Connect with us

Articles

പ്രണബ്: സ്‌നേഹമൊളിപ്പിച്ച കാര്‍ക്കശ്യം

Published

|

Last Updated

എല്ലാ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും റഫര്‍ ചെയ്യാന്‍ ഉതകുന്നൊരു പാഠപുസ്തകമായിരുന്നു പ്രണാബ് ദാ. ആറ് പതിറ്റാണ്ട് നീണ്ട പൊതു ജീവിതത്തില്‍ നിന്ന് ആര്‍ജിച്ചെടുത്ത അറിവും അനുഭവ സമ്പത്തും പ്രണാബ് മുഖര്‍ജിയെ സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാക്കി. പശ്ചിമ ബംഗാളിലെ മിരാത്തിയെന്ന ഗ്രാമത്തില്‍ സ്വാതന്ത്ര്യ സമര പശ്ചാത്തലമുള്ള ഒരു കുടുംബത്തില്‍ ജനിച്ച് റെയ്‌സിനാ ഹില്ലിലെ രാഷ്ട്രപതി ഭവന്‍ വരെ വളര്‍ന്നൊരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ പ്രണാബ് മുഖര്‍ജിയുടെ ജീവിതം ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരേടാണ്. വ്യക്തിപരമായി ഏറെ ഊഷ്മളമായ ഓര്‍മകളാണ് എനിക്ക് പ്രണാബ് ദാ. എം പിയായി ഡല്‍ഹിയില്‍ എത്തും മുമ്പേ തുടങ്ങിയ പരിചയം. ഒരിക്കല്‍ ബംഗാളില്‍ പൊതു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയപ്പോഴാണ് ദേശീയ രാഷ്ട്രീയത്തിലെ കരുത്തനായ പ്രണാബ് മുഖര്‍ജിയെ പരിചയപ്പെടാന്‍ അവസരമുണ്ടായത്. കേരളത്തോട് എന്നും പ്രത്യേക മമത മനസ്സില്‍ സൂക്ഷിച്ചിരുന്ന പ്രണാബ് ദാ ഞങ്ങളോട് ഏറെ താത്പര്യത്തോടെയാണ് അന്ന് ഇടപഴകിയത്. പിന്നീടും നേരില്‍ കാണാനവസരമുണ്ടായപ്പോഴും കേരള പശ്ചാത്തലം പരിചയത്തെ ഊട്ടിയുറപ്പിച്ചു.

