വ്യാപാരിയെ കടയ്ക്കുള്ളില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ആറുപേര്‍ അറസ്റ്റില്‍

Posted on: September 3, 2020 7:49 pm | Last updated: September 3, 2020 at 7:49 pm

പത്തനംതിട്ട | മദ്യലഹരിയില്‍ മല്ലപ്പള്ളി വായ്പുര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ വ്യാപാര സ്ഥാപനം നടത്തിവരുന്ന ഊട്ടുകുളം മൂലേപ്പുറത്ത് ഇസ്മാഇല്‍ റാവുത്തറി (67)നെ കടയില്‍ കയറി മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍. കോട്ടാങ്ങല്‍ കുളത്തൂര്‍ വെട്ടുവേലീല്‍ പി വി ടിജോ (24), ചൂരക്കുറ്റിത്തടം അഭിജിത്ത് (25), ചൂരക്കുറ്റിത്തടം അജിത്ത് (22), കാടിയക്കാവ് ചേമ്പ്ലാനിക്കല്‍ റോബിന്‍ തോമസ് (22), തിരുവന്‍ മുറിയില്‍ ജെസ്വിന്‍ (23), ചൂരക്കുറ്റിത്തടം സൂരജ് (25) എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പെട്ടി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥ്, എസ് ഐമാരായ എം ജെ സുരേഷ്, രാജേഷ് കുമാര്‍, എസ് സി പി ഒ. പി എച്ച് അന്‍സിം, സി പി ഒമാരായ ബിനു, നെബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. അക്രമി സംഘം സഞ്ചരിച്ച മൂന്ന് മോട്ടോര്‍ ബൈക്കുകള്‍ പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

പ്രതികളുമായി വിരോധത്തില്‍ കഴിഞ്ഞിരുന്ന വായ്പുര്‍ സ്വദേശി സന്തോഷ്, ഇസ്മാഇലിന്റെ കടയില്‍ കയറിയ സമയത്ത് പ്രതികള്‍ ആക്രമിക്കാനെത്തുകയായിരുന്നു. ഇതിനു തടസ്സം നിന്ന ഇസ്മാഇലിനെ സംഘം അതിക്രൂരമായി മര്‍ദിച്ചു. കടയിലെ സാധനങ്ങളും ഇവര്‍ നശിപ്പിച്ചു.