Kerala
കൊച്ചി കൂട്ടബലാത്സംഗം: അന്വേഷണത്തിനായി പ്രത്യേക സംഘം

കൊച്ചി | കൊച്ചിയില്‍ ഏലൂര്‍ മഞ്ഞുമ്മലില്‍ 14 വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിലെ അന്വേഷണത്തിനായി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസില്‍ ഇതിനകം മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ കൂട്ടുപ്രതികളായ മൂന്ന് പേര്‍ ഉത്തര്‍ പ്രദേശിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ കണ്ടെത്തുന്നതിനായാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. സംഘം ഉടന്‍ യു പിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫര്‍ഷാദ് ഖാന്‍, ഹനീഫ് ഷാ എന്നിവരാണ് പിടിയിലായത്. മറ്റ് മൂന്ന് പ്രതികള്‍ സംസ്ഥാനം വിട്ടതായാണ് വിവരം.
മാര്‍ച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കള്‍ ജോലി സംബന്ധമായി ഡല്‍ഹിയിലായിരുന്നതിനാല്‍ മഞ്ഞുമ്മലിലെ ബന്ധു വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളായ പ്രതികള്‍ താമസിച്ചിരുന്നത് ഈ വീടിന് സമീപമായിരുന്നു. പെണ്‍കുട്ടിയുമായി പരിചയത്തിലായ ശേഷം പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്.
കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. ഇടപ്പള്ളി ടോളിലും കുന്നുംപുറത്തും വച്ച് പീഡനം നടന്നതായും പെണ്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ ഏലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോലീസ് ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് അറിയിച്ചു.