പെട്ടിമുടി ബാക്കിയാക്കുന്നത്‌

Posted on: August 27, 2020 5:00 am | Last updated: August 27, 2020 at 4:10 pm

തുടര്‍ച്ചയായ പ്രളയ സാധ്യതകള്‍ പരിസ്ഥിതി ശാസ്ത്രജ്ഞരില്‍ മാത്രമല്ല കേരളീയരുടെ സാധാരണ ജീവിത വ്യവഹാരങ്ങളില്‍ വരെ അസാധാരണമാംവിധം ഭീതി പടര്‍ത്തിയിട്ടുണ്ട്. എന്തുകൊണ്ട് ഇവിടെ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും സംഭവിക്കുന്നു എന്ന മൗലികമായ ചോദ്യത്തിന് ഗാഡ്ഗില്‍ എട്ട് വര്‍ഷം മുമ്പ് നല്‍കിയ മുന്നറിയിപ്പ് ചൂണ്ടിക്കാണിക്കുന്നവരെ അവഗണിക്കാനാകില്ല. എന്നാല്‍ പ്രകൃതി ദുരന്തങ്ങളുടെ യഥാര്‍ഥ കാരണം എന്താണ്? ആരാണ്? ഇങ്ങനെയുള്ള എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഒറ്റ മറുപടിയായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വെച്ച് പ്രതിരോധിക്കാനും കഴിയില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നിര്‍ദേശിച്ച സര്‍ജിക്കല്‍ ട്രീറ്റ്‌മെന്റ് നല്‍കിയിരുന്നെങ്കില്‍ പശ്ചിമഘട്ട പ്രദേശങ്ങളിലെ ദുരന്തത്തിന്റെ ആഘാതം കുറക്കാമായിരുന്നു എന്നത് ഒരു ശാസ്ത്രസത്യമാണ്.

വര്‍ധിച്ച വനനശീകരണം, നെല്‍പ്പാടങ്ങള്‍ മണ്ണിട്ട് നികത്തല്‍, കണ്ടല്‍നാശം, കുന്നിടിക്കല്‍, പാറ പൊട്ടിക്കല്‍, മണല്‍ വാരല്‍, അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ നമുക്ക് ഈ ദുരന്തത്തിന് കാരണമായി നിരീക്ഷിക്കാം. കേരളം രൂപവത്കൃതമായതിന് ശേഷം 35 ശതമാനം വനമാണ് പശ്ചിമഘട്ട മേഖലകളില്‍ നിന്ന് മാത്രം അപ്രത്യക്ഷമായത്. കേരളത്തിന്റെ ജീവനാഡിയാണ് പശ്ചിമഘട്ട മലനിരകള്‍. എന്തുകൊണ്ടെന്നാല്‍ പശ്ചിമഘട്ട മലനിരകള്‍ കേരളത്തിന്റെ ഭൂപ്രകൃതിയില്‍ സവിശേഷമായ സ്വാധീനം ചെലുത്തുന്ന പരിസ്ഥിതി പ്രദേശമാണ്. ഗുജറാത്തിലെ താത്പതി മുതല്‍ കന്യാകുമാരി തീരം വരെ നീണ്ടുകിടക്കുന്ന ഈ മലനിരകളാണ് അറബിക്കടലില്‍ നിന്ന് വീശിയടിക്കുന്ന തണുത്ത കാറ്റിനെ തടഞ്ഞുനിര്‍ത്തി മഴ തരുന്നത്. ഈ പ്രദേശത്തെ വര്‍ധിച്ചു വരുന്ന പരിസ്ഥിതി നാശം കണക്കിലെടുത്താണ് രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇവിടുത്തെ പ്രശ്‌നങ്ങളെ പഠിക്കാനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനുമായി 2010ല്‍ പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചത്. സമിതി പ്രശ്‌നങ്ങളെ സമഗ്രമായി തന്നെ പഠിച്ച് 2011 ആഗസ്റ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

മൊത്തം മേഖലയെ പരിസ്ഥിതിലോല പ്രദേശമായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. കൂടാതെ മേഖലയെ മൂന്നായി തരം തിരിച്ചു. ഈ മൂന്ന് വ്യത്യസ്ത പാരിസ്ഥിതിക പ്രദേശങ്ങളിലെയും മൊത്തം പ്രവര്‍ത്തനങ്ങളെ “ചെയ്യാവുന്നത്’, “പാടില്ലാത്തത്’ എന്ന രീതിയില്‍ തരം തിരിച്ച് അക്കമിട്ട് തന്നെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു. കമ്മിറ്റിയുടെ ശിപാര്‍ശകള്‍ ഒന്നും ഏകപക്ഷീയമായി നടപ്പാക്കണമെന്ന് പോലും ഗാഡ്ഗില്‍ പറഞ്ഞില്ല. ഭൂവിനിയോഗ ഉപയോഗത്തില്‍ ഗ്രാമസഭകളുടെ പങ്കാളിത്തത്തിലൂടെ ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം ജനങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ഗാഡ്ഗില്‍ ഊന്നിപ്പറഞ്ഞിരുന്നു.

