Connect with us

Health

യൂറിക് ആസിഡും ഭക്ഷണ നിയന്ത്രണവും

Published

|

Last Updated

ചിലതരം ഭക്ഷണങ്ങളുടെ ഉപോത്പന്നം എന്ന നിലക്കാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. ആരോഗ്യമുള്ള ഒരാളില്‍ യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറന്തള്ളപ്പെടും. എന്നാല്‍ ചിലരില്‍ യൂറിക് ആസിഡ് ഈ രീതിയില്‍ പുറത്തേക്ക് പോകുന്നതിന്റെ അളവ് കുറയുകയോ ശരീരത്തില്‍ കൂടുതല്‍ യൂറിക് ആസിഡ് ഉണ്ടാകുകയോ ചെയ്യും. ഇങ്ങനെയുണ്ടാകുമ്പോള്‍ യൂറിക് ആസിഡ് ശരീരത്തില്‍ ക്രിസ്റ്റല്‍ പോലെ രൂപപ്പെടും. ഈ ക്രിസ്റ്റലുകള്‍ പ്രത്യേകിച്ച് സന്ധിയടക്കമുള്ള ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിഞ്ഞുകൂടും.

യൂറിക് ആസിഡ് പ്രശ്‌നം കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മാര്‍ക്കാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ അസഹ്യമായ വേദനയുണ്ടാകും. കാലിന്റെ തള്ളവിരലിന്റെ തൊട്ടുതാഴെയായി വീക്കമോ ചുവപ്പുനിറമോ അസഹ്യമായ വേദനയോ ഉണ്ടാകും. ഇതിന് പുറമെ കണങ്കാല്‍, മുട്ട് തുടങ്ങിയയിടങ്ങളിലും യൂറിക് ആസിഡ് കാരണമായുണ്ടാകുന്ന വാതംവരും.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ചിലതരം മാംസാഹാരം കഴിക്കുന്നതിലൂടെ യൂറിക് ആസിഡ് കൂടുതലായി ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടാം. സാധാരണ കശാപ്പ് ചെയ്യുന്ന മൃഗങ്ങളുടെ കരള്‍, തലച്ചോര്‍ തുടങ്ങിയവ നാം വാങ്ങി വേവിച്ച് കഴിക്കാറുണ്ട്. ഇങ്ങനെ കഴിക്കുമ്പോള്‍ യൂറിക് ആസിഡ് കൂടുതലായി ഉത്പാദിപ്പിക്കാം. അയല, മത്തി, നെത്തോലി, ചൂര, ഞണ്ട് തുടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുമ്പോഴും ഈ പ്രശ്നമുണ്ടാകും. ശീതള പാനീയങ്ങള്‍, പഴം ജ്യൂസുകള്‍, മദ്യം, ബേക്കറി ഉത്പന്നങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

കഴിക്കേണ്ട ഭക്ഷണങ്ങള്‍

എല്ലാതരത്തിലുമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കണം. പ്രത്യേകിച്ച് ചെറി പോലുള്ള പഴങ്ങള്‍ യൂറിക് ആസിഡിന്റെ അളവ് കുറക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പയറുവര്‍ഗങ്ങള്‍, നാര് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. മുട്ട കഴിക്കാവുന്നതാണ്.

ആവശ്യമായ ചികിത്സയോ ഭക്ഷണത്തില്‍ മാറ്റമോ വരുത്തിയില്ലെങ്കില്‍ വാതം വര്‍ധിക്കാനും വാതമുള്ള സന്ധിയുടെ ചലനം വേണ്ടവിധത്തില്‍ നടക്കാതെയുമിരിക്കുന്നു. രക്തപരിശോധനയിലൂടെ യൂറിക് ആസിഡ് കണ്ടെത്താം. അടിഞ്ഞുകൂടിയ ക്രിസ്റ്റലുകളെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് ആ ഭാഗത്തിന്റെ എക്‌സ്‌റേ, സി ടി സ്‌കാന്‍ തുടങ്ങിയവയെടുക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.പ്രസൂണ്‍

---- facebook comment plugin here -----

Latest