കാണുക, തലയറ്റുവീഴുന്നു നമ്മുടെ രാഷ്ട്രീയ പ്രബുദ്ധത

കേരളത്തിന് ഉണ്ടെന്ന് പറയുന്ന പൊതു പ്രബുദ്ധതക്കും രാഷ്ട്രീയ ബോധത്തിനും നേര്‍ വിപരീതമാണ് ഇടക്കിടക്ക് ആവര്‍ത്തിക്കുന്ന ഈ കൊലപാതക പരമ്പരകള്‍. രാഷ്ട്രീയമായി അണികളെ വിദ്യാഭ്യാസം ചെയ്യിക്കുകയെന്ന വലിയ ഉത്തരവാദിത്വം പാര്‍ട്ടികള്‍ നിര്‍വഹിക്കുന്നേയില്ല.
Posted on: September 2, 2020 7:18 am | Last updated: September 2, 2020 at 7:18 am

തിരുവോണത്തലേന്ന് തിരുവനന്തപുരത്ത് നടന്ന ഇരട്ട കൊലപാതകം കേരളീയ മനസ്സാക്ഷിയെ വല്ലാതെ ഉലച്ചിരിക്കുകയാണ്. സി സി ടി വി ക്യാമറകള്‍ മറച്ചു വെച്ച്, തികച്ചും ആസൂത്രിതമായി, പെട്ടെന്നുള്ള പ്രകോപനമൊന്നും കൂടാതെയാണ് മിദ്്ലാജിനെയും ഹഖ് മുഹമ്മദിനെയും കൊന്നിരിക്കുന്നത്. വലിയ ഗൂഢാലോചന സംഭവത്തിന് പിന്നില്‍ നടന്നിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. കൊവിഡ് മഹാമാരി പടര്‍ന്നു പിടിക്കുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ നിസ്സഹായരും വിനീതരുമാകുന്നുവെന്നും അകന്നിരിക്കുമ്പോഴും ഗുണാത്മകമായ സാമൂഹികവത്കരണം അതിവേഗം നടക്കുന്നുവെന്നും വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ ചിലര്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും തികച്ചും പ്രാകൃതമായ മനുഷ്യത്വരാഹിത്യത്തിലേക്ക് കൂപ്പുകുത്തുമെന്ന പാഠമാണ് ഈ ഇരട്ട കൊലപാതകം മുന്നോട്ട് വെക്കുന്നത്. എത്രയൊക്കെ മറച്ചുവെക്കാന്‍ ശ്രമിച്ചാലും ഇതിലെ രാഷ്ട്രീയം മുഴച്ച് നില്‍ക്കുക തന്നെ ചെയ്യും. രാഷ്ട്രീയ വൈരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായവരും കസ്റ്റഡിയിലുള്ളവരും കോണ്‍ഗ്രസുമായി ബന്ധമുള്ളവരാണ്. പ്രാദേശിക നേതൃത്വത്തിന്റെയോ ജനപ്രതിനിധികളുടെയോ ഒത്താശ ഈ കൊലക്കുണ്ടായോ എന്ന് തെളിയേണ്ടതാണ്.

കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കെടുത്ത് വെച്ച്, എല്ലാവരും കൊല്ലുന്നുണ്ടെന്നും ആരും അത്ര തികഞ്ഞവരല്ലെന്നുമുള്ള സാമാന്യവത്കരണം ഇത്തരുണത്തില്‍ കൊലയാളികളെ ന്യായീകരിക്കുന്നതിന് തുല്യമാണ്. കൊല്ലപ്പെട്ടവരുടെ പക്ഷം നോക്കി കൊലപാതകത്തിന്റെ വികാര തീവ്രത കൂട്ടുകയും കുറക്കുകയും ചെയ്യുന്ന ചില മാധ്യമങ്ങളും വിശകലനക്കാരുമുണ്ട്. കൊലപാതക രാഷ്ട്രീയം പോലെ തന്നെ അപകടകരമാണ് അത്. നിരവധി പേർ വലതു പക്ഷ സംഘടനകളുടെ ചോരക്കൊതിക്കിരയായിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകം ഗാന്ധി വധമാണ്. ആയുധ പരിശീലനം പ്രവര്‍ത്തനത്തിന്റെ അവിഭാജ്യ ഘടകമാക്കിയ സംഘ് പരിവാറുകാര്‍ എത്രയെത്ര പേരെയാണ് കൊന്നു തള്ളിയത്? അതുകൊണ്ട് തിരുവനന്തപുരത്ത് കൊലക്കത്തിക്കിരയായവരുടെ പാര്‍ട്ടിക്കാര്‍ നേരത്തേ കൊന്നവരല്ലേ എന്ന ന്യായം ഇപ്പോഴുയര്‍ത്തുന്നതിന് പിന്നില്‍ കൊലപാതകം അവസാനിപ്പിക്കണമെന്ന ആഗ്രഹമല്ല. മറിച്ച് മരിച്ചവന്റെ രാഷ്ട്രീയം നോക്കി വിധിക്കുന്ന ഏര്‍പ്പാടാണ്.

ഗാന്ധിജിയുടെ കാലത്ത് കോണ്‍ഗ്രസ് പ്രസ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. പിന്നീടത് കോണ്‍ഗ്രസ് പാര്‍ട്ടിയായി. കമ്മ്യൂണിസ്റ്റുകള്‍ പണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനക്കാരായിരുന്നു. പിന്നീട് അവര്‍ പാര്‍ട്ടികളായി. പാര്‍ട്ടികള്‍ക്ക് സമ്പത്തും സ്വാധീനവും കൈവന്നു. ഈ രൂപാന്തരത്തോടെ ആദര്‍ശം മങ്ങുകയും അധികാര മോഹം തിളങ്ങുകയും ചെയ്തു. അധികാരത്തിനായുള്ള കരുനീക്കങ്ങള്‍, മേധാവിത്വ പ്രഖ്യാപനങ്ങള്‍, അസഹിഷ്ണുത തുടങ്ങിയ ദുഷിപ്പുകള്‍ ഓരോയിടത്തും പാര്‍ട്ടികളെ ഫാസിസ്റ്റുകളാക്കി മാറ്റി. മുറുകെപ്പിടിക്കുന്ന ആദര്‍ശം പറയാനില്ലാത്തപ്പോള്‍ ഭയപ്പെടുത്തലിന്റെ ഭാഷ വേണം പാര്‍ട്ടിയെ സംരക്ഷിക്കാനെന്നു വന്നു. തങ്ങള്‍ക്ക് ശക്തിയുള്ളിടത്ത് മറ്റാരെയും തലപൊക്കാന്‍ അനുവദിക്കില്ലെന്ന നില വന്നു. ചെറിയ തര്‍ക്കങ്ങള്‍ പോലും അരും കൊലകളില്‍ എത്തിക്കുന്നത് ഈ അസഹിഷ്ണുതയാണ്. ഓരോ കൊലക്ക് ശേഷവും പകരം വീട്ടുമെന്ന ആക്രോശമാണ് അണികള്‍ക്ക് നേതാക്കള്‍ നല്‍കുന്നത്. കൊലയാളികള്‍ക്ക് എല്ലാ സംരക്ഷണവും ഒരുക്കും. അവരെ പുറത്ത് വിഹരിക്കാന്‍ വിട്ട് പകരത്തിന് പ്രതികളെ നല്‍കും. പാര്‍ട്ടി കേസ് നടത്തും. പിന്നെപ്പിന്നെ ഈ ക്രിമിനലുകളെ തള്ളിപ്പറയാന്‍ പാര്‍ട്ടിക്ക് സാധിക്കാതെ വരും. നേതൃത്വം അക്രമത്തെ നിരുത്സാഹപ്പെടുത്തിയാലും ഫലമില്ലെന്ന നിലയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. ഈ സ്ഥിതി മാറാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടോ എന്നതാണ് ഈ രണ്ട് യുവാക്കളുടെ മയ്യിത്തിന് മുന്നില്‍ നിന്ന് ചോദിക്കാനുള്ളത്.

ALSO READ  പ്രതീക്ഷയേകി കോടതി നിരീക്ഷണം

കേരളത്തിന് ഉണ്ടെന്ന് പറയുന്ന പൊതു പ്രബുദ്ധതക്കും രാഷ്ട്രീയ ബോധത്തിനും നേര്‍ വിപരീതമാണ് ഇടക്കിടക്ക് ആവര്‍ത്തിക്കുന്ന ഈ കൊലപാതക പരമ്പരകള്‍. രാഷ്ട്രീയമായി അണികളെ വിദ്യാഭ്യാസം ചെയ്യിക്കുകയെന്ന വലിയ ഉത്തരവാദിത്വം പാര്‍ട്ടികള്‍ നിര്‍വഹിക്കുന്നേയില്ല. വൈകാരികമായി ചലിക്കുന്നവരെയാണ് അവര്‍ക്ക് വേണ്ടത്. നേതാക്കളെ ആരാധിക്കുന്ന ആജ്ഞാനുവര്‍ത്തികളായി അണികള്‍ മാറുന്നതോടെ എന്താണ് താന്‍ ചെയ്യുന്നതെന്ന ബോധം നഷ്ടമാകുന്നു. ഏത് കുറ്റകൃത്യം ചെയ്താലും പാര്‍ട്ടി സംരക്ഷിച്ചുകൊള്ളുമെന്ന് ചില അനുയായികള്‍ മനസ്സിലാക്കി വെച്ചിരിക്കുന്നു. ഇത്തരക്കാരെ സഹായിച്ച് തങ്ങളുടെ ആളാക്കി മാറ്റാന്‍ പാര്‍ട്ടികള്‍ മത്സരിക്കും. ചിലപ്പോള്‍ ഗ്യാംഗ് വാറുകളില്‍ പാര്‍ട്ടികള്‍ കക്ഷിയാകുന്ന സ്ഥിതിയുണ്ടാകാറുണ്ട്.

കൊല്ലപ്പെട്ടവരുടെ മക്കളോട്, ഉപ്പയോട്, ഉമ്മയോട്, ഭാര്യമാരോട്, സഹോദരങ്ങളോട് എന്ത് മറുപടിയാണ് നിങ്ങള്‍ക്ക് പറയാനുള്ളത്. പുരുഷന്‍മാര്‍ തമ്മില്‍ കൊന്നും കൊല്ലിച്ചും മുന്നേറുമ്പോള്‍ നിരാലംബരായി പോകുന്ന സ്ത്രീകളോട് എന്ത് ന്യായമാണ് ഈ രാഷ്ട്രീയ വ്യവസ്ഥക്ക് പറയാനുള്ളത്? കക്ഷി രാഷ്ട്രീയത്തെ തിരുത്താന്‍ ശേഷിയുള്ള യഥാര്‍ഥ രാഷ്ട്രീയ അവബോധം വളര്‍ന്നു വരണം. കൊടിയുടെ നിറം നോക്കാതെ അക്രമത്തെ അപലപിക്കാന്‍ സാധിക്കണം. കൊലയാളികളെ സംരക്ഷിക്കുന്ന ഏര്‍പ്പാട് രാഷ്ട്രീയ നേതാക്കള്‍ നിര്‍ത്തണം. ക്രിമിനലുകളെ പാര്‍ട്ടിയുടെ ചിറകിനടിയില്‍ നിന്ന് പുറത്തിറക്കി നിയമത്തിന് വിട്ടു കൊടുക്കണം. വെട്ടും കുത്തും കൊലവിളിയും അതിവൈകാരികതയും ഇഷ്ടപ്പെടുന്ന ഒരു ചെറു ന്യൂനപക്ഷമേ ഉള്ളൂ എന്ന് നേതൃത്വം മനസ്സിലാക്കണം. ശാന്തിയും സമാധാനവുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. തികച്ചും ദരിദ്രമായ ജീവിത സാഹചര്യത്തില്‍ നിന്ന് വരുന്നവരാണ് ഈ ചോരക്കളിയില്‍ നേരിട്ട് പങ്കെടുക്കുന്നത്. ഉന്നതര്‍ മറഞ്ഞിരിപ്പാണ്. അവരുടെ മക്കള്‍ രാഷ്ട്രീയത്തിലേ ഇല്ല. ഉണ്ടെങ്കില്‍ തന്നെ സേഫ് സോണിലാണ്. പാര്‍ട്ടി കൂറെന്നൊക്കെ പറഞ്ഞ് ചാടിപ്പുറപ്പെടുന്നവര്‍ ഇത് ഓര്‍ക്കുന്നത് നന്നായിരിക്കും. സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും എന്നാണ് യുവാക്കള്‍ ഉച്ചത്തില്‍ പാടേണ്ടത്. പാടത്തും പറമ്പിലും തെരുവിലും മനുഷ്യരെ പച്ചക്ക് വെട്ടിനുറുക്കി എന്ത് വിപ്ലവമാണ് ഇവിടെ നടപ്പാക്കാന്‍ പോകുന്നത്?