Connect with us

National

കരസേനയിൽ വ്യാജ ജോലി വാഗ്ദാനം; മുൻ സൈനികൻ അറസ്റ്റിൽ

Published

|

Last Updated

ചണ്ഡിഗഢ് | ലെഫ്റ്റനന്റ് കേണലായി ആൾമാറാട്ടം നടത്തി കരസേനയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ കബളിപ്പിച്ച സൈനികൻ അറസ്റ്റിൽ. കോൺസ്റ്റബിളായി സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ലുധിയാന സ്വദേശി ശോഭരാജ് സിംഗ് എന്ന ഷിവെയാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പക്കൽ നിന്ന് വ്യാജ രേഖകൾ, വ്യാജ ഐ ഡി കാർഡുകൾ, ബാഡ്ജുകൾ, ആർമി ചിഹ്നമുള്ള വ്യാജ നമ്പർ പ്ലേറ്റുകൾ, 32 ബോറെ പിസ്റ്റൾ, എയർ റൈഫിൾ, വെടിയുണ്ടകൾ സൈനിക യൂനിഫോം, ലാപ്‌ടോപ്പ്, ഇന്ത്യയുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ കണ്ടെടുത്തു. തൊഴിൽ രഹിതരായ യുവാക്കൾക്ക് സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് പ്രതിയും കൂട്ടാളികളും ധാരാളം പണം കൈവശപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി.

സിർഹിന്ദിലെ ഫ്‌ളോട്ടിംഗ് റെസ്‌റ്റോറന്റിന് സമീപം വെച്ച് ആർമി ചിഹ്നമുള്ള കാർ പോലീസ് തടയുകയായിരുന്നു. ആർമി യൂനിഫോമിലായിരുന്ന പ്രതിക്ക് ഐഡന്റിറ്റി തെളിയിക്കാനുള്ള രേഖകളൊന്നും കൈവശമുണ്ടായിരുന്നില്ല. വാഹനം പരിശോധിച്ച പോലീസ് വ്യാജ രേഖകൾ കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ 2003ൽ കോൺസ്റ്റബിളായി സൈന്യത്തിൽ ചേർന്ന ഇയാൾ 2014ൽ ആരോഗ്യപരമായ കാരണങ്ങളാൽ വിരമിച്ചെന്നും  കുറ്റം സമതിച്ചതായും പോലീസ് പറഞ്ഞു.