2009ല്‍ ലോക്‌സഭാംഗമായപ്പോഴാണ് പരിചയം നിരന്തര ഇടപെടലുകളിലൂടെ ദൃഢമായ സ്‌നേഹ ബന്ധമായത്. ചുറ്റുമുള്ളവരിലേക്ക് എപ്പോഴും ഊര്‍ജം പ്രസരിക്കുന്ന പ്രണാബ് മുഖര്‍ജിയുടെ പാര്‍ലിമെന്റിലെ സാന്നിധ്യം തന്നെ ഒരു അനുഭവമാണ്. അദ്ദേഹം ടേബിള്‍ ചെയ്യുന്ന ബില്ലുകളുടെ ചര്‍ച്ചകളോ അവതരിപ്പിക്കുന്ന വിഷയങ്ങളോ മറുപടി പ്രസംഗങ്ങളോ തുടങ്ങി എന്തുമാകട്ടെ മറുപക്ഷത്തിനും, ഒപ്പം ട്രഷറി ബഞ്ചിനും അത് ഒരു പഠനാവസരമായിരുന്നു. സഭ ഇളകി മറിയുമെന്ന് നമുക്ക് തോന്നുമ്പോഴും, പ്രതിഷേധങ്ങള്‍ എല്ലാ സീമകളും അതിരുവിട്ടുവെന്ന് കരുതുമ്പോഴുമെല്ലാം ഉലയാത്ത വന്മരമായി പ്രണാബ് മുഖര്‍ജി എഴുന്നേറ്റു നില്‍ക്കും. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പാര്‍ലിമെന്റിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഓരോന്നും ഓരോ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും ഓരോ പഠനാവസരങ്ങളാണ്. പതിറ്റാണ്ടുകള്‍ക്കു മുമ്പേയുള്ള, 1969 മുതലിങ്ങോട്ടുള്ള പല സഭകളിലെയും പല ചര്‍ച്ചകളും അനുഭവങ്ങളും റൂളിംഗുകളും കീഴ് വഴക്കങ്ങളും പരാമര്‍ശങ്ങളും നിയമനിര്‍മാണ സന്ദര്‍ഭങ്ങളുമെല്ലാം ഉദ്ധരണികളോടെയും ആധികാരികതയോടെയും ഇടതടവില്ലാതെ ഒഴുകിവരും. അസാമാന്യമായ ആ ഓര്‍മ ശക്തിയും ബുദ്ധികൂര്‍മതയും മാത്രമായിരിക്കും കൈയിലൊരു പേപ്പര്‍ കഷണം പോലുമില്ലാതെ, ഒരു ഗൃഹപാഠവും ചെയ്യാതെ എതിര്‍ പക്ഷത്തെ നേരിടാന്‍ അദ്ദേഹത്തിന്റെ കരുത്ത്. സഭാതലത്തില്‍ എതിരാളികളെ അസാമാന്യമായ മെയ് വഴക്കത്തോടെ പ്രണാബ് മുഖര്‍ജി കൈയിലെടുക്കുന്നത് കണ്ട് ഞങ്ങള്‍ തുടക്കക്കാര്‍ അത്ഭുതം കൂറിയിട്ടുണ്ട്. ഞാന്‍ ആദ്യം എം പിയായ രണ്ടാം യു പി എയുടെ കാലത്ത് ധനകാര്യ മന്ത്രിയെന്ന നിലയില്‍ പല വികസന കാര്യങ്ങള്‍ക്കും പദ്ധതികള്‍ക്കും അനുമതിയും ഫയലുകളുടെ ഫോളോഅപ്പുമൊക്കെയായി കൂടിക്കാഴ്ചകള്‍ പതിവായി. അടിക്കടിയുള്ള സന്ദര്‍ശനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയവും വ്യക്തിപരവുമായ ഒട്ടേറെ കാര്യങ്ങള്‍ ഔദ്യോഗിക വിഷയങ്ങള്‍ക്കപ്പുറം ചര്‍ച്ചാ വിഷയങ്ങളായി. വാത്സല്യത്തില്‍ പൊതിഞ്ഞ ഉപദേശങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും ഔദ്യോഗിക അഭ്യര്‍ഥനകള്‍ക്കൊക്കെ അനുകൂല നടപടികളുമായി ഒരു കരുതലിന്റെ തണല്‍ അനുഭവിക്കാനായ ഒട്ടേറെ സന്ദര്‍ഭങ്ങള്‍. ഒപ്പം ഒരു തുടക്കക്കാരനെന്ന നിലയില്‍ പാര്‍ലിമെന്റിലെ ഇടപെടലുകള്‍ സംബന്ധിച്ച് വ്യക്തമായ അഭിപ്രായങ്ങളും പറയുമായിരുന്നു. പല വിഷയങ്ങളിലും അന്ന് ഭരണപക്ഷാംഗമെന്ന നിലയില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ സംബന്ധിച്ചും ഏറ്റെടുക്കുന്ന അല്ലെങ്കില്‍ ഉന്നയിക്കുന്ന വിഷയത്തിന്റെ മെറിറ്റ് മാത്രമാകണം പരിഗണനയെന്നും തുടങ്ങി സഭാ ചട്ടങ്ങളും റൂളിംഗുകളും വിഷയാവതരണത്തിന്റെ രീതി വരെയും ചിലപ്പോള്‍ പറഞ്ഞു തരുമായിരുന്നു. ഇത് പാര്‍ലിമെന്റിലെ ആദ്യ വര്‍ഷങ്ങളില്‍ കിട്ടിയ വിലയേറിയ പിന്തുണയായിരുന്നുവെന്നത് ഒരിക്കലും മറക്കാനാകില്ല. അങ്ങനെയിരിക്കെ 2012ല്‍ അദ്ദേഹം രാഷ്ട്രപതിയായി. വ്യക്തിപരമായി ബന്ധമുള്ള ഒരാള്‍ ഇന്ത്യയുടെ രാഷ്ട്രപതിയായി വരുന്നതിലെ ആഹ്ലാദം ചെറുതല്ലായിരുന്നു. ആ സന്തോഷം നേരിട്ട് പങ്കുവെക്കാനും അഭിനന്ദനങ്ങള്‍ അറിയിക്കാനുമായി തിരഞ്ഞെടുക്കപ്പെട്ട ദിവസം വസതിയില്‍ പോയി കണ്ടു. എപ്പോള്‍ വേണമെങ്കിലും എന്താവശ്യത്തിനും എന്നെ വന്നു കാണാം. രാഷ്ട്രപതിയായി എന്നത് അകലം കൂട്ടാനല്ല കുറക്കാനുള്ള അവസരമായി കാണണമെന്നാണ് എന്നോട് പറഞ്ഞത്. അത് ഒരംഗീകാരമായി ഞാന്‍ കരുതുന്നു. ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ ഗാന്ധി കുടുംബത്തിനേറ്റവും അടുപ്പമുണ്ടായിരുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായനായ പ്രണാബ് മുഖര്‍ജി എപ്പോഴും പ്രാപ്യമായ ദൂരത്തു തന്നെയായിരുന്നു എന്നതിലെ അനല്‍പ്പമായ സന്തോഷം ഒരിക്കലും മറച്ചു വെക്കുന്നില്ല.

[irp]

കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് ഏറ്റവും സമുന്നതനായ ഒരു നേതാവ് എന്നതിനൊപ്പം ഏറ്റവും അനിവാര്യനായ ഒരു പ്രശ്‌നപരിഹാരകന്റെ റോളിലായിരുന്നു പതിറ്റാണ്ടുകളോളം പ്രണാബ് മുഖര്‍ജി. കാല്‍ നൂറ്റാണ്ടോളം അദ്ദേഹം പ്രവര്‍ത്തക സമിതിയംഗമായിരുന്നു. പതിറ്റാണ്ടുകളോളം കേന്ദ്ര സര്‍ക്കാറിലും പാര്‍ട്ടിയിലും ഒപ്പം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് വേണ്ടി ട്രബിള്‍ ഷൂട്ടറുടെ റോളിലും അദ്ദേഹം തിളങ്ങി നിന്നുവെന്നതും ചരിത്രം. എഴുപതുകള്‍ മുതലിങ്ങോട്ട് മിക്ക കോണ്‍ഗ്രസ് സര്‍ക്കാറുകളിലും അദ്ദേഹത്തിന് നിര്‍ണായക സ്ഥാനമുണ്ടായിരുന്നു. പ്രതിരോധം, ധനകാര്യം, വിദേശകാര്യം തുടങ്ങിയ എല്ലാ സുപ്രധാന വകുപ്പുകളിലും രാജ്യത്തിന്റെ അന്തസ്സുയര്‍ത്തിയ ഒട്ടേറെ നടപടികള്‍ സ്വീകരിക്കാനും ഒപ്പം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ത്വരിതവേഗം നല്‍കാനും അദ്ദേഹത്തിലെ ദീര്‍ഘ ദര്‍ശിയായ ഭരണാധികാരിക്ക് കഴിഞ്ഞു.
രാഷ്ട്രപതി ഭവനിലേക്കും നീണ്ടു അഭിപ്രായങ്ങളും ഉപദേശങ്ങളും തേടിയുള്ള എന്റെ യാത്രകള്‍. 2013ല്‍ ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ വരണമെന്ന് ക്ഷണിച്ചപ്പോള്‍ നെഹ്റു ട്രോഫി ഉള്‍പ്പെടെയുള്ള മറ്റ് പല പരിപാടികള്‍ക്കും വിളിച്ചിട്ടും വരാന്‍ കഴിയാത്തതിന്റെ പരാതി തീര്‍ക്കാന്‍, വിമുഖതയൊന്നും കൂടാതെ ഉറപ്പായും വരുമെന്നേറ്റു.
2016ല്‍ ചൈനയിലേക്ക് രാഷ്ട്രപതിയുടെ നേതൃത്വത്തില്‍ നടത്തിയ നാല് ദിവസത്തെ സന്ദര്‍ശന സംഘത്തിലും അദ്ദേഹത്തെ അനുഗമിക്കാനായി. ചൈനയുമായി തന്ത്രപ്രധാനമായ വിവിധ മേഖലകളില്‍ നമ്മുടെ രാജ്യത്തിനുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു ഔദ്യോഗിക സന്ദര്‍ശനം. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായുള്ള ചര്‍ച്ചകളില്‍ ഒരു രാഷ്ട്ര തലവനെന്ന നിലയിലും രാഷ്ട്ര തന്ത്രജ്ഞനെന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ ഔന്നത്യത്തിനും നയതന്ത്രജ്ഞതക്കും സാക്ഷ്യംവഹിക്കാനായി.