ഇത്രയും ജനാധിപത്യ സ്വഭാവമുള്ള ഒരു റിപ്പോര്‍ട്ടിനോട് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ സ്വീകരിച്ച നിലപാടാണ് ആശ്ചര്യപ്പെടുത്തിയത്. കേരളത്തിലെ നിയമസഭ തന്നെ ഒന്നടങ്കം റിപ്പോര്‍ട്ടിനെ തള്ളി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ കേരളത്തിലും ദേശീയ തലത്തിലും വ്യാപകമായി നുണകള്‍ പ്രചരിപ്പിക്കപ്പെട്ടു.

കത്തിപ്പടര്‍ന്ന ഗാഡ്ഗില്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് മേല്‍ പുതിയൊരു കമ്മിറ്റിയെ നിയോഗിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞനായ ഗാഡ്ഗിലിന് പകരം ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന കസ്തൂരിരംഗനായിരുന്നു കമ്മിറ്റിയുടെ ചെയര്‍മാൻ. ഈ സമിതി കുറച്ചുകൂടി ജനകീയമെന്ന് തോന്നിപ്പിക്കും വിധം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഏറെക്കുറെ എല്ലാവരെയും തൃപ്തിപ്പെടുത്തി. പശ്ചിമഘട്ട പ്രദേശത്തെ 37 ശതമാനം മാത്രം സംരക്ഷിച്ചു പിടിച്ചാല്‍ മതിയെന്നായിരുന്നു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. സത്യത്തില്‍ ഈ റിപ്പോര്‍ട്ടിന്റെ ലക്ഷ്യം പശ്ചിമഘട്ടത്തെ കൊള്ളയടിക്കാന്‍ തുറന്നുകൊടുക്കലായിരുന്നു.

ALSO READ  പെട്ടിമുടിയില്‍ മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു; മരണം 55 ആയി

എല്ലാ ബഹളങ്ങളും കെട്ടടങ്ങി. ഗാഡ്ഗില്‍ നല്‍കിയ മുന്നറിയിപ്പ് 2018ല്‍ പുലര്‍ന്നു. 2019ലും ദുരന്തം ആവര്‍ത്തിച്ചു. 2018ല്‍ കോഴിക്കോട് കട്ടിപ്പാറയിലും മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറയിലും ഉരുള്‍പൊട്ടലുണ്ടായി. 2019ല്‍ വയനാട് ജില്ലയിലെ പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും 2020ല്‍ പെട്ടിമുടിയിലും ഒരു പ്രദേശം തന്നെ തുടച്ചുനീക്കപ്പെട്ടു. അളവില്‍ കൂടിയ മഴയാണ് പ്രളയത്തിന് കാരണമെന്നായിരുന്നു വികസന വാദികളുടെ ഉത്തരം. ഭൂമിയില്‍ പെയ്യുന്ന ജലത്തെ സംഭരിച്ച് നിര്‍ത്താനുള്ള വനങ്ങള്‍ ഇല്ലാതായതിന്റെ കണക്കുകളോ മണ്ണിട്ട് നികത്തിയ വയലുകളും തണ്ണീര്‍ത്തടങ്ങളും ഭൂമിയുടെ ജലസംഭരണ ശേഷി ഇല്ലാതാക്കിയതോ ഒന്നും ഗൗരവതരമായ പൊതു ചര്‍ച്ചകള്‍ക്കോ സംവാദങ്ങള്‍ക്കോ വിഷയമായില്ല. സത്യത്തില്‍ നമ്മുടെ നദികളുടെയും പുഴകളുടെയും സ്വാഭാവികത നഷ്ടപ്പെടുത്തിയ മണല്‍ വാരലും കരിമണല്‍ ഖനനവുമൊക്കെ വരുത്തിവെച്ച ദുരന്തമായിരുന്നു സമതല പ്രദേശങ്ങളായ ആലപ്പുഴ അടക്കമുള്ള ജില്ലകളില്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. വലിയ അളവില്‍ മഴ ലഭിച്ചിട്ടും വേനലില്‍ നാം കടുത്ത ജലക്ഷാമം നേരിടുന്നതും ഇക്കാരണങ്ങൾ കൊണ്ടാണ്.

1970ലെ കണക്കനുസരിച്ച് കേരളത്തില്‍ 8,80,000 ഹെക്ടറില്‍ നെല്‍കൃഷിയുണ്ടായിരുന്നു. ഇന്ന് അത് കഷ്ടിച്ച് 1,85,000 ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇത്രയും വയല്‍ഭൂമി ഇല്ലാതായതല്ല, ഇതിലെ ഭൂരിഭാഗവും മണ്ണിട്ട് നികത്തപ്പെട്ടതാണ്. 2008ലെ ശക്തമായ തണ്ണീര്‍ത്തട വയല്‍ സംരക്ഷണ നിയമം പിന്നീട് വന്ന ഭേദഗതിയിലൂടെ ഇന്ന് വയല്‍ ഭൂമിക്ക് ചരമഗീതം പാടുകയാണ്.

ഇത്രയൊക്കെ സംഭവിച്ചിട്ടും ഇപ്പോഴും നാം പഠിക്കാനോ തിരുത്താനോ തയ്യാറാകാതെ വികസിച്ച് വികസിച്ച് ഇല്ലാതാകുകയാണ് നാം. ദുരന്തങ്ങള്‍ വരുത്തിവെക്കുന്നത് പാരിസ്ഥിതിക നഷ്ടം മാത്രമല്ല, തിരിച്ചു പിടിക്കാനാകാത്തവിധം വലിയ സാമ്പത്തിക നഷ്ടവും സാമൂഹിക നഷ്ടവുമൊക്കെ ഇതിലൂടെ സംഭവിക്കുന്നു. ഒരായുസ്സിന്റെ മുഴുവന്‍ അധ്വാനം ഒറ്റ നിമിഷം കൊണ്ട് തുടച്ചു നീക്കപ്പെടുമ്പോള്‍ നിസ്സഹായമായി നോക്കി നില്‍ക്കാനല്ലാതെ നമുക്കാകുന്നില്ല. ദുരന്തങ്ങളില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് ചെറിയ ദുരിതാശ്വാസ തുകയല്ലാതെ ശരിയായ നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല.

പ്രളയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തന്നെ നിയോഗിച്ച സമിതികള്‍ക്കൊന്നും റിപ്പോര്‍ട്ടിനപ്പുറം കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എങ്കിലും കെ എഫ് ആര്‍ ഐ പോലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ ഗൗരവകരമായ ചില പ്രശ്‌നങ്ങളിലേക്ക് സര്‍ക്കാറിന്റെ ശ്രദ്ധ ക്ഷണിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം ക്വാറികളുടെ പ്രവര്‍ത്തനം സംബന്ധിച്ച ആശങ്കകളായിരുന്നു. കേരളത്തില്‍ നിലവില്‍ 6,000ത്തോളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ 750ഓളം ക്വാറികള്‍ മാത്രമാണ് അനുമതിയോടെ പ്രവര്‍ത്തിക്കുന്നത് എന്നാണ് കെ എഫ് ആര്‍ ഐയിലെ ശാസ്ത്രജ്ഞന്‍ പറയുന്നത്. സംസ്ഥാനത്ത് മണലെടുപ്പ് നിരോധിച്ചതാണ് ക്വാറി മാഫിയക്ക് വളമായത്. ക്വാറി മണല്‍ യാതൊരുവിധ നിയന്ത്രണവുമില്ലാതെ വിറ്റഴിക്കപ്പെടുന്നതില്‍ സര്‍ക്കാറിനോ ജനങ്ങള്‍ക്കോ യാതൊരു വിധ ആശങ്കയുമില്ല. ക്വാറി പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ മാത്രം പ്രശ്‌നമായി അവ എപ്പോഴും മാറ്റിനിര്‍ത്തപ്പെടുന്നു. ഇനിയും സ്വയം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ പ്രവചിക്കപ്പെടാനാകുന്നതിലും ഭീകരമായിരിക്കും വരാനിരിക്കുന്ന ദുരന്തങ്ങള്‍ എന്ന ഓര്‍മപ്പെടുത്തലാണ് കവളപ്പാറയും പെട്ടിമുടിയുമൊക്കെ ബാക്കിയാക്കുന്നത്.

ALSO READ  പെട്ടിമുടി ദുരന്തം: മരണം കവർന്നത് ഒരു വലിയ കുടുംബത്തിലെ 21പേരെ