International
അലക്‌സി നവാൽനിയെ വിദഗ്ധ ചികിത്സക്കായി ജർമനിയിലേക്ക് മാറ്റി

മോസ്‌കോ| അബോധാവസ്ഥയിൽ തുടരുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനിയെ ഒടുവിൽ ജർമനിയിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമാണെന്നും ജർമനിയിലേക്ക് കൊണ്ടുപോകുന്നത് ജീവൻ തന്നെ അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടി നേരത്തേ അദ്ദഹത്തെ ജർമനിയിലേക്ക് കൊണ്ടുപോകാനുള്ള നീക്കത്തെ ഡോക്ടർമാർ എതിർത്തിരുന്നു. ഇതോടെ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് അനുയായികൾ യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, പരിശോധനയിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ വിഷാംശം കണ്ടെത്താൻ സാധിച്ചില്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ജർമൻ എൻ ജി ഒയായ സിനിമ ഫോർ പീസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് നവാൽനിയെ ബർലിനിലേക്ക് മാറ്റുന്നത്. നവാൽനിയെ ജർമനിയിലേക്ക് കൊണ്ടുപോകുന്നത് റഷ്യൻ ഭരണകൂടം തടയുകയാണെന്നും സൈബീരിയയിലെ ചികിത്സ അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാക്കുമെന്നും ഭാര്യ കിറാ യാർമിഷ് ആരോപിച്ചിരുന്നു.
റഷ്യൻ പ്രസിഡന്ർറ് വ്ളാദിമിർ പുടിന്റെ കടുത്ത വിമർശകനായ നവാൽനിയെ ചായയിൽ വിഷം നൽകി അപായപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു ആരോപണം.
സൈബീരിയൻ നഗരമായ ടോംസ്‌ക്കിൽനിന്ന് മോസ്‌കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് 44 കാരനായ അലക്‌സി നവാൽനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് വിമാനം അടിയന്തിരമായി ഓസ്‌ക്കിൽ ഇറക്കുകയായിരുന്ന.
വിമാനത്താവളത്തിലെ കഫേയിൽ നിന്ന് കുടിച്ച ചായയിൽ ആരോ വിഷം കലർത്തിയെന്ന് അലക്‌സിയുടെ അനുയായികൾ ആരോപിച്ചു. വിമാനത്തിൽ കയറി മിനിറ്റുകൾക്കുള്ളിലാണ് അദ്ദേഹം അബോധാവസ്ഥയിലാകുന്നത്. അതോടെ വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു.