കോന്നി ഗവ. മെഡിക്കല്‍ കോളജ് 14ന് നാടിന് സമർപ്പിക്കും

Posted on: September 5, 2020 10:28 pm | Last updated: September 5, 2020 at 10:28 pm

പത്തനംതിട്ട | കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് 14ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എം എല്‍ എ അറിയിച്ചു. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മലയോര നാടിന്റെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാകുകയാണ്. കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ജില്ലാ കലക്ടര്‍ പി ബി നൂഹിന്റെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം എല്‍ എ. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

ഒ പി വിഭാഗം ഇതോടൊപ്പം പ്രവര്‍ത്തനം ആരംഭിക്കും. മന്ത്രിമാര്‍, എം പി, എം എല്‍ എമാര്‍, ജനപ്രതിനിധികള്‍, മെഡിക്കല്‍ കോളജ് ജീവനക്കാര്‍ ഉള്‍പ്പെടെ 50 പേരെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങ് ലഘൂകരിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ഉദ്ഘാടനം. പൊതുജനങ്ങളെ ചടങ്ങില്‍ അനുവദിക്കില്ല. ചടങ്ങിന് മുന്നോടിയായി അതിഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും. ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴിയും പ്രാദേശിക ചാനല്‍ വഴിയും ഉദ്ഘാടനം ലൈവായി കാണുന്നതിന് അവസരമൊരുക്കും.

നിര്‍മാണം പൂര്‍ത്തിയാക്കിയ ആശുപത്രി കെട്ടിടം, അക്കാദമിക്ക് ബ്ലോക്ക് എന്നിവയാണ് മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കുന്നത്. 32,900 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുളള ആശുപത്രി കെട്ടിടമാണ് നിര്‍മിച്ചിട്ടുള്ളത്. കാഷ്വാലിറ്റി, ഒ പി വിഭാഗം, ഐ പി വിഭാഗം, അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം, ഓപ്പറേഷന്‍ തീയറ്ററുകള്‍, കാന്റീന്‍ ഉള്‍പ്പെടെ വിപുലമായ വിഭാഗങ്ങളാണ് ആശുപത്രി കെട്ടിടത്തിലുള്ളത്. നാലുനിലകളിലായി നിര്‍മിച്ചിട്ടുള്ള കെട്ടിടത്തില്‍ 10 വാര്‍ഡുകളിലായി 30 കിടക്കകള്‍ വീതം ആകെ 300 കിടക്കകളാണുള്ളത്. പ്രാരംഭഘട്ടമായി 127 ജീവനക്കാരെയാണ് നിയമിക്കുക.

ALSO READ  ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം