Covid19
തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി: സംസ്ഥാനത്ത് ഇന്ന് ആകെ മരിച്ചത് എട്ടുപേര്‍

തിരുവനന്തപുരം | തിരുവനന്തപുരത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വെട്ടൂര്‍ സ്വദേശി മഹദ് (48) ആണ് മരിച്ചത്. പ്രമേഹ രോഗിയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രാവിലെയായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം എട്ടായി. തിരുവനന്തപുരത്ത് മാത്രം നാലു മരണമാണ് സ്ഥിരീകരിച്ചത്. വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് മറ്റു മരണങ്ങള്‍.
കണ്ണൂരില്‍ കെ കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണന്‍ (78), വയനാട് വാളാട് സ്വദേശി ആലി (73), ആലപ്പുഴ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍ (63), പത്തനംതിട്ട കോന്നി എലിയറക്കല്‍ സ്വദേശി ഷെഹര്‍ബാന്‍ (54), തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി രമാദേവി (68) എന്നിവരാണ് മരിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരനായിരുന്ന കീഴൂര്‍ സ്വദേശി മണികണ്ഠനും (72) മരണപ്പെട്ടു. കഴിഞ്ഞ ദിവസം മരിച്ച പരവൂര്‍ സ്വദേശി കമലമ്മ (85) യുടെ മരണാനന്തരം ലഭിച്ച കൊവിഡ് പരിശോധനാ ഫലവും പോസിറ്റീവാണ്.
ശ്വാസകോശ സംബന്ധമായ അസുഖത്തിന് കൃഷ്ണനെ തിങ്കളാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആലി മരിച്ചത്. കഴിഞ്ഞ മാസം 28 നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഏറെ നാളായി ശ്വാസകോശാര്‍ബുദത്തിന് ചികിത്സയിലായിരുന്നു.
ശനിയാഴ്ച രാത്രിയോടെയാണ് ആലപ്പുഴ സ്വദേശിയായ സദാനന്ദന്‍ മരിച്ചത്. ജൂലൈ അഞ്ചു മുതല്‍ ഇദ്ദേഹം ആലപ്പുഴയിലെ സ്വകാര്യാശുപത്രിയില്‍ ഹൃദയം, കരള്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. പിന്നീട് കൊവിഡ് സ്ഥിരീകരിച്ചതോടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച മരിച്ച തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി രമാദേവി (68) ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കമലമ്മ.