Connect with us

National

എട്ട് മാസത്തിന് ശേഷം ഡോ. കഫീല്‍ ഖാന് ജാമ്യം

Published

|

Last Updated

ലഖ്‌നോ | പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ  പ്രകോപന പ്രസംഗം നടത്തിയെന്ന്  ആരോപണം ഉന്നയിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ജയിലില്‍ തള്ളിയ ഡോ. കഫീല്‍ ഖാന് ജാമ്യം. യോഗി സര്‍ക്കാറിന്റെ വാദങ്ങളെല്ലാം തള്ളി അലഹബാദ് ഹൈക്കോടതിയാണ് ഉടന്‍ വിട്ടയക്കാന്‍ ഉത്തരവിട്ടത്.  അറസ്റ്റിലായി എട്ട് മാസത്തിന് ശേഷമാണ് കഫീല്‍ ഖാന്‍ ജയില്‍ മോചിതനാകുന്നത്. കഫീല്‍ ഖാന്റെ മാതാവ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ് .യോഗി സര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കി കഫീല്‍ഖാന് മേല്‍ ചുമത്തിയ ദേശീയ സുരക്ഷാ നിയമവും കരുതല്‍ തടങ്കലും കോടതി റദ്ദാക്കി.

ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ മെഡിക്കല്‍ കോളജില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചപ്പോള്‍ അവരെ രക്ഷപ്പെടുത്താന്‍ തന്നാല്‍ ആവുന്നത് ചെയ്താണ് കഫീള്‍ ഖാന്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ആശുപത്രിയില്‍ ഓക്‌സിജിന്‍ സിലിണ്ടര്‍ കുറവുണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ കേന്ദ്രത്തില്‍ നിന്ന് സിലിണ്ടര്‍ എത്തിച്ച് നിരവധി ജീവനുകള്‍ രക്ഷിച്ചാണ് കഫീല്‍ രാജ്യത്ത് താരമായത്. എന്നാല്‍ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഇല്ലെന്ന് തെറ്റായ പ്രചാരണം നടത്തിയെന്നും സര്‍ക്കാറിനെ പ്രതികൂട്ടിലാക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് യോഗി ആദ്യത്യനാഥ് സര്‍ക്കാര്‍ അദ്ദേഹത്തെ വേട്ടിയാടുകയായിരുന്നു. ആദ്യം സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത അദ്ദേഹത്തെ പിന്നിട് ജയിലിലടച്ചു. എന്നാല്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയെങ്കിലും ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചില്ല. മറ്റ് പ്രാക്ടീസുകള്‍ക്ക് അനുവദിച്ചുമില്ല. നിരവധി തവണ അദ്ദേഹത്തിന് നേരെ വധ ഭീഷണിയുമുണ്ടായി. ഒടുവില്‍ സ്വകാര്യ പ്രക്ടീസ് നടത്തിയെന്ന് ആരോപിച്ച് ജോലിയില്‍ നിന്ന് പുറത്താക്കുകയും ജാമ്യം ലഭിക്കാതെ ജയിലിലടക്കുകയുമായിരുന്നു. പിന്നാലെ പൗരത്വ നിയമത്തില്‍ പ്രകോപന പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ജാമ്യം പോലും നല്‍കാതെ ജിയിലില്‍ അടക്കുകയായിരുന്നു

Latest