[irp]

2011ല്‍ ഊര്‍ജ സഹമന്ത്രിയായിരിക്കെ, പശ്ചിമ ബംഗാളിലെ ഫറഖയില്‍ എന്‍ ടി പി സിയുടെ പവര്‍ പ്ലാന്റിന്റെ മൂന്നാം ഘട്ട ഉദ്ഘാടനത്തിന് ധനകാര്യ മന്ത്രിയായിരുന്ന പ്രണാബ് ദാക്കൊപ്പമാണ് പോയത്. ഹെലികോപ്ടറില്‍, ഊര്‍ജ മന്ത്രിയായിരുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെക്കൊപ്പമായിരുന്നു യാത്ര. തന്നെ രൂപപ്പെടുത്തിയ ജന്മനാടിനോടുള്ള വൈകാരികമായ ബന്ധം ആ യാത്രയില്‍ ഞങ്ങളോട് പങ്കുവെക്കാനും അദ്ദേഹം മടിച്ചില്ല.
രാഷ്ട്രപതിഭവനില്‍ നിന്ന് പടിയിറങ്ങും മുമ്പും കണ്ടിരുന്നു. പിതാവിനോടുള്ള വ്യക്തി ബന്ധം അദ്ദേഹത്തിന്റെ മകനും എം പിയുമായിരുന്ന അഭിജിത് മുഖര്‍ജി, കോണ്‍ഗ്രസ് നേതാവും മകളുമായ ശര്‍മിഷ്ഠ മുഖര്‍ജി എന്നിവരുമായും തുടരുന്നുണ്ട്.
1969 മുതല്‍ രാജ്യസഭാംഗം, പിന്നെ ലോക്‌സഭയില്‍, പല തവണ കേന്ദ്ര മന്ത്രിസഭാംഗം, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍, രാഷ്ട്രപതി തുടങ്ങി പ്രവര്‍ത്തിച്ച ചെറുതും വലുതുമായ മേഖലകളിലും പദവികളിലുമെല്ലാം തന്റെ പ്രതിഭയുടെ കൈയൊപ്പു ചാര്‍ത്തിയ നേതാവായിരുന്നു പ്രണാബ് ദാ. പത്മവിഭൂഷണടക്കം രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്‌നമുള്‍പ്പെടെയുള്ള ഒട്ടേറെ ബഹുമതികള്‍. അഗാധമായ അറിവും അസാധാരണമായ ഓര്‍മ ശക്തിയും ബുദ്ധികൂര്‍മതയും അദ്ദേഹത്തിലെ രാഷ്ട്രീയക്കാരനെ വ്യത്യസ്തനാക്കി. വാക്കുകളിലെ പിശുക്കും സ്വഭാവത്തിലെ കാര്‍ക്കശ്യവുമൊന്നും അദ്ദേഹത്തിലെ സ്‌നേഹ സമ്പന്നനായ മനുഷ്യനെ ഒരിക്കലും ബാധിച്ചില്ല. ഇഷ്ടപ്പെട്ടവരെ എന്നും പ്രോത്സാഹിപ്പിക്കാനും വാത്സല്യവും സ്‌നേഹവും ചൊരിയാനും ഒരിക്കലും മടിച്ചതുമില്ല.

[irp]

രാജ്യത്തിന് പകരം വെക്കാനില്ലാത്ത നഷ്ടമാണ് പ്രണാബ് മുഖര്‍ജിയുടെ വിയോഗം. അദ്ദേഹത്തെ സ്‌നേഹിക്കുന്ന രാജ്യത്തെ അനേക ലക്ഷങ്ങള്‍ക്കൊപ്പം ഈ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു.