ബിനീഷ് തെറ്റു ചെയ്‌തെങ്കില്‍ ശിക്ഷിക്കട്ടെ, തൂക്കിക്കൊല്ലേണ്ടതാണെങ്കില്‍ തൂക്കിക്കൊല്ലട്ടെ: കോടിയേരി

Posted on: September 4, 2020 7:37 pm | Last updated: September 4, 2020 at 10:32 pm

തിരുവനന്തപുരം | മയക്കുമരുന്ന് കേസില്‍ ബിനീഷ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കണമെന്നും തൂക്കി കൊല്ലേണ്ടതതാണെങ്കില്‍ തൂക്കിക്കൊല്ലണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇല്ലാത്ത കഥകള്‍ ഉണ്ടാക്കി പുകമറ സൃഷ്ടിക്കാന്‍ മാത്രമാണ് ഇത്തരം ആരോപണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബെംഗളുരു മയക്കുമരുന്ന് കേസ് പ്രതികളുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണസംഘം എല്ലാ കാര്യങ്ങളും സ്വതന്ത്രമായി അന്വേഷിക്കട്ടെ. നിങ്ങളൊരു രക്ഷിതാവാണെങ്കില്‍ ഇത്തരമൊരു കാര്യമറിഞ്ഞാല്‍ സംരക്ഷിക്കുമോ? ഏതെങ്കിലും ഒരു രക്ഷിതാവ് സംരക്ഷിക്കുമോ? തന്നെ മാനസികമായി തകര്‍ക്കനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇതുകൊണ്ടൊന്നും സാധിക്കില്ല. ഇതിലും വലിയ കഥകള്‍ വന്നാല്‍ അതും നേരിടാന്‍ തയ്യാറായാണ് കമ്മ്യൂണിസ്റ്റുകാരനായി ഇരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യത്തിന് ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും നേരിടാന്‍ ഇടതുപക്ഷം സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. ജോസ്.കെ.മാണിയോട് നിഷേധാത്മകമായ നിലപാടല്ല ഇടതുപക്ഷത്തിനുളളതെന്നും ജോസ് കെ മാണി ഒരു നിലപാട് സ്വീകരിച്ചതിന് ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി.

ALSO READ  സ്വര്‍ണകള്ളക്കടത്ത്: ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും