Connect with us

National

പ്രണാബ് മുഖര്‍ജിയെന്ന രാഷ്ട്രതന്ത്രജ്ഞന്‍

Published

|

Last Updated

രാജ്യത്തെ പതിറ്റാണ്ടുകളായി അക്ഷീണം സേവിച്ച അസാമാന്യ വ്യക്തിത്വത്തിനുടമയാണ് പ്രണാബ് കുമാര്‍ മുഖര്‍ജിയെന്ന പ്രണാബ് ദാ. രാജ്യത്തിന്റെ സാമൂഹിക- സാസംസ്‌കാരിക-സാമ്പത്തിക മേഖലകളിലെല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ സാധിച്ച ധീര നേതാവ്. 34ാം വയസ്സില്‍ അധ്യാപക ന്റെ കുപ്പായം അഴിച്ചുവെച്ച് പാര്‍ലിമെന്റ് അംഗമായ പ്രണാബ് സത്ഗുണ സമ്പന്നനായ നേതാവെന്നറിയപ്പെടുമ്പോഴും അടിയന്തരാവസ്ഥക്കാലത്ത് അമിതാധികാര പ്രവണത കാട്ടിയവരില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ഇദ്ദേഹത്തിനായില്ല. അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിച്ച ഷാ കമ്മീഷന്‍ പ്രണബിനെ കുറ്റപ്പെടുത്തി. ഡോ.മന്‍മോഹന്‍ സിംഗിനെ റിസര്‍വ് ബേങ്ക് ഗവര്‍ണറായി നിയമിച്ചുള്ള ഉത്തരവില്‍ ഒപ്പുവെച്ചത് ധനമന്ത്രിയായിരുന്ന മുഖര്‍ജിയായിരുന്നു.

2004ലാണ് ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പശ്ചിമബംഗാളിലെ ജംഗിപൂരില്‍ നിന്ന്. 2009ല്‍ വീണ്ടും ജയിച്ച സീറ്റില്‍ 2012ല്‍ ദാ രാഷ്ട്രപതിയായതോടെ ഒഴിവുവന്നു. അവിടെ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് അദ്ദേഹത്തിന്റെ പുത്രന്‍ അജിത് മുഖര്‍ജിയാണ്. രാഷ്ട്രീയക്കാരനായ രാഷ്ട്രപതി തന്നെയാണ് താനെന്ന് രാഷ്ട്രപതി പദത്തിലെത്തി കുറഞ്ഞ നാളുകള്‍ കൊണ്ട് അദ്ദേഹം തെളിയിച്ചു. ഇത് ഒരു ആലങ്കാരിക പദവി മാത്രമല്ലെന്ന് ഉത്തമബോധ്യമുള്ള പ്രണാബ് ഏറെ നാളായി കെട്ടിക്കിടന്ന 30 ദയാഹരജികള്‍ തള്ളിക്കൊണ്ടാണ് രാഷ്ട്രപതിയെന്ന ആദ്യ ഉത്തരവിറത്തിയത്. രാഷ്ട്രത്തിന്റെ പരമോന്നത പദവിയിലെത്തിയപ്പോഴും വിദേശ യാത്രകളോട് വലിയ താത്പര്യം പ്രകടിപ്പിക്കാതിരുന്ന മുഖര്‍ജി പക്ഷേ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പലവട്ടം സന്ദര്‍ശനം നടത്തി.

ആണവ കരാര്‍, പേറ്റന്റ് ബില്‍ തുടങ്ങിയ നിര്‍ണായക തീരുമാനങ്ങളെടുക്കുമ്പോള്‍ ഇടതുപക്ഷത്തെ കൂടി അനുനയിക്കുന്ന ഭരണ പാടവം യു പി എ സര്‍ക്കാറുകള്‍ക്ക് എന്നും കരുത്തായിരുന്നു. രാഷ്ട്രപതി ഭവന്‍ ഏറെ സജീവമായിരുന്ന അഞ്ച് വര്‍ഷങ്ങളായിരുന്നു പ്രണാബ് കുമാര്‍ മുഖര്‍ജി രാജ്യത്തിന്റെ പ്രഥമപൗരനായിരുന്ന കാലം.

Latest