പുറത്ത് അത്താഴക്കമ്മിറ്റിയുടെ ഹാളും സജീവം. വിരുന്നൂട്ടില്‍ പേരുകേട്ടവരാണ് കണ്ണൂരുകാര്‍. കാലങ്ങള്‍ക്ക് മുമ്പ് ആഗോള കച്ചവട യാത്രകളുടെ കണ്ണായ കേന്ദ്രമായിരുന്നു, കണ്ണൂര്‍. സമാനതകളില്ലാത്ത ഈ ആതിഥ്യലഹരി തന്നെയായിരിക്കണം, കാരണം. നോമ്പുതുറക്ക് കുറെയൊക്കെ നാട്ടുകാരുണ്ടെങ്കിലും തുറയാനന്തര ഭോജനത്തിന്റെയും അത്താഴത്തിന്റെയും മുഖ്യ ഗുണഭോക്താക്കൾ മുസാഫിറുകളായെത്തുന്ന മറുനാടന്‍ മുതഅല്ലിമുകളാണ്.
ഭൂപരപ്പില്‍ നിന്ന് നല്ല ഉയരത്തിലാണ് പള്ളിയുടെ തറ കിടക്കുന്നത്. കഴുത്ത് വളച്ച് നോക്കിയാല്‍ അങ്ങകലെ കുഞ്ഞിപ്പള്ളി കാണാം. അതുവരെയുള്ള നീണ്ട മൈതാനിയില്‍ പതിനായിരക്കണക്കിന് ആളുകള്‍ ശാന്തരായി ചാഞ്ഞുറങ്ങുന്നു. പ്രമാണിമാര്‍, പണ്ഡിതന്‍മാര്‍, മഹാന്‍മാര്‍, പാമരന്‍മാര്‍, പട്ടിണിക്കാര്‍, രോഗികള്‍, മുടന്തന്‍മാര്‍, ചട്ടന്‍മാര്‍, കുട്ടികള്‍, സ്ത്രീകള്‍…ഞാന്‍ വെറുതെ മുന്നിലേക്ക് നോക്കി. അത്ഭുതം! എന്റെ കണ്ണില്‍ ഒരു പേരുടക്കി. നിങ്ങള്‍ക്കെല്ലാം പരിചയമുള്ള പ്രശസ്തമായ നാമം!! ഇ അഹ്്മദ് എം പി!!! തൊട്ടപ്പുറത്ത് മറ്റൊരു പേരുകൂടി എന്റെ കണ്ണിലുടക്കി, ആദിരാജ പൂക്കുഞ്ഞിബീവി. യാ അല്ലാഹ്…

ആരൊക്കെയാണീ കിടക്കുന്നത്. കണ്ണൂരില്‍ ജനിച്ച്, ഇന്ത്യന്‍ പാര്‍ലിമെന്റില്‍ നിറസാന്നിധ്യമായി, യു എന്നില്‍ പ്രസംഗിച്ച് വിശ്വപൗരനായിത്തീര്‍ന്ന മര്‍ഹൂം ഇ അഹ്്മദ് സാഹിബ്. പക്ഷേ, കിടക്കുന്നത് വെറും മണ്ണിനകത്ത്! തൊട്ടപ്പുറവും ഇപ്പുറവുമെല്ലാം അറക്കല്‍ രാജവംശത്തില്‍ പെട്ട രാജാക്കളും രാജാത്തികളുമാണ്. ജീവിതകാലത്ത് അവര്‍ എങ്ങനെയായിരിക്കും കഴിഞ്ഞിരിക്കുക. രാജകുലത്തില്‍ തിരുവയറൊഴിഞ്ഞ് ഷ്ടൈലായി പിറന്നുവീഴുന്നു. സ്വര്‍ണപാത്രം, വെള്ളിക്കിണ്ടി, കശ്മീര്‍ വിരിപ്പ്, തുര്‍ക്കി തലയണ, മലേഷ്യന്‍ മേലാപ്പ്, സിങ്കപ്പൂര്‍ കാല്തോത്തി… ഹൊ… ഹൊ… ആയമാര്‍, തോഴിമാര്‍, ദാസിമാര്‍, വേലക്കാര്‍, വെപ്പുകാര്‍, പാറാവുകാര്‍ٹഹാ ഹാ.. എന്തൊക്കെയായിരിക്കും… എങ്ങനെയൊക്കെയായിരിക്കും…

പക്ഷേ, എന്തൊക്കെയായിട്ടെന്താ, എങ്ങനെയൊക്കെയായിട്ടെന്താ. ഒടുക്കം ചെന്ന് കിടക്കേണ്ടത് ഈ വെറും പച്ചമണ്ണിലല്ലേ? അതെന്താ ഒരു ചിന്താക്ലീഷേയായി നമ്മുടെ മൂക്കിന് മുന്നിലൂടെ പാറി കാലിന്നടിയില്‍ അമര്‍ന്നുപോകുന്നു? എന്തുകൊണ്ട് നമ്മുടെ ഉള്ളിന്റെ ഉള്ളിലത് പൊടിഞ്ഞ് പടരുന്നില്ല?

ഖബറിസ്ഥാന്‍ വല്ലാത്തൊരു പുസ്തകമാണ്, പാഠശാലയാണ്. നമ്മള് വെറുതെ അവിടെ പോയിനിന്നാല്‍ നമ്മളോടത് മൂകമായി പലതും പറയും. നിങ്ങള്‍ എന്തുകളിച്ചിട്ടെന്താ? എന്താര്‍ഭാടത്തില്‍ പുളച്ചിട്ടെന്താ? ഒടുക്കം ഈ മണ്ണിലാണ് വന്നന്തിയുറങ്ങേണ്ടത് എന്ന് പറയുകയല്ല; തൊട്ടുകാണിച്ചുതരും. ആ പാഠം കരളിലേക്ക് വേരിറക്കിക്കഴിഞ്ഞാല്‍ നമുക്ക് നമ്മെപ്പറ്റിയുള്ള എല്ലാ മേന്‍മാബോധങ്ങളും വെന്തടിയും.

ജീവിതത്തോട് നമ്മള്‍ കാണിക്കുന്ന അതിരുവിട്ട ആക്രാന്തവും ശ്വാസമയക്കാത്ത മാത്സര്യവും മാറിനിന്ന് നിരീക്ഷിച്ചാല്‍ നമുക്ക് ഈ വൈകിവരുന്ന മണ്ണിന്റെ വില മനസ്സിലാകും. മനസ്സ് പുണ്ണാക്കിയാണ് പലരും ജീവിതത്തോട് കടപ്പാട് കാണിക്കുന്നത്. അയല്‍ക്കാരന്റെ ഉയര്‍ച്ച, സ്നേഹിതന്റെ വളര്‍ച്ച, കുടുംബക്കാരന്റെ കയറ്റം എന്നിവയെല്ലാം നമ്മുടെ മനസ്സിലേക്ക് തീ കോരിയിടുന്നു. എന്നിട്ട് നമ്മള് അവരോടൊപ്പമെത്താന്‍ ആകാവുന്നതിന്റെ അപ്പുറങ്ങളിലേക്ക് പോയി ചിത്തം ചീത്തയാക്കുന്നു. മറ്റുള്ളവര്‍ പരിധിവിട്ട് ഉയരാതിരിക്കാനുള്ള തടസ്സപ്രക്രിയയില്‍ മുഴുകി ജീവിതം പൊറുതികേടിന്റെ ചെളിക്കുണ്ടിലാഴ്ത്തുന്നു.

ALSO READ  കുഞ്ഞുങ്ങളിലെ മാനസികാരോഗ്യം

ഓര്‍മവേണം, മണ്ണിനെ മറപ്പിക്കുന്ന ഒന്നാണ് ഭൗതികതയോടുള്ള ലഹരി. പണവും പ്രൗഢിയും പദവിയും പത്രാസുമെല്ലാം വാസ്തവത്തില്‍ വഴിമുടക്കികളായ അശ്രീകരങ്ങളാണ്. അവയെ വകഞ്ഞുമാറ്റി മണ്ണിന്റെ യാഥാര്‍ഥ്യത്തിലേക്ക് കുതിക്കുകയാണ് വേണ്ടത്. പക്ഷേ, മുടക്കികളെ നായാടിപ്പിടിക്കാനാണ് നമ്മള്‍ ജീവിതം ചെലവാക്കുന്നത്- ഇതെന്തൊരു കഷ്ടമായിപ്പോയി.
കിടക്കാനുള്ള മണ്ണിന്റെ മഹത്തരം മനസ്സിലാക്കണമെങ്കില്‍ മനസ്സിനും ആ മണ്ണിനുമിടയില്‍ മറയിട്ട മണ്ണിനെ മാന്തിയെറിയണം. നമ്മളിപ്പോള്‍ മണ്ണിന് വേണ്ടി മല്ലടിക്കുകയാണ്. ഓര്‍മ വേണം. പൊന്നും മണ്ണും തന്നെയാണ്. ഒരുതരം മണ്ണ്. ഭൂമിയില്‍ നിന്ന് കിളച്ച് കോരുന്ന മുന്തിയ മണ്ണ്. പെണ്ണും മണ്ണാണ്. ഇന്നലെ അവള്‍ മണ്ണായിരുന്നു. ഇന്നത് സര്‍വൈശ്വര്യമായി കണ്ണിനും മണ്ണിനുമിടയില്‍ മറയിടുന്നു. നാളെയത് വീണ്ടും മണ്ണായി അടിയും. ആപ്പിളും മുന്തിരിയും കദളിയും റുമ്മാനും ഒക്കെ മണ്ണാണ്; മണ്ണില്‍ നിന്ന് മിളുന്തിവരുന്നതാണ്.

ഇതെല്ലാം വിലകുറഞ്ഞ/ ക്ഷണികമായ മണ്ണാസ്വാദനങ്ങളാണ് എന്ന് തിരിച്ചറിഞ്ഞ് പുറങ്കാല്‍ കൊണ്ട് തട്ടിയെറിഞ്ഞാലേ നാളെ കിടക്കാനിരിക്കുന്ന മണ്ണ് കസ്തൂരിയായി കിട്ടൂ. അതൊരു വല്ലാത്ത തിരിച്ചറിവാണ്. തുളഞ്ഞ ബുദ്ധിവേണമതിന്. പോരാ, ആ ബുദ്ധിയെ മന്ദിപ്പിക്കുന്ന നിറജീവിതത്തിന്റെ പകിട്ടുസന്ദര്‍ഭങ്ങള്‍ ഇല്ലാതാക്കുകയോ/ ഉണ്ടെങ്കില്‍ പുറം തിരിഞ്ഞ് നടക്കാനോ കഴിയണം. അങ്ങനെ ചെയ്യുന്നവരെ അന്തങ്കമ്മികള്‍ എന്ന് കാണുന്നവര്‍ക്ക് തോന്നിയേക്കാം. പക്ഷേ, തിരിച്ചറിയണം. അവരാണ് യഥാർഥ ബുദ്ധിമാന്മാര്‍. കാഴ്ചയിലെ പിരാന്തങ്കോലം കാര്യമാക്കേണ്ട. അല്‍ഉഖലാഉല്‍ മജാനീന്‍ എന്ന് കേട്ടിട്ടില്ലേ. അതന്നെ.
ബുദ്ധി കൂടുമ്പോഴാണ് മണ്ണിന്റെ വില തിരിയുക. അങ്ങനെ തിരിഞ്ഞവര്‍ ഇഹവാസമണ്ണിനോട് ലാല്‍സലാമടിക്കും. റിയാളുസ്വാലിഹീന്‍ തുടക്കത്തില്‍ ചൊല്ലാറുള്ള ബൈത്തില്‍ ഇല്ലേ: കൂര്‍മബുദ്ധിമാന്മാരായ അടിയാറുകള്‍/ ഭൗതികലോകത്തെ ഇങ്ങനെ പരിശോധിച്ചപ്പോള്‍ അവര്‍ക്ക് വെളിവായി/ ഇത് നിത്യവാസത്തിനുള്ള താവളമല്ലെന്ന്. അപ്പോളവര്‍ ദുനിയാവിനെ കാര്യം തീര്‍ത്ത് പറഞ്ഞുവിട്ടു.

ഇങ്ങനെ ദുന്‍യാവിന്റെ വിലക്കമ്മി തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് “ബുദ്ധിപ്രയോഗം’ ധാരാളമായി കണ്ടുവരുന്നു. സമ്പത്തുമായുള്ള മനസ്സിന്റെ ബന്ധവിഛേദനമാണ് “സുഹ്ദ്’ എന്ന് പാടുന്ന അദ്കിയാഇല്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമോര്‍ രണ്ടാം വരി അവസാനിപ്പിക്കുന്നത്. “തകു അഅ്ഖലാ’- څതനിക്ക് സൂപ്പര്‍ ബ്രെയ്ന്‍ ആവാമേچ എന്ന് പറഞ്ഞാണ്. എന്നല്ല, അല്ലാഹുവിലേക്കുള്ള ആത്മീയ പാത വിശദീകരിക്കുന്ന പ്രസ്തുത കാവ്യഗ്രന്ഥത്തിന്റെ പേരില്‍ തന്നെ “ബുദ്ധിത്വം’ നിറഞ്ഞാടുന്നു. ഹിദായത്തുല്‍ അദ്കിയാഅ്. ഒരു നാട്ടിലെ ഏറ്റവും വലിയ ബുദ്ധിമാന് എന്ന് പറഞ്ഞ് ഒരാള്‍ ഒരാസ്തി വഖ്ഫാക്കിയാല്‍ അത് അന്നാട്ടിലെ “സാഹിദ്’ന് കൊടുക്കണമെന്നാണ് ഫിഖ്ഹീ പക്ഷം.

തൊട്ടുമുന്നില്‍ കാണുന്നതിലെ കാര്യലാഭം കണ്ടുപിടിക്കുക എന്നത് ബുദ്ധിയായിരിക്കാം. അതൊരു സര്‍വസാധാരണ ബുദ്ധിയാണ്. പക്ഷേ, അതിന്റെ അപ്പുറത്തുള്ള അതിനെക്കാള്‍ ആയിരം മടങ്ങ് മൂല്യമുള്ളതിനെ ഉള്‍കണ്ണുകൊണ്ട് കാണുന്നതാണ് യഥാര്‍ഥ ബുദ്ധി. ചെളി നിറഞ്ഞ സ്ഥലത്തതാ ഇരുമ്പടിഞ്ഞിരിക്കുന്നു. നല്ല വണ്ണിച്ച/ കനമുള്ള യന്ത്രഭാഗങ്ങള്‍- ആരോടും ചോദിക്കാതെ എത്രയും വലിച്ചുവരാം. കഴുകി വൃത്തിയാക്കാം. ചന്തയില്‍ ചെന്ന് വില്‍ക്കാം. പക്ഷേ, ഈ ചെളിപ്പാടം കടന്ന് അൽപ്പം അപ്പുറത്തെത്തിയാല്‍ നല്ല ഹലുവക്കണ്ടം പോലെ മുറിച്ച സ്വര്‍ണക്കട്ടികള്‍ പെറുക്കാം. നിങ്ങള്‍ ആയിരം കൊല്ലം കൊണ്ട് എല്ല് വെള്ളമാക്കി വില്‍ക്കുന്ന ഇരുമ്പുകൊണ്ട് കിട്ടുന്ന കാശുവേണം അതിലെ രണ്ട് ഖണ്ഡം സ്വര്‍ണക്കട്ടി വാങ്ങാന്‍. അങ്ങനെയുള്ളതായ സ്വര്‍ണക്കട്ടി വേണ്ടത്ര പെറുക്കിക്കോ എന്ന് സ്വന്തം നഫ്സിനോട് പറയാന്‍ എപ്പോഴാവുന്നുവോ അപ്പോഴാണ് നാം ബുദ്ധിമാനാവുക. അബുദര്‍ദാഇനോട്(റ) പരിശുദ്ധ റസൂല്‍(സ്വ) പറഞ്ഞുവല്ലോ; റബ്ബിനോടടുക്കാം, ബുദ്ധി വര്‍ധിപ്പിക്കുകില്‍.. അബൂദര്‍ദാഇന്(റ) ആകാംക്ഷ. അതെങ്ങനെ? പൂമേനിയുടെ മറുപടി; അല്ലാഹു അരുതെന്ന് പറഞ്ഞത് വിട്ടേക്കുക. ചെയ്യെന്ന് പറഞ്ഞത് ചെയ്ക. നീ ബുദ്ധിമാനാകും.
ഹദീസിലുണ്ടല്ലോ. സ്വശരീരത്തെ ബ്രേക്കിട്ടു പിടിച്ചവനാണ് ബുദ്ധിശാലി. മരണാനന്തരകാലത്തേക്ക് സദ്കര്‍മം ചെയ്തവനും. എന്നാലാരാണ് ദുര്‍ബലന്‍? ശരീരാഭിലാഷങ്ങള്‍ക്കനുസരിച്ച് ആടിക്കൊടുക്കുന്ന തടിങ്കൂസന്‍. എന്നിട്ട് അല്ലാഹുവില്‍ മേലാശ വെച്ച് കാത്തിരിക്കുന്ന കോന്തന്‍.

ALSO READ  വിശപ്പെന്ന പാഠപുസ്തകം

ഞാനിപ്പോള്‍ എവിടെയാ ഉള്ളതെന്ന് മറന്നുപോയോ. സിറ്റി ജുമാമസ്ജിദില്‍. രാജാക്കളുടെയും ഭരണാധികാരികളുടെയും മീസാന്‍ കല്ലുകള്‍ ഇതാ ശരിക്ക് കാണാം. ജീവിതകാലത്ത് അവര്‍ക്ക് വലിയ തിരക്കായിരുന്നു. ഒരു നോക്ക് കാണാന്‍, ഒരാവലാതി പറയാന്‍, ഒരു നിവേദനം കൊടുക്കാന്‍ ആളുകള്‍ ക്യൂ നില്‍ക്കുകയായിരുന്നു. പക്ഷേ മണ്ണെന്ന മഹാ യാഥാര്‍ഥ്യം അവരുടെ ഉയിരിനെയും ഉടലിനെയും മൂടിയപ്പോള്‍ അവരെ അന്വേഷിച്ച് ആരും വരുന്നതായി കാണുന്നില്ല. എന്നല്ല യുഗപ്പകര്‍ച്ചകള്‍ക്കിപ്പുറം ഈ മണ്ണിനകത്ത് കിടക്കുന്നത് ആരാണെന്ന് പോലും കൃത്യമായി തിരിച്ചറിവില്ലാത്ത വിധം വിസ്മൃതി അവരെ വിഴുങ്ങി.
ഞാനിതാ കണ്ണൽപ്പം മേലോട്ട് പൊക്കുകയാണ്. എനിക്കിപ്പോള്‍ മൗലല്‍ ബുഖാരിയുടെ മഖാം കാണാം. അവിടെ ആളുകള്‍ വന്നും പോയുമിരിക്കുന്നു. അണമുറിയാത്ത സിയാറത്തുണ്ട്. യാസീനും ഖത്്മും ഓതുന്നവരുണ്ട്. ജീവിതകാലത്തെന്നപോലെ മനസ്സിന്റെ ദുഃഖങ്ങള്‍ പൊട്ടിച്ചൊഴുക്കുന്നവരുണ്ട്. മൗലാതങ്ങള്‍ക്ക് ജീവിത കാലത്ത് മനസ്സിലായിരുന്നു ചേമ്പും ചേനയും വിളയുന്ന കറുത്ത മണ്ണല്ല കാര്യം. മറിച്ച് മരിച്ചാല്‍ കിടക്കേണ്ട കസ്തൂരി മണ്ണാണെന്ന്. അറിയണേ! അല്ലാഹുവിന്റെ ഔലിയാക്കള്‍ക്ക് ഭയമേതുമില്ല. അവരെ ഒരസ്വസ്ഥതയും അലട്ടുകയില്ല. “യാറബ്ബ്- ചേടി മണ്ണിനെ പുന്നാരിക്കുന്നവരായിട്ടും നാണമില്ലാതെ ചോദിക്കുകയാണ്; ഞങ്ങളുടെ കിടപ്പുമണ്ണില്‍ നീ കസ്തൂരി വിരിച്ചുതരണേ അല്ലാഹ്!

ശ്മശാനത്തിലെ സ്മാരകശിലകൾ കാണുമ്പോൾ നിങ്ങൾക്കെന്താണ് തോന്നാറുള്ളത്. whatsapp your views- 9847652917